5 മിനിറ്റിൽ ലോൺ; രേഖകൾ ഒന്നും വേണ്ട; 50,000 രൂപവരെ വായ്പ;ആകർഷകമായ വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതി തിരിച്ചറിയാം

പെട്ടെന്ന് പണം ലഭിക്കുമെന്ന വാഗ്ദാനവുമായി എത്തുന്ന എല്ലാ ലോൺ ആപ്പുകളെയും വിശ്വസിക്കാനാവില്ല. മറഞ്ഞിരിക്കുന്ന ചാർജുകൾ മുതൽ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചുള്ള ഭീഷണികൾ വരെ ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലുണ്ടാകാം. മൊബൈൽ ഫോണിൽ ഒരു ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

5 മിനിറ്റിൽ ലോൺ; രേഖകൾ ഒന്നും വേണ്ട; 50,000 രൂപവരെ വായ്പ;ആകർഷകമായ വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതി തിരിച്ചറിയാം
dot image

അപ്രതീക്ഷിതമായി പണം ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്ന വാഗ്ദാനം പലര്‍ക്കും ആശ്വാസമാണ്. ബാങ്കില്‍ പോകേണ്ടതില്ല, അധികം രേഖകള്‍ നല്‍കേണ്ടതില്ല, മിനിറ്റുകള്‍ക്കുള്ളില്‍ പണം അക്കൗണ്ടിലെത്തും… ഇത്തരത്തിലുള്ള പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മൊബൈല്‍ ഫോണുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ക്കു പിന്നില്‍ സാമ്പത്തിക തട്ടിപ്പിന്റെ സാധ്യതയുണ്ടെന്ന കാര്യം മറക്കരുത്. വായ്പ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സംശയകരമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ പണം നഷ്ടപ്പെടുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങളും അപകടത്തിലായേക്കാം.

എങ്ങനെയാണ് വ്യാജ ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനരീതി?

യഥാര്‍ഥ ബാങ്കുകളുടെയോ ധനകാര്യ സ്ഥാപനങ്ങളുടെയോ പേരിനോട് സാമ്യമുള്ള പേരുകളും ലോഗോകളും ഉപയോഗിച്ചാണ് ചില തട്ടിപ്പ് ആപ്പുകള്‍ ആളുകളുടെ വിശ്വാസം നേടുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങള്‍, എസ്എംഎസ്, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്നിവ വഴിയും ഇത്തരം വാഗ്ദാനങ്ങള്‍ എത്താം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയവ നല്‍കാന്‍ ആവശ്യപ്പെട്ടേക്കാം. ചില ആപ്പുകള്‍ കോണ്‍ടാക്ട് ലിസ്റ്റ്, ഫോട്ടോ ഗാലറി, കോള്‍ വിവരങ്ങള്‍ എന്നിവയിലേക്കുള്ള അനുമതിയും ചോദിക്കും.
ആവശ്യമില്ലാത്ത അനുമതികള്‍ നല്‍കുന്നതിലൂടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ആപ്പ് ആവശ്യപ്പെടുന്ന എല്ലാ അനുമതികള്‍ക്കും സമ്മതം നല്‍കുന്നതിന് മുമ്പ് അവയുടെ ആവശ്യകത പരിശോധിക്കണം.

 attractive promises of loan apps

ലോണ്‍ കിട്ടുന്നതിന് മുമ്പ് പണം ചോദിച്ചാല്‍ ശ്രദ്ധിക്കണം

വായ്പ അനുവദിക്കാനുള്ള പ്രോസസിങ് ഫീസ്, രജിസ്‌ട്രേഷന്‍ ചാര്‍ജ്, മറ്റ് സേവനനിരക്കുകള്‍ തുടങ്ങിയ പേരുകളില്‍ മുന്‍കൂറായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം. തുക അടച്ചാല്‍ ഉടന്‍ വായ്പ ലഭിക്കുമെന്ന ഉറപ്പുനല്‍കിയേക്കാം. എന്നാല്‍ പണം നല്‍കിയിട്ടും വായ്പ ലഭിക്കാതിരിക്കുകയോ കൂടുതല്‍ പണം ആവശ്യപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകാം. എല്ലാ ഫീസുകളും തട്ടിപ്പിന്റെ തെളിവാണെന്ന് പറയാനാവില്ല. എന്നാല്‍ പണം നല്‍കുന്നതിന് മുമ്പ് വായ്പാദാതാവിന്റെ വിശ്വാസ്യതയും ഫീസുകളുടെ വിശദാംശങ്ങളും ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഉറപ്പുവരുത്തണം. അപരിചിതരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതും സംശയകരമായ ലിങ്കുകളിലൂടെ പണമടയ്ക്കുന്നതും ഒഴിവാക്കുക.

