റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ചുമതലയേറ്റ ശേഷമുള്ള റവാഡ ചന്ദ്രശേഖറിൻ്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരാണ്

dot image

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റൺ കൈമാറി. ചുമതലയേറ്റ ശേഷമുള്ള റവാഡ ചന്ദ്രശേഖറിൻ്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരാണ്. തിങ്കാളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്. നേരത്തെ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് സർക്കാർ സമർപ്പിച്ച പട്ടികയിൽ നിന്നും 3 പേർ ഉൾപ്പെടുന്ന ചുരുക്കപ്പട്ടിക യുപിഎസ്‌സി സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. ഈ പട്ടികയിൽ നിന്നാണ് മുഖ്യമന്ത്രി റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്.

കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായിരുന്ന റവാഡ ചന്ദ്രശേഖർ പുതിയ ചുമതലയിൽ നിയോഗിതനായതിന് പിന്നാലെ ഡെപ്യൂട്ടേഷനിൽ നിന്നും വിടുതൽ നേടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രി തന്നെ അദ്ദേഹം കേരളത്തിൽ എത്തിച്ചേർന്നിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ പൊലീസ് ആസ്ഥാനത്തേയ്ക്ക് എത്തിയ എത്തിച്ചേർന്ന പുതിയ പൊലീസ് മേധാവിയ്ക്ക് പൊലീസ് സേന ആദരവോടെയുള്ള വരവേൽപ്പാണ് ഒരുക്കിയത്. താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും ചുമതല ഏറ്റെടുത്ത റവാഡ ചന്ദ്രശേഖർ പിന്നീട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഇതിന് പിന്നാലെ പൊലീസ് സേന ഒരുക്കിയ ഗാർഡ് ഓഫ് ഓണറിൽ സല്യൂട്ട് സ്വീകരിച്ചു.

ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവിയായി എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറി പദവിയിൽ സേവനം അനുഷ്ഠിച്ച് വരവെയാണ് റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്.

ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍. റവാഡയെന്ന കര്‍ഷക കുടുംബത്തില്‍ നിന്നും പൊലീസ് മേധാവി കസേരയിലേക്കെത്തിയ അദ്ദേഹം തലശ്ശേരി എഎസ്പിയായിട്ടാണ് സര്‍വ്വീസ് ജീവിതം ആരംഭിച്ചത്.

കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെ സസ്‌പെന്‍ഷനിലായി. പിന്നീട് കെഎപി കമാന്‍ഡറായാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് വയനാട്, മലപ്പുറം, എറണാകുളം റൂറല്‍, പാലക്കാട് എസ്പിയായും തൃശ്ശൂര്‍, കൊച്ചി റെയ്ഞ്ച് ഡിഐജിയായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരത്ത് കമ്മീഷണറായിരുന്നു. രണ്ട് വര്‍ഷം യുഎന്‍ ഡെപ്യൂട്ടേഷനിലും ഐബിയില്‍ ഡെപ്യൂട്ടേഷന്‍ ലഭിച്ചു. ഐബി സ്‌പെഷ്യല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.

Content Highlights: Ravada Chandrasekhar takes charge as new police chief

dot image
To advertise here,contact us
dot image