സ്വർണം താഴേക്ക് തന്നെ; റെക്കോർഡ് വിലയിൽ നിന്ന് പവന് 21,760 രൂപയുടെ ഇടിവ്

രാജ്യാന്തര വിപണിയിൽ സ്വർണവില തുടർച്ചയായി താഴേക്ക് നീങ്ങുകയാണെങ്കിൽ അതിന്റെ പ്രതിഫലനം കേരളത്തിലെ വിലയിലും ഉണ്ടാകാം

സ്വർണം താഴേക്ക് തന്നെ; റെക്കോർഡ് വിലയിൽ നിന്ന് പവന് 21,760 രൂപയുടെ ഇടിവ്
dot image

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 800 രൂപ കുറഞ്ഞ് 1,09,400 രൂപയിലും ഗ്രാമിന് 100 രൂപയുടെ കുറവോടെ രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ തുടർച്ചയായ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഒക്ടോബർ 2ന് വീണ്ടും 1,10,000 രൂപ നിലവാരത്തിലെത്തിയതിന് പിന്നാലെയാണ് ഇന്ന് വില താഴ്ന്നത്.

അമേരിക്കയിലെ തൊഴിൽ കണക്കുകൾ ദുർബലമായത് മാത്രമല്ല സ്വർണവിലയിലെ മാറ്റത്തിന് കാരണം. സാധാരണയായി തൊഴിൽ മേഖലയിലെ തളർച്ച പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ സ്വർണത്തിന് പിന്തുണ ലഭിക്കാം. എന്നാൽ നിലവിൽ ഡോളറിന്റെ മൂല്യം, യുഎസ് ട്രഷറി ബോണ്ട് യീൽഡ്, പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങളും രാജ്യാന്തര വിപണിയെ സ്വാധീനിക്കുന്നുണ്ട്.

രാജ്യാന്തര വിപണിയിൽ സ്വർണവില തുടർച്ചയായി താഴേക്ക് നീങ്ങുകയാണെങ്കിൽ അതിന്റെ പ്രതിഫലനം കേരളത്തിലെ വിലയിലും ഉണ്ടാകാം. പ്രത്യേകിച്ച് അന്താരാഷ്ട്ര സ്വർണവില 4,000 ഡോളറിന് താഴേക്ക് എത്തിയാൽ ആഭ്യന്തര വിപണിയിൽ കൂടുതൽ വിലക്കുറവിന് സാധ്യതയുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ ട്രോയ് ഔൺസിന് ഏകദേശം 4,140 ഡോളർ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം നടക്കുന്നത്.

ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണ വില സർവകാല റെക്കോർഡിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അന്നത്തെ വില. ഇന്ന് പവൻ വില 1,09,400 രൂപ ആയി താഴ്ന്നു. 9 മാസം ​കൊണ്ട് റെക്കോർഡ് നിരക്കിൽനിന്ന് 21,760 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഒരു ഗ്രാമിന് ഇന്നത്തെ നിരക്കായ 13,675 രൂപ എന്നതനുസരിച്ച് 8 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ അടിസ്ഥാന വില 1,09,400 രൂപ ആണ്. ഇതിന് 3% GST ചേർത്താൽ 3,282 വരും. ഇതിന് പുറമെ ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് മേക്കിങ് ചാർജ് ഈടാക്കും. ഉദാഹരണത്തിന് 10% മേക്കിങ് ചാർജ് കണക്കാക്കിയാൽ 10,940 അധികമായി വരും . അങ്ങനെ ആകെ തുക ഏകദേശം 1,23,622 വരും.എന്നാൽ മേക്കിങ് ചാർജ് ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ചും വ്യത്യാസപ്പെടുന്നതിനാൽ അന്തിമ ബില്ലിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം

Content Highlights: Gold Price Falls Sharply in Kerala: From January Record of ₹1.31 Lakh to ₹1.09 Lakh, What’s Behind the Drop?

dot image
To advertise here,contact us
dot image