

വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ളനിരക്ക് കാരണം ഉംറ തീര്‍ത്ഥാടകരും ഗള്‍ഫ് യാത്രക്കാരും കടുത്ത ദുരിതത്തിലാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (IUML) ദേശീയ വൈസ് പ്രസിഡന്റ് കെ സൈനുല്‍ ആബിദീന്‍. തീര്‍ത്തും പ്രതിഷേധാര്‍ഹവും ദൗര്‍ഭാഗ്യകരവുമായ സാഹചര്യത്തിലൂടെയാണ് നിലവില്‍ യാത്രക്കാര്‍ കടന്നുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിസിസി രാജ്യങ്ങളിലെ ജിയോപൊളിറ്റിക്കല്‍ സാഹചര്യങ്ങളെ തുടര്‍ന്ന് സൗദി അറേബ്യന്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ തടസ്സപ്പെടുകയോ ചെയ്യുന്ന അടിയന്തര സാഹചര്യം ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ സുരക്ഷാ അനിശ്ചിതത്വത്തെയും യാത്രക്കാരുടെ അടിയന്തര ആവശ്യങ്ങളെയും അവസരമാക്കി മാറ്റി വിമാനക്കമ്പനികള്‍ ചൂഷണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ നിന്ന് സൗദിയിലേക്ക് ഉംറയ്ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി പോകുന്ന സാധാരണക്കാരായ പ്രവാസികളെയും തീര്‍ത്ഥാടകരെയും പിഴിഞ്ഞെടുക്കുന്ന സമീപനമാണ് എയര്‍ലൈനുകള്‍ സ്വീകരിക്കുന്നത്. സാധാരണ സമയങ്ങളിലെ നിരക്കിന്റെ പലമടങ്ങ് തുകയാണ് ഇപ്പോള്‍ ചില കമ്പനികള്‍ ഈടാക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴോ വിമാനങ്ങള്‍ റദ്ദാക്കപ്പെടുമ്പോഴോ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് അങ്ങേയറ്റം അനീതിയാണെന്നും സൈനുല്‍ ആബിദീന്‍ ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് വിശ്വാസികളുടെ ഉംറ തീര്‍ത്ഥാടനത്തെയും പ്രവാസികളുടെ തൊഴില്‍-കുടുംബ യാത്രകളെയും ഈ ചൂഷണം ഗുരുതരമായി ബാധിക്കുന്നുണ്ട്. വിമാനക്കമ്പനികളുടെ ഇത്തരം കൊള്ളനിരക്കിനെതിരെ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് അധികാരികളും അടിയന്തരമായി ശക്തമായി ഇടപെടണമെന്നും കെ സൈനുല്‍ ആബിദീന്‍ ആവശ്യപ്പെട്ടു.
Content Highlights: Indian Union Muslim League (IUML) national vice president K Zainul Abideen has raised concerns over the high airfares charged by airlines