

മിസ് ഗ്രാന്‍ഡ് തായ്‌ലന്‍ഡ് 2026 പെജന്റിനിടയില്‍ അപ്രതീക്ഷിതമായ ഉണ്ടായ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലാണ്. ഫസ്റ്റ് റൗണ്ടിനിടയില്‍ ഒരു മത്സരാര്‍ത്ഥിയുടെ ആത്മവിശ്വാസം മുഴുവനും ഇല്ലാതാക്കുന്ന ഒരു സാഹചര്യമുണ്ടാകുന്നു, എന്നാല്‍ അതിലൊന്നും പതറാതെ അവര്‍ നടത്തിയ കിടിലന്‍ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.
മത്സരത്തിനിടയില്‍ മത്സരാര്‍ത്ഥിയായ കമോല്‍വാന്‍ ചാനാഗോ, തന്നെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്നാണ് അവരുടെ കൃത്രിമപ്പല്ല് ഊരി വന്നത്. ഇത് വീഡിയോയില്‍ കൃത്യമായി പതിയുകയും ചെയ്തു. എന്നാല്‍ ഈ സാഹചര്യത്തില്‍ ആശങ്കപ്പെട്ട് അങ്കലാപ്പിലാകുകയല്ല, മറിച്ച് ഒന്നു തിരിഞ്ഞ് തന്റെ പല്ല് നാവ് കൊണ്ട് ശരിയാക്കിയശേഷം ഒരു കിടിലന്‍ പുഞ്ചിരിയോടെ തിരിച്ചുവന്ന് അവര്‍ തന്റെ റൗണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു.

മാര്‍ച്ച് 25ന് റാമ്പ് വാക്ക് നടത്തുന്നതിനിടെയാണ് സംഭവം. സൗന്ദര്യ മത്സരങ്ങളില്‍ പെര്‍ഫെക്ഷന്‍ വളരെ അത്യാവശ്യമാണ്. എന്തെങ്കിലും ഒരു പിഴവിന് വലിയ വിലകൊടുക്കേണ്ടിയും വരും മാത്രമല്ല, ഇത് ലോകത്തെമ്പാടുമുള്ളവരുടെ ശ്രദ്ധയില്‍പ്പെടാനുള്ള സാധ്യതയും ഏറെയാണ്. എന്നാല്‍ ഇവിടെ ചനാഗോ ആ സാഹചര്യം കിടിലമായി കൈകാര്യം ചെയ്തുവെന്നാണ് കാണികളും അവിടെ ഉണ്ടായിരുന്ന വിധികര്‍ത്താക്കളടക്കം അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വേദിയ്ക്ക് മുന്നിലുണ്ടായിരുന്ന കാണികള്‍ വലിയ കയ്യടിയോടയൊണ് യുവതിയെ പ്രോത്സാഹിപ്പിച്ചത്. ഒട്ടും പതറാതെ തന്‍റെ സാഹചര്യത്തെ കൈകാര്യം ചെയ്ത് ആത്മവിശ്വാസത്തോടെ തിരികെ എത്തി ആദ്യ റൗണ്ട് അവർ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ ചിലര്‍ യുവതിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.
മാര്‍ച്ച് 28നാണ് മിസ് ഗ്രാന്‍ഡ് തായ്‌ലന്‍ഡ് ഫിനാലെ നടക്കുന്നത്. ഇതിലെ വിജയി ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2026ല്‍ തായ്‌ലന്‍ഡിനെ പ്രതിനിധീകരിക്കും.
Content Highlights: A Miss Grand Thailand 2026 contestant goes viral after her dentures slipped mid-speech on stage