

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ വേഗപ്പന്തുകാരന്‍ ഭുവനേശ്വര്‍ കുമാര്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെ സഹതാരമായ ന്യൂസീലന്‍ഡ് പേസര്‍ ജേക്കബ് ഡഫി അദ്ദേഹത്തെ വാനോളം പ്രശംസിച്ചു. ഭുവനേശ്വര്‍ 'ലോകത്തിലെ ഏറ്റവും വേഗതയേറിയ കളിക്കാരനല്ല, എന്നാല്‍ അസാധാരണമായ ബൗളിംഗ് വൈദഗ്ധ്യമുള്ള താരമാണ്' -ഡഫി പറഞ്ഞു.
ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഒക്ടോബര്‍ 22 മുതല്‍ ആരംഭിക്കുകയാണ്. ക്രൈസ്റ്റ്ചര്‍ച്ചിലാണ് ആദ്യ മത്സരം നടക്കുക. 2022-ല്‍ അഡ്ലെയ്ഡില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 ലോകകപ്പ് സെമിഫൈനലിന് ശേഷം ഭുവനേശ്വറിന്റെ അന്താരാഷ്ട്ര കരിയര്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ 36-കാരനായ ഭുവനേശ്വര്‍ ദേശീയ ടീമിലേക്ക് വീണ്ടും തിരിച്ചുവിളിക്കപ്പെടുകയായിരുന്നു.
ഐപിഎല്‍ 2026-ല്‍ ആര്‍സിബിക്കായി ഭുവനേശ്വറിനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട ഡഫി, പന്ത് സ്വിംഗ് ചെയ്യാനും ശരിയായ ലെങ്തില്‍ എറിയാനും ബാറ്റര്‍മാരുടെ മനസ്സ് വായിക്കാനും വൈവിധ്യങ്ങള്‍ കൊണ്ടുവരാനുമുള്ള ഇന്ത്യന്‍ പേസറുടെ കഴിവിനെ പ്രശംസിച്ചു. ആര്‍സിബിയില്‍ ഭുവനേശ്വറിനൊപ്പം കളിക്കാന്‍ കഴിഞ്ഞത് സന്തോഷകരമായിരുന്നുവെന്നും അദ്ദേഹത്തെ വീണ്ടും ഗ്രൗണ്ടില്‍ കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'അദ്ദേഹം ലോകത്തിലെ ഏറ്റവും വേഗതയേറിയ കളിക്കാരനല്ല, എന്നാല്‍ അസാധാരണമായ ബൗളിംഗ് വൈദഗ്ധ്യമുള്ള ആളാണ്. പന്ത് മനോഹരമായി സ്വിംഗ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും, മികച്ച ലെങ്തിലാണ് പന്തെറിയുന്നത്, ബാറ്റര്‍മാരെ നന്നായി വായിക്കാന്‍ അറിയാം, കൂടാതെ പന്തില്‍ വൈവിധ്യങ്ങള്‍ വരുത്താനുള്ള വലിയ കഴിവുമുണ്ട്. അതിനാല്‍ ടീമിന്റെ ഭാഗത്തുനിന്ന് അദ്ദേഹം എങ്ങനെ കാര്യങ്ങളെ സമീപിക്കുന്നുവെന്ന് കാണുന്നത് വളരെ മികച്ചൊരു അനുഭവമായിരുന്നു. അദ്ദേഹത്തെ വീണ്ടും മൈതാനത്ത് കാണാന്‍ കാത്തിരിക്കുന്നു' -ഒന്നാം ടി20ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഡഫി പറഞ്ഞു.
ഐപിഎല്ലില്‍ ആര്‍സിബിക്കായി തകര്‍പ്പന്‍ തിരിച്ചുവരവാണ് ഭുവനേശ്വര്‍ നടത്തിയത്. 31 മത്സരങ്ങളില്‍ നിന്ന് 22.55 ശരാശരിയിലും 8.52 എക്കോണമി റേറ്റിലും 45 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം 2025, 2026 സീസണുകളില്‍ ആര്‍സിബിയെ ബാക്ക്-ടു-ബാക്ക് കിരീടങ്ങളിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 2026 ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 17.89 ശരാശരിയിലും 7.95 എക്കോണമി റേറ്റിലും 28 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായിരുന്നു ഭുവനേശ്വര്‍. ഐപിഎല്ലിലെയും ഇന്ത്യന്‍ സാഹചര്യങ്ങളിലെയും ബൗളിംഗ് വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞ ഡഫി, 2026 സീസണിലെ ഏറ്റവും മികച്ച രണ്ട് ബൗളര്‍മാര്‍ ഭുവനേശ്വര്‍ കുമാറും കാഗിസോ റബാഡയുമാണെന്നും കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യന്‍ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ട് നിയമവും അവിടുത്തെ പിച്ചുകളും ഗ്രൗണ്ടുകളും കണക്കിലെടുക്കുമ്പോള്‍ ബൗളര്‍മാര്‍ക്ക് പന്തെറിയാന്‍ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമാണത്. ആ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞ രണ്ട് ബൗളര്‍മാര്‍ ഭുവനേശ്വറും റബാഡയുമാണ്' -ഡഫി വ്യക്തമാക്കി.
content highlights: 'Bhuvi is Exceptionally Skillful': New Zealand Pacer Jacob Duffy Praises Bhuvneshwar Kumar