Top

'ബിജെപിക്ക് തൃണമൂലിന്റെ ഷോക്ക്'; പ്രമുഖ നേതാവ് കാലുവാരും, അടിവേരറുക്കുമെന്ന് ഫിര്‍ഹാദ് ഹകീം

പ്രമുഖ ബിജെപി നേതാവായിരുന്ന മുന്‍ മന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ചേര്‍ന്നത് ദിവസങ്ങള്‍ക്കുമുന്‍പാണ്.

23 Sep 2021 4:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിക്ക് തൃണമൂലിന്റെ ഷോക്ക്; പ്രമുഖ നേതാവ് കാലുവാരും, അടിവേരറുക്കുമെന്ന് ഫിര്‍ഹാദ് ഹകീം
X

ബിജെപിയുടെ പ്രമുഖ നേതാവ് ഉടന്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തുമെന്ന് മുതിര്‍ന്ന ടിഎംസി നേതാവ് ഫിര്‍ഹാദ് ഹകീം. ബംഗാളില്‍ ബിജെപി തകര്‍ന്നടിയുമെന്നും തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് അവകാശപ്പെട്ടു. തൃണമൂലിലേക്ക് എത്തുന്ന നേതാവിന്റെ പേര് പുറത്തുവിടാതെ ഹകീം നടത്തിയിരിക്കുന്ന പ്രസ്താവന ബിജെപിക്ക് തലവേദനയായി മാറിയിട്ടുണ്ട്. ബിജെപി നേതാക്കളെ ചാക്കിട്ട് പിടിക്കുന്ന തൃണമൂല്‍ പ്രത്യശാസ്ത്രത്തെക്കുറിച്ചും നൈതികതയും പരശോധിക്കണമെന്ന് ബിജെപി വക്താവ് പ്രതികരിച്ചു.

ബിജെപിയില്‍ നിന്ന് തൃണമൂലിലേക്ക് ചേക്കേറുന്ന എല്ലാ നേതാക്കളുടെയും പ്രവര്‍ത്തന മികവും പൂര്‍വ്വകാലവുമെല്ലാം പാര്‍ട്ടി പരിശോധിക്കുന്നുണ്ട്. വെറുതെ എല്ലാവര്‍ക്കും കേറി വരുന്നതല്ല. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാവും ഇവരുടെ പാര്‍ട്ടി പ്രവേശനം. ഞങ്ങളിപ്പോള്‍ വാതിലടച്ചിരിക്കുകയാണ്, അതിനി തുറന്നിട്ടാല്‍ ബിജെപി നാമാവശേഷമാവുമെന്നും ഫിര്‍ഹാദ് ഹകീം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. തൃണമൂല്‍ ഇല്ലാതാകുമെന്നായിരുന്നു അന്ന് നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവകാശപ്പെട്ടത്. എന്നാല്‍ മമത ബാനര്‍ജി വീണ്ടും അധികാരത്തിലേറിയതോടെ ട്രെന്‍ഡ് മറിച്ചായി. മുകുള്‍ റോയ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ക്ക് ബിജെപിയില്‍ നിന്ന് തിരികെ തൃണമൂലിലേക്ക് എത്തി. പ്രമുഖ ബിജെപി നേതാവായിരുന്ന മുന്‍ മന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ചേര്‍ന്നത് ദിവസങ്ങള്‍ക്കുമുന്‍പാണ്. ബിജെപിയുടെ അടിവേരറുക്കുമെന്നാണ് മമത ബാനര്‍ജിയുടെ പ്രഖ്യാപനം.

Popular Stories

    Next Story