ഏത് തേപ്പുപെട്ടിയാണ് കറണ്ട് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്; സ്റ്റീം അയണോ ഡ്രൈ അയണോ? അറിയാം

രണ്ട് ഉപകരണങ്ങളും വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ ഉപയോഗിക്കുന്നതാണെങ്കിലും അവ പ്രവര്‍ത്തിക്കുന്ന രീതി വ്യത്യസ്തമാണ്

ഏത് തേപ്പുപെട്ടിയാണ്  കറണ്ട് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്; സ്റ്റീം അയണോ ഡ്രൈ അയണോ? അറിയാം
dot image

വസ്ത്രങ്ങളിലെ ചുളിവുകള്‍ മാറ്റാന്‍ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നു. എന്നാല്‍ പുതിയൊരു ഇസ്തിരിപ്പെട്ടി വാങ്ങാന്‍ ആലോചിക്കുമ്പോള്‍ ഡ്രൈ അയണ്‍ വേണോ, സ്റ്റീം അയണ്‍ വേണോ എന്ന ആശയക്കുഴപ്പം പലര്‍ക്കുമുണ്ടാകും. ഇവ രണ്ടും വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ അവ പ്രവര്‍ത്തിക്കുന്ന രീതി വ്യത്യസ്തമാണ്. സ്റ്റീം അയണ്‍ വാങ്ങുമ്പോള്‍ പലരുടെയും സംശയം ഇതാണ്. നീരാവി ഉണ്ടാക്കുന്നതുകൊണ്ട് ഇത് സാധാരണ ഡ്രൈ അയണിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമോ? വൈദ്യുതി ബില്‍ കുത്തനെ കൂടുമോ? എന്നെല്ലാം.

ഡ്രൈ അയണ്‍ എന്താണ്?

നമ്മള്‍ സാധാരണയായി കാണുന്ന ഇസ്തിരിപ്പെട്ടിയാണ് ഡ്രൈ അയണ്‍ (Dry Iron). വൈദ്യുതി ഓണ്‍ ചെയ്യുമ്പോള്‍ അയണിനുള്ളിലെ ഹീറ്റിംഗ് എലമെന്റ് ചൂടാകും. ഈ ചൂട് താഴെയുള്ള മെറ്റല്‍ പ്ലേറ്റിലേക്ക് എത്തും. ആ ചൂടുള്ള പ്ലേറ്റ് വസ്ത്രത്തിന് മുകളിലൂടെ നീക്കുമ്പോഴാണ് ചുളിവുകള്‍ മാറുന്നത്. അതായത് ചൂട് ഉപയോഗിച്ച് മാത്രം വസ്ത്രം ഇസ്തിരിയിടുന്ന അയണ്‍ ബോക്‌സാണ് ഡ്രൈ അയണ്‍.

Which iron increases the electricity bill

Also Read:

സ്റ്റീം അയണ്‍ എന്താണ്?

പേരുപോലെ തന്നെ ചൂടിനൊപ്പം നീരാവിയും ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടിയാണ് സ്റ്റീം അയണ്‍ (Steam Iron). ഇതില്‍ വെള്ളം നിറയ്ക്കാനുള്ള ചെറിയ ടാങ്കുണ്ടാകും.സ്റ്റിം അയണ്‍ ചൂടാകുമ്പോള്‍ ടാങ്കിലെ വെള്ളം ചൂടാവുകയും നീരാവിയായി മാറുകയും ചെയ്യും. ഈ നീരാവി വസ്ത്രത്തിലേക്ക് എത്തുമ്പോള്‍ തുണിയിലെ നാരുകള്‍ കൂടുതല്‍ എളുപ്പത്തില്‍ മൃദുവാകുകയും ചുളിവുകള്‍ വേഗത്തില്‍ നിവരുകയും ചെയ്യും.
അതിനാല്‍ കട്ടിയുള്ള കോട്ടണ്‍ വസ്ത്രങ്ങളിലോ എളുപ്പത്തില്‍ ചുളിവ് പോകാത്ത വസ്ത്രങ്ങളിലോ സ്റ്റീം അയണ്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും.

Which iron increases the electricity bill

ഇവയില്‍ ഏതാണ് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്?

ഒരു കാര്യം ശ്രദ്ധിക്കേണ്ടത് അയണ്‍ സ്റ്റീം ആണോ ഡ്രൈ ആണോ എന്നതില്‍ മാത്രം തീരുമാനിക്കപ്പെടുന്നില്ല അതുകൊണ്ടുണ്ടാകുന്ന വൈദ്യുതി ഉപഭോഗം എന്നതാണ്. ഉപകരണത്തിന്റെ വാട്ടേജും എത്ര നേരം ഉപയോഗിക്കുന്നു എന്നതുമാണ് പ്രധാനപ്പെട്ടത്.

സാധാരണ ഡ്രൈ അയണുകള്‍ ഏകദേശം 750 വാട്ട് മുതല്‍ 1,000 വാട്ട് വരെയുള്ളവയുണ്ടാകാം. സ്റ്റീം അയണുകളില്‍ പല മോഡലുകളും 1,500 വാട്ട് മുതല്‍ 2,400 വാട്ട് വരെയുള്ളവയാണ്.

