ഒരു ദിവസം 24 മണിക്കൂർ ആകാൻ കാരണം എന്ത്? ഒരു മണിക്കൂറിൽ 60 മിനിറ്റ് വന്നത് എങ്ങനെ?

24 മണിക്കൂറിന് പകരം 20 മണിക്കൂറോ 30 മണിക്കൂറോ ആകാമായിരുന്നില്ലേ? എന്തുകൊണ്ട് 60 മിനിറ്റ്? ഉത്തരം തേടിയാല്‍ എത്തുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിലേക്കാണ്.

ഒരു ദിവസം 24 മണിക്കൂർ ആകാൻ കാരണം എന്ത്? ഒരു മണിക്കൂറിൽ 60 മിനിറ്റ് വന്നത് എങ്ങനെ?
dot image

രാവിലെ ഉണരുന്നതുമുതല്‍ രാത്രി ഉറങ്ങുന്നതുവരെ എല്ലാവരും സമയത്തിന് പിന്നാലെയാണ്. എത്ര മണിയായി?, എത്ര മിനിറ്റ് ബാക്കിയുണ്ട്? എന്നിങ്ങനെ ഒരു ദിവസം എത്ര തവണയാണ് ക്ലോക്കിലേക്ക് നോക്കുന്നതെന്ന് പോലും അറിയില്ല. പക്ഷേ ചിന്തിച്ചുനോക്കൂ. എന്തുകൊണ്ടാണ് ഒരു ദിവസം കൃത്യമായി 24 മണിക്കൂര്‍?.എന്തുകൊണ്ടാണ് ഒരു മണിക്കൂറില്‍ 60 മിനിറ്റ്?.ഒരു മണിക്കൂറിനെ 100 മിനിറ്റായി വിഭജിച്ചാല്‍ എന്തായിരുന്നു പ്രശ്‌നം?.ഇതിന് പിന്നില്‍ ആധുനിക ക്ലോക്കുകളുടെ കഥ മാത്രമല്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മനുഷ്യരുടെ ആകാശനിരീക്ഷണവും ഗണിതശാസ്ത്രവുമാണ് ഇന്നും നമ്മുടെ ക്ലോക്കില്‍ തുടരുന്നത്.

ആദ്യം വന്നത് ക്ലോക്കല്ല സൂര്യനും നിഴലും

ഇന്ന് കൈയിലെ വാച്ചോ ഫോണോ നോക്കിയാല്‍ കൃത്യമായ സമയം അറിയാം. എന്നാല്‍ പുരാതനകാലത്ത് സമയം അറിയാന്‍ മനുഷ്യര്‍ക്ക് ഇത്തരം സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. സൂര്യന്റെ സ്ഥാനം, നിഴലിന്റെ നീളം, രാത്രിയിലെ നക്ഷത്രങ്ങള്‍ എന്നിവയായിരുന്നു പ്രധാന സൂചനകള്‍. പുരാതന ഈജിപ്തുകാര്‍ പകല്‍ സമയത്തെ 12 ഭാഗങ്ങളായി തിരിച്ചിരുന്നു. രാത്രിയും 12 ഭാഗങ്ങളായി കണക്കാക്കിയതോടെ 12 + 12 = 24 എന്ന ആശയം രൂപപ്പെട്ടു. സണ്‍ഡയലുകളും നിഴല്‍ ഉപയോഗിച്ചുള്ള ഉപകരണങ്ങളും പകല്‍ സമയം അളക്കാന്‍ ഉപയോഗിച്ചിരുന്നു. രാത്രിയില്‍ നക്ഷത്രങ്ങളുടെ സ്ഥാനവും നിരീക്ഷിച്ചു.

Why are there 24 hours in a day

എന്നാല്‍ അന്നത്തെ മണിക്കൂര്‍ ഇന്നത്തെ മണിക്കൂര്‍ പോലെയായിരുന്നില്ല.
ഇന്നത്തെ പോലെ 60 മിനിറ്റ് അന്ന് ഉണ്ടായിരുന്നില്ല!

പുരാതന ഈജിപ്തിലെ മണിക്കൂറുകള്‍ എല്ലായ്‌പ്പോഴും ഒരേ ദൈര്‍ഘ്യമുള്ളതായിരുന്നില്ല. വേനല്‍ക്കാലത്തെ പകലിന് ദൈര്‍ഘ്യം കൂടുതലായതിനാല്‍ ശൈത്യകാലത്തേതിനേക്കാള്‍ വ്യത്യാസമുണ്ടാകാമായിരുന്നു. പിന്നീട് ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞര്‍ ദിവസത്തെ 24 തുല്യ ഭാഗങ്ങളായി വിഭജിക്കുന്ന ആശയത്തിന് രൂപം നല്‍കി. ഹിപ്പാര്‍ക്കസ് ക്രി.മു. രണ്ടാം നൂറ്റാണ്ടില്‍ തുല്യ ദൈര്‍ഘ്യമുള്ള മണിക്കൂറുകള്‍ ഉപയോഗിക്കുന്ന രീതിയെ നിര്‍ദേശിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. എന്നാല്‍ ഇന്ന് നമുക്ക് പരിചിതമായ സ്ഥിരദൈര്‍ഘ്യമുള്ള മണിക്കൂറുകള്‍ വ്യാപകമായി പ്രചാരത്തിലായത് പിന്നീട് മെക്കാനിക്കല്‍ ക്ലോക്കുകള്‍ വന്നതോടെയാണ്.

