ദി ഐക്കോണിക് കോമ്പോ ഈസ് ബാക്ക്; ജോഷി ചിത്രത്തിൽ മോഹൻലാൽ, ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കും

ലൈലാ ഓ ലൈലയാണ് അവസാനമെത്തിയ ജോഷി-മോഹൻലാൽ ചിത്രം

dot image

ഹിറ്റുകളും മെഗാ ഹിറ്റുകളും സമ്മാനിച്ച മോഹന്ലാല്-ജോഷി കോമ്പിനേഷന് വീണ്ടും ഒന്നിക്കുന്നു. ചെമ്പൻ വിനോദ് സിനിമയ്ക്ക് തിരക്കഥയൊരുക്കും. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.

'ജനുവരി ഒരു ഓര്മ്മ' എന്ന സൂപ്പര് ഹിറ്റ് ചിത്രമാണ് മോഹല്ലാല്-ജോഷി കൂട്ടുകെട്ടിൽ ആദ്യത്തേത്. പിന്നീടിങ്ങോട്ട് ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് പിറന്നത്. 'നാടുവാഴികള്', 'നമ്പര് 20 മദ്രാസ് മെയില്', 'പ്രജ', 'മാമ്പഴക്കാലം', 'നരന്', 'ട്വന്റി 20', 'ക്രിസ്ത്യന് ബ്രദേഴ്സ്', 'റണ് ബേബി റണ്', 'ലോക്പാല്', 'ലൈല ഓ ലൈല' എന്നിവയാണ് മോഹല്ലാല്-ജോഷി കോമ്പോയിലെ മറ്റ് ചിത്രങ്ങള്.

2015ൽ റിലീസ് ചെയ്ത 'ലൈലാ ഓ ലൈല'യാണ് അവസാനമെത്തിയ ജോഷി-മോഹൻലാൽ ചിത്രം. 'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാൽ നായകനാകുന്ന ജോഷി ചിത്രം ചർച്ചയിൽ ഉണ്ടായിരുന്നെങ്കിലും നടക്കാതെ പോകുകയായിരുന്നു.

ജീത്തു ജോസഫിനൊപ്പം 'നേര്' സിനിമയുടെ ചിത്രീകരണത്തിലാണ് മോഹൻലാൽ ഇപ്പോൾ. മോഹൻലാൽ-പ്രിയദർശൻ കോമ്പോയും ആവർത്തിക്കാനൊരുങ്ങുകയാണ്. 'ഹരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഗായകൻ എം ജി ശ്രീകുമാറാണ് അടുത്തിടെ വ്യക്തമാക്കിയത്. വിനീത് ശ്രീനിവാസനാണ് തിരക്കഥ. എമ്പുരാൻ ചിത്രീകരണവും ഉടൻ ആരംഭിക്കും.

തമിഴ് ചിത്രം 'ജയിലറി'ൽ കാമിയോ റോളിലെത്തിയ മോഹൻലാലിന് വലിയ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ', 'ബറോസ്' എന്നിവയാണ് ഉടൻ റിലീസിനെത്തുന്ന മോഹൻലാൽ ചിത്രങ്ങൾ. ബറോസ് ക്രിസ്മസ് റിലീസായി ഡിസംബർ 21ന് എത്തുമെന്നാണ് മോഹൻലാൽ അറിയിച്ചത്. ഡിസംബർ 22ന് 'മലൈക്കോട്ടൈ വാലിബനാ'യി തയ്യാറെടുക്കാൻ നിർമ്മാതാക്കൾ തിയേറ്ററുകൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

'പൊറിഞ്ചു മറിയം ജോസി'നു ശേഷം ജോജു ജോർജിനെ നായകനാക്കിയ ‘ആന്റണി'യാണ് ഷൂട്ടിങ് പൂർത്തിയായ ജോഷി ചിത്രം.

dot image
To advertise here,contact us
dot image