അതിനാല്‍ ഒരേ സമയം ഒരേ ദൈര്‍ഘ്യത്തില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കൂടുതല്‍ വാട്ടേജുള്ള സ്റ്റീം അയണ്‍ സാധാരണയായി കൂടുതല്‍ വൈദ്യുതി ഉപയോഗിക്കും.
ഉദാഹരണത്തിന് 1,000 വാട്ട് ഡ്രൈ അയണ്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചാല്‍ ഏകദേശം 1 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും. 2,000 വാട്ട് സ്റ്റീം അയണ്‍ അതേ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഏകദേശം 2 യൂണിറ്റ് വരെ ഉപയോഗിക്കാം.

എന്നാല്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി അയണ്‍ ഉപയോഗിക്കുന്നത് അപൂര്‍വമാണ്. അതുകൊണ്ട് യഥാര്‍ത്ഥ വൈദ്യുതി ഉപഭോഗം നിങ്ങളുടെ ഉപയോഗ സമയത്തെയും അയണിന്റെ ഹീറ്റര്‍ എത്ര നേരം പ്രവര്‍ത്തിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും.

Also Read:

കൂടുതല്‍ വാട്ടേജ് എന്നാല്‍ വൈദ്യുത ബില്‍ കൂടും എന്നാണോ?

സ്റ്റീം അയണിന് വാട്ടേജ് കൂടുതലാണെങ്കിലും അത് വസ്ത്രത്തിലെ ചുളിവുകള്‍ വേഗത്തില്‍ മാറ്റാന്‍ സഹായിക്കും. അതിനാല്‍ ഒരു വസ്ത്രം ഇസ്തിരിയിടാന്‍ വേണ്ട സമയം കുറയാം.
ഉദാഹരണത്തിന് ഒരു വസ്ത്രം തേയ്ക്കാന്‍ ഡ്രൈ അയണ്‍ ഉപയോഗിക്കുമ്പോള്‍ അഞ്ച് മിനിറ്റ് എടുത്താല്‍ അതേ വസ്ത്രം സ്റ്റീം അയണ്‍ ഉപയോഗിച്ച് രണ്ട്-മൂന്ന് മിനിറ്റില്‍ തീര്‍ക്കാന്‍ കഴിഞ്ഞേക്കാം.അതുകൊണ്ട് വാട്ടേജ് മാത്രം നോക്കി ഏതാണ് കൂടുതല്‍ വൈദ്യുതി ചെലവാക്കുന്നതെന്ന് തീരുമാനിക്കരുത്. ഉപയോഗിക്കുന്ന സമയം കൂടി കണക്കിലെടുക്കണം.

വൈദ്യുതി ലാഭിക്കാന്‍ എന്തുചെയ്യാം?

അയണ്‍ ബോക്‌സ് വാങ്ങുമ്പോള്‍ വാട്ടേജ് മാത്രം നോക്കാതെ നിങ്ങളുടെ ഉപയോഗം കൂടി പരിഗണിക്കുക

വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിടുക

ഓരോ വസ്ത്രം ഇസിതിരിയിടാനും അയണ്‍ വീണ്ടും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക

ആവശ്യമില്ലാത്തപ്പോള്‍ അയണ്‍ ബോക്‌സ് ഓണ്‍ ചെയ്ത് വയ്ക്കരുത്

ഓട്ടോ ഷട്ട്-ഓഫ് സംവിധാനമുള്ള മോഡലുകള്‍ തിരഞ്ഞെടുക്കാം

വാട്ടേജിനൊപ്പം ചൂടാകാന്‍ എടുക്കുന്ന സമയം, താപനില നിയന്ത്രണം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുക.

Which iron increases the electricity bill

അപ്പോള്‍ ഏത് വാങ്ങണം?

കുറച്ച് വസ്ത്രങ്ങള്‍ മാത്രം ഇസ്തിരിയിടാനും വൈദ്യുതി ഉപഭോഗം കുറയ്ക്കാനുമാണ് പ്രധാന പരിഗണനയെങ്കില്‍ ഡ്രൈ അയണ്‍ മതിയാകും.
എന്നാല്‍ വീട്ടില്‍ സ്ഥിരമായി കൂടുതല്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടുകയും, പ്രത്യേകിച്ച് കട്ടിയുള്ള തുണികളിലെ ചുളിവുകള്‍ വേഗത്തില്‍ മാറ്റുകയും വേണമെങ്കില്‍ സ്റ്റീം അയണ്‍ കൂടുതല്‍ സൗകര്യപ്രദമായ തിരഞ്ഞെടുപ്പായിരിക്കും.
''സ്റ്റീം അയണ്‍ ആണെങ്കില്‍ വൈദ്യുതി ബില്‍ ഉറപ്പായും വളരെ കൂടും'' എന്ന ധാരണ ശരിയല്ല. അയണിന്റെ വാട്ടേജും അത് എത്ര നേരം ഉപയോഗിക്കുന്നു എന്നതുമാണ് യഥാര്‍ത്ഥ വൈദ്യുതി ഉപഭോഗം തീരുമാനിക്കുന്നത്.

Content Highlights :Which iron drives up electricity charges—the steam iron or the dry iron? Although both appliances are used for ironing clothes, they operate differently.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image