60 മിനിറ്റിന്റെ കഥ

ഒരു മണിക്കൂറില്‍ 60 മിനിറ്റ് എന്നത് കേള്‍ക്കുമ്പോള്‍ വളരെ സ്വാഭാവികമായി തോന്നും. എന്നാല്‍ എന്തുകൊണ്ട് 60 ആയി. 50 അല്ലെങ്കില്‍ 100 ആകാമായിരുന്നില്ലേ?. ഇതേക്കുറിച്ച് അറിയണമെങ്കില്‍ പുരാതന സുമേറിയന്‍-ബാബിലോണിയന്‍ ഗണിതശാസ്ത്രത്തെക്കുറിച്ച് അറിയേണ്ടി വരും. അവര്‍ 60 അടിസ്ഥാനമാക്കിയുള്ള sexagesimal number system ഉപയോഗിച്ചിരുന്നു. പിന്നീട് ഈ രീതിക്ക് ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വലിയ സ്വാധീനം ഉണ്ടായി.

Why are there 24 hours in a day

60 എന്ന സംഖ്യയ്ക്ക് ഒരു പ്രത്യേകതയുണ്ട്

60 തിരഞ്ഞെടുക്കാന്‍ കാരണമായ കൃത്യമായ ചരിത്രകാരണം പൂര്‍ണമായി ഉറപ്പായിട്ടില്ല. എന്നാല്‍ ഗണിതപരമായി 60 വളരെ സൗകര്യപ്രദമായ സംഖ്യയാണ്. 60നെ 2, 3, 4, 5, 6, 10, 12, 15, 20, 30 തുടങ്ങി നിരവധി സംഖ്യകള്‍ കൊണ്ട് കൃത്യമായി വിഭജിക്കാം.അതുകൊണ്ട് ഒരു അളവിനെ പല ഭാഗങ്ങളായി വിഭജിക്കാന്‍ 60 വളരെ ഉപയോഗപ്രദമായിരുന്നു. അതിന്റെ സ്വാധീനം സമയം മാത്രമല്ല, കോണുകളുടെ അളവിലും കാണാം.

Why are there 24 hours in a day

ഒരു പൂര്‍ണ വൃത്തം അഥവാ 360 ഡിഗ്രി

ഇതിലും 60 അടിസ്ഥാനമാക്കിയുള്ള പഴയ ഗണിതരീതിയുടെ സ്വാധീനം കാണാം. ഒരു മണിക്കൂറിന് മാത്രമല്ല, ഒരു മിനിറ്റിനും പഴയ കഥയുണ്ട്. ഒരു മണിക്കൂറിനെ 60 മിനിറ്റായും ഒരു മിനിറ്റിനെ 60 സെക്കന്‍ഡായും വിഭജിക്കുന്ന രീതി പ്രചാരത്തിലായി. ഇന്ന് ഒരു സെക്കന്‍ഡ് എന്നത് വളരെ കൃത്യമായ ശാസ്ത്രീയ നിര്‍വചനമുള്ള അളവാണ്. 1967 മുതല്‍ SI സമ്പ്രദായത്തില്‍ സെക്കന്‍ഡ് സീസിയം 133 ആറ്റവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ആറ്റോമിക് ട്രാന്‍സിഷന്റെ 9,192,631,770 ആവര്‍ത്തനങ്ങളുമായി നിര്‍വചിച്ചിരിക്കുന്നു. അതായത് നമ്മള്‍ ക്ലോക്കില്‍ കാണുന്ന ഒരു ചെറിയ 'സെക്കന്‍ഡിന്' പോലും ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു കഥയുണ്ട്.

പുരാതന ഈജിപ്തുകാരുടെ സൂര്യനിരീക്ഷണം, സുമേറിയന്‍-ബാബിലോണിയന്‍ ഗണിതം, ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞരുടെ ആശയങ്ങള്‍, പിന്നീട് യൂറോപ്പിലെ മെക്കാനിക്കല്‍ ക്ലോക്കുകളുടെ വളര്‍ച്ച-ഇങ്ങനെ പല കാലഘട്ടങ്ങളിലൂടെയുള്ള അറിവുകളുടെ കൂട്ടായ ഫലമാണ് ഇന്നത്തെ സമയത്തിന്റെ കണക്ക്.

Content Highlights :What is the reason for a day having 24 hours? How did an hour come to have 60 minutes? Couldn't it have been 20 or 30 hours instead of 24? Why 60 minutes? Seeking the answer takes us back thousands of years.

dot image
To advertise here,contact us
dot image