ശീതളപാനീയ കുപ്പികളുടെ അടിഭാഗത്തിന് എന്തുകൊണ്ടാണ് ഈ ഷേപ്പ്

ഒരു സാധാരണ വെള്ള കുപ്പിയുടെ അടിഭാഗം പരന്നതാണ്. എന്നാല്‍ ശീതള പാനിയ കുപ്പികളുടെ അടിഭാഗത്ത് 5 ഉയര്‍ന്ന ഭാഗങ്ങള്‍ ഉള്ളതിന് കാരണം എന്താണ്

ശീതളപാനീയ കുപ്പികളുടെ അടിഭാഗത്തിന് എന്തുകൊണ്ടാണ് ഈ ഷേപ്പ്
dot image

കൂള്‍ഡ്രിങ്ക് അഥവാ ശീതള പാനിയങ്ങള്‍ വാങ്ങുമ്പോള്‍ കുപ്പിയുടെ അടിഭാഗം ശ്രദ്ധിച്ചിട്ടുണ്ടോ?. സാധാരണ വെള്ളക്കുപ്പിയുടെ അടിഭാഗം ഏറെക്കുറെ പരന്നതായിരിക്കും. എന്നാല്‍ കൂള്‍ഡ്രിങ്ക് കുപ്പികളുടെ അടിയില്‍ അഞ്ച് പൊങ്ങിയ ഭാഗങ്ങള്‍ കാണാം. എന്തിനാണ് കുപ്പിയുടെ അടിയില്‍ ഇങ്ങനെയൊരു പ്രത്യേക ഡിസൈന്‍?.ഇത് വെറും ഡിസൈന്‍ അല്ല.

കുപ്പിക്കുള്ളില്‍ എന്താണ് സംഭവിക്കുന്നത്?

കൂള്‍ഡ്രിങ്കുകളില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് വാതകം ലയിപ്പിച്ചിട്ടുണ്ടാകും. ഇതാണ് കുപ്പി തുറക്കുമ്പോള്‍ 'ഷ്' എന്ന ശബ്ദത്തോടൊപ്പം ഗ്യാസ് പുറത്തേക്ക് വരാനും പാനീയത്തില്‍ കുമിളകള്‍ ഉണ്ടാകാനും കാരണം. അടച്ചിരിക്കുന്ന കുപ്പിക്കുള്ളില്‍ ഈ വാതകം സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുപ്പിയുടെ രൂപകല്‍പ്പന സാധാരണ വെള്ളക്കുപ്പിയുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കണം.

 bottom of soft drink bottles

അടിഭാഗം പരന്നതായിരുന്നെങ്കില്‍?

കുപ്പിയുടെ അടിഭാഗം പൂര്‍ണമായും പരന്നതായിരുന്നെങ്കില്‍ അകത്തെ സമ്മര്‍ദം കാരണം ആ ഭാഗം പുറത്തേക്ക് വളയാനുള്ള സാധ്യത കൂടുതലാണ്. ഇതോടെ കുപ്പിക്ക് സ്ഥിരത നഷ്ടപ്പെടുകയും കുപ്പി ശരിയായി നില്‍ക്കുന്നതില്‍ പ്രശ്‌നമുണ്ടാകുകയും ചെയ്യാം.

ഇത് ഒഴിവാക്കാനാണ് കുപ്പിയുടെ അടിയില്‍ വളവുകളും പൊങ്ങിയ ഭാഗങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക രൂപം നല്‍കുന്നത്. ഈ രൂപത്തെ സാധാരണയായി 'പെറ്റലോയ്ഡ് (Petaloid) ബേസ്' എന്നാണ് വിളിക്കുന്നത്. പൂവിന്റെ ഇതളുകള്‍ പോലെയുള്ള രൂപമായതിനാലാണ് ഈ പേര്.

എന്തുകൊണ്ടാണ് അഞ്ച് പൊങ്ങിയ ഭാഗങ്ങള്‍?

