'5 പൈസക്ക് വേണ്ടി 40 വർഷം'; ഡൽഹി കണ്ടക്ടറുടെ ജീവിതം ദുരിതത്തിലാക്കിയ കേസ് വീണ്ടും വൈറൽ

അഞ്ചു പൈസയ്ക്ക് വേണ്ടി ഒരു മനുഷ്യന്റെ ജീവിതം മുഴുവൻ ഒരു സിസ്റ്റം വേസ്റ്റാക്കിയെന്നാണ് എക്‌സിൽ ഒരാൾ കുറിച്ചത്

'5 പൈസക്ക് വേണ്ടി 40 വർഷം'; ഡൽഹി കണ്ടക്ടറുടെ ജീവിതം ദുരിതത്തിലാക്കിയ കേസ് വീണ്ടും വൈറൽ
dot image

1976ലാണ് രൺവീർ സിങ് യാദവിനെ ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. അന്ന് അദ്ദേഹം രണ്ട് കുട്ടികളുടെ പിതാവാണ്. എന്തിനാണ് അദ്ദേഹത്തെ പിരിച്ചുവിട്ടതെന്ന് ചോദിച്ചാൽ അതിന് കാരണം അഞ്ച് പൈസ എന്ന നിസാര തുകയാണ്!

നാൽപത് കൊല്ലത്തിന് ശേഷം നീതിന്യായ വ്യവസ്ഥ അദ്ദേഹത്തെ നിരപരാധിയെന്ന് വിധിച്ചപ്പോഴേക്കും നല്ലകാലം കടന്നുപോയിരിക്കുന്നു. അഞ്ച് പൈസയ്ക്ക് വേണ്ടി അദ്ദേഹത്തിനും ഈ രാജ്യത്തെ സിസ്റ്റത്തിനും ചെലവാക്കേണ്ടി വന്നത് അഞ്ച് ലക്ഷത്തോളം രൂപയാണ്.

1973ൽ യാദവ് കണ്ടക്ടറായി ജോലി ചെയ്യുന്ന സമയം ഒരു വനിതാ യാത്രികയ്ക്ക് പതിനഞ്ച് പൈസ ടിക്കറ്റിന് പകരം പത്ത് പൈസ ടിക്കറ്റ് നൽകി അഞ്ച് പൈസ അദ്ദേഹം തട്ടിയെടുത്തതായി ചെക്കിങ് സ്റ്റാഫ് ആരോപിച്ചിടത്താണ് തുടക്കം. ഇതോടെ ആഭ്യന്തര അന്വേഷണം നടന്നു. മൂന്ന് വർഷത്തിന് ശേഷം യാദവിനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയാണ് ഉണ്ടായത്.

സ്വന്തം കുഞ്ഞുങ്ങൾ പോലും അദ്ദേഹത്തെ ചോദ്യം ചെയ്തു. വയസായവർ തീർത്ഥാടനത്തിന് പോകുമ്പോൾ താൻ കോടതി കയറിയിറങ്ങുകയാണ് ചെയ്തതെന്നാണ് അവസാന വിധി വന്നതിന് ശേഷം ദീർഘനിശ്വാസത്തോടെ യാദവ് പറഞ്ഞത്.

ജോലി നഷ്ടപ്പെട്ടെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാൻ യാദവ് നിയമപോരാട്ടം നടത്താൻ തീരുമാനിച്ചു. ലേബർ കോടതി അദ്ദേഹത്തെ കുറ്റിവിമുക്തനാക്കി. പക്ഷേ ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അപ്പീൽ നൽകി. അങ്ങനെ ഹൈക്കോടതി വരെയെത്തിയ കേസ് നീണ്ടുപോയത് നാൽപത് വർഷമാണ്.

അഞ്ചു പൈസയ്ക്ക് വേണ്ടി ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കോടതി വ്യവഹാരത്തിനായി ചെലവഴിച്ചത് 47,000ത്തോളം രൂപയാണ്. 1994ൽ അഞ്ച് പൈസ തുട്ട് പിൻവലിച്ചു. അഞ്ച് പൈസ അപ്രത്യക്ഷമായിട്ടും തങ്ങളുടെ കുടുംബം മുഴുവൻ അതിന്റെ പേരിൽ പെട്ടുപോയെന്നാണ് യാദവിന്റെ ഭാര്യ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒടുവിൽ യാദവിനെ തേടി നീതിയെത്തിയത് 2016ലാണ്.

ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ വാദം തള്ളിയ ഡൽഹി ഹൈക്കോടതി യാദവിന് മുപ്പതിനായിരം രൂപം നൽകാൻ ആവശ്യപ്പെട്ടു. ഇതിനൊപ്പം 1.28ലക്ഷം ഗ്രാറ്റുവിറ്റിയായും 1.37ലക്ഷം സിപിഎഫായും നൽകാനായിരുന്നു കോടതി വിധി.

പത്തു വർഷം മുമ്പ് ലഭിച്ച നീതിയുടെ കഥ ഇപ്പോൾ വീണ്ടും സാമൂഹികമാധ്യമങ്ങളിൽ വലിയ ട്രാക്ഷൻ നേടുകയാണ്. അഞ്ചു പൈസയ്ക്ക് വേണ്ടി ഒരു മനുഷ്യന്റെ ജീവിതം മുഴുവൻ ഒരു സിസ്റ്റം വേസ്റ്റാക്കിയെന്നാണ് എക്‌സിൽ ഒരാൾ കുറിച്ചത്. കോടികൾ തട്ടിയെടുക്കുന്നവർ ഒരു പ്രശ്‌നവും ഇല്ലാതെ സ്വതന്ത്രമായി നടക്കുമ്പോൾ സാധാരണക്കാരനാണ് എന്നും അനുഭവിക്കേണ്ടി വരുന്നതെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. നിരവധി പേരാണ് അഞ്ച് പൈസയുടെ കേസിനായി നാൽപത് വർഷം പോരാടിയ യാദവിന്റെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

Content Highlights: A former Delhi Transport Corporation conductor spent 40 years proving his honesty over a 5-paise discrepancy

dot image
To advertise here,contact us
dot image