

അടുത്ത മാസം ആദ്യം മുതല്‍ സാമ്പത്തിക ഇടപാടുകളെയും എല്‍പിജി വിലയേയും ആധാറിനേയും ഒക്കെ ബാധിക്കുന്ന നിയമങ്ങളില്‍ മാറ്റങ്ങള്‍ വരികയാണ്.
റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും. കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക 500ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്തി. ഇത് മാത്രമല്ല നിരവധി റെയില്‍വേ കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴകള്‍ ഏര്‍പ്പെടുത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുക്കിയ വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ നടപ്പിലാക്കും.
പുതുക്കിയ സെക്ഷന്‍ 137 പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരോ ഉപയോഗിച്ച ടിക്കറ്റ് വീണ്ടും ഉപയോഗിക്കുന്നവരോ അധിക ചാര്‍ജുകള്‍ക്കൊപ്പം ബാധകമായ നിരക്കും നല്‍കേണ്ടിവരും. നിലവിലുള്ള 250 രൂപയില്‍നിന്ന് 500 രൂപയാണ് പുതുക്കിയ നിരക്ക്.

മറ്റൊരാളുടെ ടിക്കറ്റില്‍ യാത്ര ചെയ്യുന്നതിനുള്ള പിഴയിലും മാറ്റങ്ങളുണ്ട്. ഇങ്ങനെ ചെയ്താല്‍ ടിക്കറ്റുകള്‍ കണ്ടുകെട്ടപ്പെടും. കൂടാതെ യാത്രക്കാരന്‍ യാത്രാ നിരക്കും അധിക ചാര്‍ജുകളും നല്‍കേണ്ടിവരും.
ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും അനധികൃതമായി കച്ചവടം നടത്തുന്നതും ഭിക്ഷാടനം നടത്തുന്നതിനും 2,000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുക, അസഭ്യം പറയുക, റെയില്‍വേ സൗകര്യങ്ങളില്‍ ഇടപെടുകയോ സഹയാത്രികര്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയോ ചെയ്താല്‍ 1,000 രൂപ പിഴ ചുമത്താം. മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്നവരെ ട്രെയിനുകളില്‍ നിന്നും സ്റ്റേഷനുകളില്‍ നിന്നും പുറത്താക്കുകയും പിഴ ചുമത്തുകയും ചെയ്യാം.

സാമ്പത്തിക വര്‍ഷത്തേക്കുള്ള ശമ്പള വരുമാനമുളളവരുടെയും ഓഡിറ്റ് ആവശ്യമില്ലാത്തവരുടെയും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. ശമ്പളമുള്ളവര്‍, സ്വത്തുക്കളില്‍നിന്ന് വരുമാനമുള്ളവര്‍, മൂലധന നേട്ടങ്ങള്‍ ഉളളവര്‍ ഇവരൊക്കെ ITR-1,ITR-2 ഫോമുകള്‍ പൂരിപ്പിക്കണം. അതുപോലെ ഏപ്രില്‍ ജൂണ്‍ പാദത്തിലെ TDS നിക്ഷേപിക്കാനുള്ള അവസാന തീയതി ജൂലൈ 7 ആണ്.

ആധാര്‍ കാര്‍ഡിലെ ചില വിവരങ്ങള്‍ ജൂലൈ 1 മുതല്‍ ഡിസംബര്‍ വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഇമെയില്‍ ഐഡി, പേര്, വിലാസം, ജനന തീയതി, ലിംഗഭേദം, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഈ കാലയളവില്‍ ഫീസില്ലാതെ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ആഗോള ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ എണ്ണ വിപണന കമ്പനികള്‍ ജൂലൈ 1 മുതല്‍ ഗാര്‍ഹിക വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില പുതുക്കി നിശ്ചയിക്കും.അതുപോലെതന്നെ CNG, PNG, ATF എന്നിവയുടെ വിലയിലും ജൂലൈ 1 മുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.

സിറ്റിബാങ്ക്, യെസ് ബാങ്ക്, എച്ച്.എസ്.ബി.സി എന്നിവിടങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇവയൊക്കെയാണ്. സിറ്റിബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ജൂലൈ 15 ഓടെ പൂര്‍ണമായും ആക്‌സിസ് ബാങ്കിലേക്ക് മാറ്റും. കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, കാലാവധി, CVV എന്നിവയില്‍ മാറ്റമുണ്ടാവില്ല. പക്ഷേ ആക്‌സിസ് ബാങ്കിന്റെ പലിശ നിരക്കുകളാകും ബാധകമാവുക.
യെസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം ലഭിക്കാന്‍ ഓരോ പാദത്തിലും 35,000 രൂപ ചെലവഴിച്ചിരിക്കണം.മുന്‍പ് ഇത് 10,000 രൂപയായിരുന്നു. അതുപോലെ തന്നെ HSBC ബാങ്കില്‍ സര്‍ക്കാര്‍ പേമെന്റുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഇന്ധന പര്‍ച്ചേസ്, യൂട്ടിലിറ്റി പേമെന്റുകള്‍ എന്നിവയ്ക്ക് ജൂലൈ 1 മുതല്‍ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കില്ല.
Content Highlights : Know in detail about the upcoming changes in Railways, Aadhaar and LPG prices from July 1st