അടിഭാഗത്തെ ഈ അഞ്ച് 'കാലുകള്‍' പോലുള്ള ഭാഗങ്ങള്‍ കുപ്പിക്ക് ഉറച്ച അടിത്തറ നല്‍കുന്നു. അതോടൊപ്പം കുപ്പിക്കുള്ളിലെ സമ്മര്‍ദം മൂലം അടിഭാഗത്ത് ഉണ്ടാകുന്ന ബലം ഒരിടത്ത് കേന്ദ്രീകരിക്കാതെ രൂപകല്‍പ്പനയിലൂടെ നിയന്ത്രിക്കാനും സഹായിക്കുന്നു. അതിനാല്‍ കുപ്പിക്കുളളില്‍ സമ്മര്‍ദം നേരിട്ടാലും അടിഭാഗം എളുപ്പത്തില്‍ പുറത്തേക്ക് വീര്‍ത്ത് രൂപം മാറാതിരിക്കാനും സ്ഥിരമായി നില്‍ക്കാനും ഈ ഡിസൈന്‍ സഹായിക്കുന്നു.

 bottom of soft drink bottles

വെള്ളക്കുപ്പിയില്‍ ഇതേ ഡിസൈന്‍ കാണാത്തത് എന്തുകൊണ്ട്?

സാധാരണ വെള്ളക്കുപ്പിക്കുള്ളില്‍ കൂള്‍ഡ്രിങ്ക് പോലെ കാര്‍ബണേഷന്‍ മൂലമുള്ള ഉയര്‍ന്ന ആന്തരിക സമ്മര്‍ദമില്ല. അതിനാല്‍ അതേ രീതിയിലുള്ള ശക്തമായ അടിഭാഗം ആവശ്യമായി വരില്ല. അതുകൊണ്ടാണ് പല വെള്ളക്കുപ്പികള്‍ക്കും ലളിതമായ പരന്നതോ ചെറിയ വളവുള്ളതോ ആയ അടിഭാഗം കാണുന്നത്. എന്നാല്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ നിറയ്ക്കുന്ന PET (polyethylene terephthalate) കുപ്പികള്‍ക്ക് കൂടുതല്‍ സമ്മര്‍ദം താങ്ങുന്ന അടിഭാഗം ആവശ്യമാണ്.

 bottom of soft drink bottles

പ്ലാസ്റ്റിക് കുറയ്ക്കാനും സഹായിക്കും

കുപ്പിയുടെ എല്ലാ ഭാഗവും കട്ടിയുള്ള പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിച്ചാല്‍ ഭാരം കൂടും. അതിനുപകരം കുപ്പിയുടെ രൂപകല്‍പ്പന തന്നെ കൂടുതല്‍ ശക്തി നല്‍കുന്ന രീതിയില്‍ മാറ്റുകയാണ് ചെയ്യുന്നത്. പെറ്റലോയ്ഡ് ബേസ് പോലുള്ള രൂപകല്‍പ്പനയിലൂടെ ആവശ്യമായ ശക്തിയും സ്ഥിരതയും നിലനിര്‍ത്തിക്കൊണ്ട് പ്ലാസ്റ്റിക് ഉപയോഗം കാര്യക്ഷമമാക്കാനും സാധിക്കും. PET കുപ്പിയുടെ ഭാരം, മെറ്റീരിയല്‍ വിതരണം, അടിഭാഗത്തിന്റെ രൂപം എന്നിവ പരസ്പരം ബന്ധപ്പെട്ടാണ് രൂപകല്‍പ്പന ചെയ്യുന്നത്. കുപ്പിക്കുള്ളിലെ സമ്മര്‍ദം താങ്ങാനും കുപ്പിയെ സ്ഥിരമായി നിര്‍ത്താനും സഹായിക്കുന്ന ഒരു ചെറിയ എഞ്ചിനീയറിങ് വിദ്യയാണ് ഇതിന് പിന്നില്‍.

Content Highlights :The bottom of an ordinary water bottle is flat. However, what is the reason for the five raised sections at the bottom of soft drink bottles?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image