'ജിയോ ബേബിയെ കേൾക്കില്ലെന്നാണ് തീരുമാനിച്ചത്, പരിപാടി തടയുമെന്ന് പറഞ്ഞിട്ടില്ല'; പി കെ നവാസ്

'ജിയോ ബേബിയെ കേൾക്കില്ലെന്നാണ് തീരുമാനിച്ചത്, പരിപാടി തടയുമെന്ന് പറഞ്ഞിട്ടില്ല'; പി കെ നവാസ്

'അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്'

കോഴിക്കോട്: ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ജിയോ ബേബിയെ ക്ഷണിച്ച പരിപാടി ഒരു മുന്നറിയിപ്പും നൽകാതെ റദ്ദാക്കിയെന്നും കാരണം ചോദിച്ചപ്പോൾ തന്റെ ധാർമ്മിക മൂല്യങ്ങൾ പ്രശ്നമാണെന്ന് കാണിച്ച് കോളേജ് യൂണിയൻ കത്ത് നൽകിയെന്നും ഇത് തന്നെ അപമാനിക്കുന്നതാണെന്നുമായിരുന്നു ജിയോ ബേബി പറഞ്ഞത്. സംഭവം ചർച്ചയായതോടെയാണ് പി കെ നവാസ് സോഷ്യൽ മീഡിയയിലൂടെ പ്രതികരണമറിയിച്ചത്.

ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്, വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ് എന്നൊക്കെ പറയുന്ന ഒരാളെ കേൾക്കില്ല എന്നാണ് ഫറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത് എന്നും അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്നും പി കെ നവാസ് പറഞ്ഞു. കോളേജ് യൂണിയൻ അല്ല ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചതെന്നും പി കെ നവാസ് പോസ്റ്റിൽ കുറിച്ചു.

പി കെ നവാസിന്റെ പോസ്റ്റിന്റെ പൂർണ രൂപം

"ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്", "വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്", "കുടുംബം ഒരു മോശം സ്ഥലമാണ്", "എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്" (ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)

ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്. തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്. കൂട്ടിച്ചേർക്കൽ:- ക്ഷണിച്ചത് യൂണിയനല്ല.

പരിപാടി റദ്ദാക്കിയതിനെ കുറിച്ചുള്ള തന്‍റെ ചോദ്യങ്ങള്‍ക്ക് ഫാറൂഖ് കോളേജ് മാനേജ്മെന്‍റ് മറുപടി നല്‍കിയിട്ടില്ലെന്നാണ് ജിയോ ബേബി ഇന്നലെ പറഞ്ഞത്. വിഷയത്തില്‍ താന്‍ അപമാനിതനാണെന്നും നിയമ പരമായി ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യവുമായി എസ്എഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോളേജിന് മുന്നില്‍ എസ്എഫ്ഐ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com