
മികച്ച പ്രേക്ഷക പ്രതികരണവും നിറഞ്ഞ സദസ്സുമായി കാതൽ തിയേറ്റുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത സിനിമ പ്രമേയത്തിന്റെ ആഴവും അവതരണ മികവും കൊണ്ട് പ്രേക്ഷകരുടെ പ്രശംസ നേടിയിരിക്കുകയാണ്. ഇപ്പോഴിതാ കാതലിനെക്കുറിച്ചുള്ള ജ്യോതികയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
'ചില സിനിമകൾ ശരിയായ കാര്യങ്ങൾക്ക് വേണ്ടി, ശുദ്ധമായ ഉദ്ദേശത്തോടെ, സിനിമയോടുള്ള സ്നേഹത്താലാണ് ഒരുക്കുന്നത്. കാതൽ ദി കോറും അത്തരമൊരു സിനിമയാണ്. ഈ ആശയത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് പ്രേക്ഷകർക്ക് നന്ദി. നല്ല സിനിമകളോടുള്ള നിങ്ങളുടെ സ്നേഹം, സിനിമ എന്ന കലയെ മികവുറ്റതാക്കും,' ജ്യോതിക കുറിച്ചു.
'ചാന്തുപൊട്ട്'അല്ല, മലയാള സിനിമയുടെ 'കാതൽ'; മലയാള സിനിമാ വഴിയിലെ 'കാതല്' തിരുത്ത്'റിയൽ ലൈഫ് ഹീറോയായ മമ്മൂട്ടി സാറിന് ഒരു ബിഗ് സല്യൂട്ട്' എന്ന് കുറിച്ച ജ്യോതിക ജിയോ ബേബിക്കും സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കും നന്ദി പറയുകയും ചെയ്തു. ഓമനയും മാത്യുവും എന്നും തന്റെ ഹൃദയത്തിന്റെ കാതലിൽ ജീവിക്കുമെന്നും ജ്യോതിക കൂട്ടിച്ചേർത്തു.
മമ്മൂട്ടി മാത്യു ദേവസ്സി എന്ന കഥാപാത്രമായെത്തിയ സിനിമയിൽ ജ്യോതിക ഓമന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന മലയാളം സിനിമ കൂടിയാണ് കാതൽ. സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്.