

വഡോദര: ലോക്‌സഭാ എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താന്റെ വര്‍ഷങ്ങള്‍ നീണ്ട ഭൂമി തര്‍ക്കത്തിന് പരിഹാരം. വഡോദരയിലെ തണ്ടല്‍ജ പ്രദേശത്തെ 978 ചതുരശ്ര മീറ്റര്‍ ഭൂമി യൂസഫ് പത്താന് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി പത്താന്‍ പാട്ടത്തിന് ആവശ്യപ്പെട്ട ഭൂമി സര്‍ക്കാര്‍ അനുവദിച്ചത് സൗജന്യമായാണ്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് എന്‍ഡിഎയില്‍ ചേക്കേറി മാസങ്ങകൾ മാത്രമാകുമ്പോഴാണ് നടപടിയുണ്ടായിരിക്കുന്നത്. ക്രിക്കറ്റ് താരം എന്ന നിലയില്‍ 500 ചതുരശ്ര മീറ്റര്‍ ഭൂമി സൗജന്യമായും, ബാക്കി സ്ഥലം വില കുറച്ചും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ഭൂമി പത്താന് വിട്ടുകൊടുക്കാനാകില്ല എന്നായിരുന്നു ഇതുവരെ ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട്.
2012-ൽ പത്താൻ തന്റെ കുടുംബ വസതിയോട് ചേർന്നുള്ള സ്ഥലം 99 വർഷത്തെ പാട്ടത്തിന് ആവശ്യപ്പെട്ടപ്പോഴാണ് വിവാദം ആരംഭിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരം എന്ന നിലയിൽ തന്റെ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയും തൊട്ടടുത്തുള്ള ഭൂമി താമസത്തിന് സൗകര്യപ്രദമാകുമെന്നും അദ്ദേഹം അപേക്ഷയിൽ പറഞ്ഞിരുന്നു. പ്രാദേശിക ഭരണകൂടം സ്ഥലം കൈമാറാന്‍ ധാരണയിലെത്തിയെങ്കിലും സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ നീക്കം തടയുകയായിരുന്നു. ഇതോടെ ഭൂമി തര്‍ക്കം നീണ്ടു.
2024-ല്‍ യൂസഫ് പത്താന്‍ വീണ്ടും തൃണമൂല്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ചൂണ്ടിക്കാണിച്ച് പത്താന് നോട്ടീസ് നല്‍കി. ഇതിനെതിരെ യൂസഫ് പത്താന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, നിയമപരമായി അവകാശം ലഭിക്കാതെ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കോടതി വിമര്‍ശിക്കുകയായിരുന്നു. കോടതിയില്‍ കേസ് തുടര്‍ന്നാൽ വന്‍ തുക പിഴ ഒടുക്കേണ്ടിവരുമെന്ന് കരുതി ഓഗസ്റ്റ് 31-ന് പത്താന്‍ പിന്നീട് ഹര്‍ജികള്‍ പിന്‍വലിക്കുകയായിരുന്നു.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിനെത്തുടര്‍ന്ന്, 2026 ജൂണ്‍ 14 ന് പത്താനും മറ്റ് ചില ടിഎംസി എംപിമാരും പാര്‍ട്ടി വിട്ടിരുന്നു. നിലവിൽ തർക്കത്തിലുള്ള ഭൂമിയുടെ പകുതിയോളം യൂസഫ് പത്താന് സമ്മാനമായി നൽകാനാണ് സർക്കാർ തീരുമാനം.
Content Highlights:yusuf pathan land dispute resolved after leaving trinamool congress and joining nda