ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ബോംബാക്രമണം: 95 പലസ്തീനികള്‍ കൊല്ലപ്പെട്ടു

സഹായ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണത്തിനായി കാത്തുനിന്ന പലസ്തീനികളും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

dot image

ജെറുസലേം: ഗാസ മുനമ്പിലുടനീളം ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 95 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്‌കൂളുകളില്‍ അഭയം തേടിയവരും ഭക്ഷണമുള്‍പ്പെടെയുളള സഹായം തേടിയിറങ്ങിയവരുമാണ് ഇന്നലെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഏറുന്ന സാഹചര്യത്തിലാണ് ഗാസയിലെ ആക്രമണം ഇസ്രയേൽ കടുപ്പിച്ചിരിക്കുന്നത്.

ഗാസ സിറ്റിയിലും കടല്‍ത്തീരത്തുളള ഒരു കഫേയിലുമാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. ഗാസ സിറ്റിയില്‍ 62 പേരും കഫേയില്‍ 30 പേരുമാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്ന ഒരു അഭയകേന്ദ്രമായിരുന്നു കഫേ. ആയിരക്കണക്കിനു പേര്‍ അഭയം തേടിയ മധ്യ ഗാസയിലെ ദെയ്ര്‍ എല്‍ ബലായിലെ അല്‍ അഖ്‌സ ആശുപത്രിക്ക് മുന്നിലും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി.

തെക്കന്‍ ഗാസയില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുളള ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണത്തിനായി കാത്തുനിന്ന പലസ്തീനികളും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തുന്ന വംശഹത്യയില്‍ 56,531 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1,33,642 പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ WAFA റിപ്പോര്‍ട്ട് ചെയ്തു. 2025 മാര്‍ച്ച് മുതല്‍ 6,203 പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും 21,601 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Israel kills 95 people bombing across gaza

dot image
To advertise here,contact us
dot image