
ഡൽഹി: ലോക പ്രശസ്ത സംഗീത ബാൻഡായിരുന്ന 'ബീറ്റിൽസി'ന്റെ വിഖ്യാത ഗായകൻ ജോൺ ലെനൻ ''അവിശ്വസനീയ സൗന്ദര്യം'' എന്ന് വിശേഷിപ്പിച്ച ഋഷികേശിലെ 'ചൗരാസികുടിയ' എന്ന ആശ്രമം സർക്കാർ പുനരുദ്ധരിക്കുന്നു. 1960-കളിൽ ലോക സംഗീത പ്രേമികൾ ഏറ്റുപാടിയ വൈറ്റ് ആൽബത്തിലെ 30 പാട്ടുകളിൽ 19 എണ്ണവും ബീറ്റിൽസ് രചിച്ചത് ആ ആശ്രമത്തിൽ നിന്നാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ കൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് പുനരുദ്ധാരണ പദ്ധതിക്ക് ഉത്തരാഖണ്ഡ് സർക്കാർ തുടക്കമിടുന്നത്. ഇതിനായി ഒരു സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഹർഷി മഹേഷ് യോഗി ഋഷികേശിലെ ഗംഗാതീരത്താണ് ആഡംബര ആശ്രമമായ ചൗരാസി നിർമ്മിച്ചത്. 84 കുടിലുകളാണ് ഇവിടെയുള്ളത്. പിന്നീട് ചൗരാസിയെ 'ബീറ്റിൽസ് ആശ്രമം' എന്ന് അറിയപ്പെടുകയായിരുന്നു.
1968 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ധ്യാനപരിശീലനത്തിനെത്തിയ ബീറ്റിൽസ് കലാകാരന്മാർക്കായി ആശ്രമത്തിൽ അന്ന് ലഭ്യമായിരുന്ന ആധുനിക സൗകര്യങ്ങളടങ്ങിയ നാല് വീടുകൾ നിർമ്മിച്ചിരുന്നു. ജോൺ ലെനൻ, പോൾ മക്കാർട്ടനി, ജോർജ് ഹാരിസൺ, പാറ്റി ബോയ്സ്, സിൻതിയ ലെനൻ, മിയാ ഫോറോ, മൈക്ക് ലവ് തുടങ്ങിയ താരങ്ങളാണ് ഋഷികേശിൽ പരിശീലനത്തിനെത്തിയത്. കാടിന്റെ മനോഹാരിതയ്ക്ക് നടുവിൽ താമസിച്ച സംഘം വൈറ്റ് ആൽബത്തിലെ മദർ നേച്ചേഴ്സ് സൺ, റെവലൂഷൻ-1 തുടങ്ങി 19 ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയത്.
ഉത്തർ പ്രദേശ് സർക്കാരിൽ നിന്ന് 1961-ൽ പാട്ടത്തിനെടുത്ത ഭൂമിയിലാണ് മഹേഷ് ആശ്രമം നിർമ്മിച്ചത്. വനത്തിന് നടുവിൽ 14 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ആശ്രമം പിന്നീട് ഇന്റർനാഷണൽ അക്കാദമി ഓഫ് മെഡിറ്റേഷൻ എന്ന് പേരുമാറ്റിയിരുന്നു. ആധുനിക സൗകര്യങ്ങളുള്ള വലിയ ബംഗ്ലാവുകളും ധ്യാനഗുഹകളും അക്കാലത്ത് വാർത്തകളിലും വിമർശനങ്ങളിലും ഇടം നേടിയിരുന്നു. 1970-ഓടെയാണ് മഹേഷ് യോഗി ആശ്രമം ഉപേക്ഷിക്കുന്നത്. പിന്നീട് രാജാജി കടുവ സങ്കേതത്തിന്റെ പേരിൽ സർക്കാർ ഇത് ഏറ്റെടുത്തു. ഉപയോഗമില്ലാതെ കാടായി മാറിയ ആശ്രമം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത് 2015-ലാണ്.
അതേസമയം, അരനൂറ്റാണ്ടിന് ശേഷം ബീറ്റിൽസിന്റെ അവസാന ഗാനം റിലീസിനൊരുങ്ങുകയാണ്. ജോൺ ലെനന്റെ 1970-കളിലെ ഡെമോ റെക്കോർഡിങ്ങിനെ അടിസ്ഥാനമാക്കി ഒരുക്കിയ നൗ ആൻഡ് ദെൻ ആണ് റിലീസിനെത്തുന്നത്. നവംബർ രണ്ടിനാണ് ആൽബം പുറത്തിറങ്ങുക.