ചെറിയ വായ്പ നല്‍കി വലിയ തുക തിരിച്ചടയ്ക്കാന്‍ സമ്മര്‍ദം

ചില തട്ടിപ്പ് രീതികളില്‍ ചെറിയൊരു തുക അക്കൗണ്ടിലേക്ക് അയച്ചശേഷം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടാം. വായ്പയുടെ നിബന്ധനകള്‍ വ്യക്തമാക്കാതെയോ മറച്ചുവെച്ച ചാര്‍ജുകള്‍ ഉള്‍പ്പെടുത്തിയോ ഉപയോക്താക്കളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കാനും സാധ്യതയുണ്ട്. തിരിച്ചടവിന് വളരെ കുറഞ്ഞ സമയം മാത്രം അനുവദിക്കുക, അമിതമായ പലിശയോ പിഴയോ ആവശ്യപ്പെടുക, നിരന്തരം ഫോണ്‍ വിളിച്ച് സമ്മര്‍ദം ചെലുത്തുക തുടങ്ങിയവയും ശ്രദ്ധിക്കേണ്ട സൂചനകളാണ്. വായ്പ സ്വീകരിക്കുന്നതിന് മുമ്പ് പലിശനിരക്ക്, തിരിച്ചടയ്‌ക്കേണ്ട ആകെ തുക, കാലാവധി, മറ്റ് ചാര്‍ജുകള്‍ എന്നിവ മനസ്സിലാക്കുക. നിബന്ധനകള്‍ വ്യക്തമായില്ലെങ്കില്‍ വായ്പ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതം.

 attractive promises of loan apps

കോണ്‍ടാക്ട് ലിസ്റ്റ് ഉപയോഗിച്ച് ഭീഷണിപ്പെടുത്താം

വ്യാജ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട മറ്റൊരു ഗുരുതരമായ അപകടസാധ്യത സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗമാണ്. ഫോണിലെ കോണ്‍ടാക്ടുകളും ഫോട്ടോകളും കൈക്കലാക്കുന്ന ചില തട്ടിപ്പുകാര്‍ പണത്തിന്റെ തിരിച്ചടവ് വൈകുമ്പോള്‍ കടം വാങ്ങിയ വ്യക്തിയെ ഭീഷണിപ്പെടുത്താന്‍ ഇവ ഉപയോഗിച്ചേക്കാം. മാത്രമല്ല സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് അപമാനിക്കുമെന്നോ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നോ പറഞ്ഞ് പണം ആവശ്യപ്പെടുന്ന സംഭവങ്ങളുമുണ്ടാകാം.
ഇത്തരം ഭീഷണികള്‍ നേരിട്ടാല്‍ ഭയന്ന് വീണ്ടും പണം നല്‍കുന്നതിന് പകരം ഫോണ്‍ നമ്പറുകള്‍, സന്ദേശങ്ങള്‍, പണമിടപാട് രേഖകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ തെളിവായി സൂക്ഷിക്കുക. ബാങ്കിനെയും സൈബര്‍ ക്രൈം അധികൃതരെയും സമീപിക്കുകയും ചെയ്യാം.

വ്യാജ ലോണ്‍ ആപ്പുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന അഞ്ച് കാര്യങ്ങള്‍

സ്ഥാപനത്തിന്റെ വിശ്വാസ്യത പരിശോധിക്കുക

വായ്പ നല്‍കുന്ന ബാങ്കിന്റെയോ നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനിയുടെയോ (NBFC) വിവരങ്ങള്‍ പരിശോധിക്കുക. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉള്‍പ്പെടെയുള്ള വിശ്വസനീയ സ്രോതസ്സുകളിലൂടെ സ്ഥാപനത്തിന്റെ നിയമസാധുതയും വായ്പാദാതാവിന്റെ വിവരങ്ങളും ഉറപ്പാക്കണം.

