'കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല'; പി ജയരാജനെ തള്ളി എം വി ജയരാജന്‍

വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും എം വി ജയരാജന്‍

dot image

കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സര്‍ക്കാര്‍ നിയമിച്ചതില്‍ ന്യായീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ലെന്ന് അദ്ദേഹം പറഞ്ഞു. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂത്തുപറമ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലൊരാളാണ് റവാഡ ചന്ദ്രശേഖരെന്ന സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രതികരണത്തിന് വിഭിന്നമായാണ് എം വി ജയരാജന്‍ പ്രതികരിച്ചത്. സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സര്‍ക്കാര്‍ നിയമിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലെന്നും പി ജയരാജന്‍ പറഞ്ഞിരുന്നു.

നിയമനം വിശദീകരിക്കേണ്ടത് സര്‍ക്കാരാണ്. പട്ടികയിലുള്ള ഒരാളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിച്ചു. നിയമനം വിവാദമാക്കേണ്ടതില്ലെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'അന്ന് കൂത്തുപറമ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ തങ്ങളുടെ മുന്നിലുള്ള പട്ടികയെ അടിസ്ഥാനമാക്കി തീരുമാനം എടുത്തതാണ്. തീരുമാനത്തില്‍ വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്. കൂത്തുപറമ്പ് വെടിവെപ്പിന് മുന്‍പ് നടന്ന സമരത്തില്‍ പങ്കെടുത്ത എം സുകുമാരനെ കസ്റ്റഡിയിലിരിക്കെ ഭീകരമായി തല്ലിച്ചതച്ച കേസില്‍ പ്രതിയായിരുന്നു പട്ടികയില്‍ ഒന്നാമതുള്ള നിതിന്‍ അഗര്‍വാള്‍. എം സുകുമാരന്‍ നല്‍കിയ പരാതിയില്‍ നിതിന്‍ അഗര്‍വാളിനെതിരെ കേസെടുത്തിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം റവാഡയെ നിയമിച്ചത്', എന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.

പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സര്‍ക്കാര്‍ നിയമിച്ചതില്‍ പാര്‍ട്ടി സര്‍ക്കാരിനൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് മറ്റൊരു അഭിപ്രായമില്ല. കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ റവാഡയെ കോടതി ഒഴിവാക്കിയത് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂത്തുപറമ്പ് വെടിവെയ്പ്പിന് നിര്‍ദേശം നല്‍കിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായ റവാഡയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായി പ്രശ്നമാകുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം നേതാക്കളുടെ പ്രതികരണം വരുന്നത്.

Content Highlights: MV Jayarajan Support Kerala government s DGP Ravada s appointment

dot image
To advertise here,contact us
dot image