
മലയാള സിനിമയിൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. സംവിധായകന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'നുണക്കുഴി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പ്രഖ്യാപനം. ബേസിൽ ജോസഫാണ് നായകൻ.
'കൂമൻ', 'ട്വൽത് മാൻ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ കെ ആർ കൃഷ്ണകുമാറാണ് 'നുണക്കുഴി'യുടെയും തിരക്കഥ. ഡാർക്ക് ഹ്യൂമർ ഴോണറിലുള്ളതാണ് ചിത്രം.
നിലവിൽ മോഹൻലാലിനെ നായകനാക്കി 'നേര്' ഒരുക്കുകയാണ് ജീത്തു ജോസഫ്. മോഹൻലാൽ ചിത്രം 'റാമി'ന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല. നേര് പൂർത്തിയായാൽ ഉടൻ ബേസിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
ഗ്രേസ് ആന്റണിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സരീഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേർന്നാണ് നിർമ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാണ്.