അമിത വാഗ്ദാനങ്ങളില്‍ വീഴരുത്

സിബില്‍ സ്‌കോര്‍ പരിശോധിക്കില്ല, രേഖകളൊന്നും ആവശ്യമില്ല, എല്ലാവര്‍ക്കും ഉടന്‍ വായ്പ തുടങ്ങിയ വാഗ്ദാനങ്ങള്‍ മാത്രം വിശ്വസിക്കരുത്. വായ്പ അനുവദിക്കുന്നതിന് മുമ്പ് സ്ഥാപനങ്ങള്‍ സാധാരണയായി അപേക്ഷകന്റെ യോഗ്യതയും തിരിച്ചടവിനുള്ള ശേഷിയും വിലയിരുത്താറുണ്ട്.

അനാവശ്യ അനുമതികള്‍ അനുവദിക്കരുത്

ഫോണിലെ കോണ്‍ടാക്ടുകള്‍, ഫോട്ടോകള്‍, സന്ദേശങ്ങള്‍ തുടങ്ങിയവയിലേക്ക് പ്രവേശനം ആവശ്യപ്പെടുന്ന ആപ്പുകളോട് ജാഗ്രത പാലിക്കുക. ആപ്പിന്റെ പ്രവര്‍ത്തനത്തിന് അനാവശ്യമായ അനുമതികള്‍ നല്‍കാതിരിക്കുക.

മെസേജ് വഴി ലഭിക്കുന്ന ലിങ്കുകള്‍ വഴി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്

എസ്എംഎസ്, വാട്‌സ്ആപ്പ്, സോഷ്യല്‍ മീഡിയ എന്നിവ വഴി ലഭിക്കുന്ന അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. ഔദ്യോഗിക ആപ്പ് സ്റ്റോറുകള്‍ ഉപയോഗിക്കുന്നതോടൊപ്പം വായ്പാദാതാവിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും ആപ്പിന്റെ വിശ്വാസ്യത പരിശോധിക്കുക.

റേറ്റിങ്ങും കമന്റുകളും മാത്രം ആശ്രയിക്കരുത്

ആപ്പ് സ്റ്റോറിലെ ഉയര്‍ന്ന റേറ്റിങ് വിശ്വാസ്യതയുടെ അന്തിമ തെളിവല്ല. ഉപയോക്താക്കളുടെ പരാതികളും ആപ്പിന് പിന്നിലുള്ള സ്ഥാപനത്തിന്റെ വിവരങ്ങളും വായ്പാ നിബന്ധനകളും പ്രത്യേകം പരിശോധിക്കണം.

 attractive promises of loan apps

തട്ടിപ്പില്‍പ്പെട്ടാല്‍ ഉടന്‍ ചെയ്യേണ്ടത്

  • വ്യാജ ലോണ്‍ ആപ്പ് വഴി പണം നഷ്ടപ്പെട്ടാല്‍ സമയം കളയാതെ നടപടിയെടുക്കണം.
  • പണം കൈമാറിയ ബാങ്കിനെയോ സാമ്പത്തിക സ്ഥാപനത്തെയോ ഉടന്‍ ബന്ധപ്പെടുക
  • ഇന്ത്യയിലെ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഹെല്‍പ്ലൈന്‍ നമ്പറായ 1930 ല്‍ വിളിക്കുക
  • cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി നല്‍കുക
  • പണമിടപാട് വിവരങ്ങള്‍, സന്ദേശങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ആപ്പിന്റെ വിവരങ്ങള്‍ എന്നിവ തെളിവായി സൂക്ഷിക്കുക
  • ആപ്പിന് നല്‍കിയ അനുമതികള്‍ പിന്‍വലിക്കുകയും സംശയകരമായ ആപ്പ് നീക്കം ചെയ്യുകയും ചെയ്യുക
  • ബാങ്ക് വിവരങ്ങളോ പാസ്വേഡുകളോ പങ്കുവെച്ചിട്ടുണ്ടെങ്കില്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ ഉടന്‍ സ്വീകരിക്കുക
  • പണം നഷ്ടപ്പെട്ടാല്‍ അത് തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലെങ്കിലും എത്രയും വേഗം പരാതി നല്‍കുന്നത് നിര്‍ണായകമാണ്

Content Highlights : Learn what to keep in mind before installing a loan app on your mobile phone. Discover the traps hidden behind the attractive promises made by these loan apps

dot image
To advertise here,contact us
dot image