

സാഹചര്യങ്ങൾ എപ്പോഴും നമുക്ക് അനുകൂലമാകണമെന്നില്ല. എന്നാൽ സാഹചര്യം എത്ര മോശമായാലും അതിനനുസരിച്ച് ബുദ്ധി ഉപയോഗിച്ച് പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി മാറ്റുന്നതാണ് ഒരാളുടെ മിടുക്ക്. യുഎസ് - ഇസ്രയേൽ- ഇറാഖ് സംഘർഷം രൂക്ഷമാവുകയും ഹോർമൂസ് കടലിടുക്കിലെ കപ്പൽഗതാഗതത്തെ ഇത് ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിലെ എൽപിജി സിലിണ്ടറുകളുടെ വിതരണത്തെ അടക്കം ഇത് ബാധിച്ചിരുന്നു. എൽപിജി ക്ഷാമം കനത്തതിന് പിന്നാലെ പലയിടങ്ങളിലും സിലിണ്ടറുകൾ മോഷണം പോകുന്ന അവസ്ഥ ഉൾപ്പെടെ ഉണ്ടായി. പക്ഷേ ഈ സാഹചര്യത്തെ ബുദ്ധിപൂർവം അവസരമാക്കി മാറ്റിയിരിക്കുകയാണ് ബെംഗളുരുവിലുള്ള ഹൊസൂരിലെ ഒരു ഹോട്ടൽ.
വാണിജ്യ എൽപിജി സിലിണ്ടറുകൾ നൽകുന്നവർക്ക് ഫ്രീ ബിരിയാണിയാണ് ഈ ഹോട്ടലിന്റെ ഓഫർ. ഒന്നും രണ്ടും ദിവസമല്ല, ഒരു മാസം എല്ലാ ദിവസവും ഒരു നേരം ബിരിയാണി ലഭിക്കും. ഇനിയുമുണ്ട് ട്വിസ്റ്റ്, ഒരു സിലിണ്ടർ നൽകിയവർക്കാണ് ഈ ഓഫർ. നിങ്ങൾ രണ്ട് സിലിണ്ടറുകൾ നൽകിയാൽ ഒരു മാസം എല്ലാ ദിവസവും രണ്ടുനേരം നിങ്ങൾക്ക് ബിരിയാണി ലഭിക്കും. സാമൂഹിക മാധ്യമങ്ങളിൽ ഈ ഓഫർ വൈറലായതോടെ ചിലർ അനുകൂലിച്ചും ചിലർ പ്രതികൂലിച്ചുമാണ് അഭിപ്രായങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഇറോഡ് എമ്മിസ് മെസ് എന്ന ഹോട്ടലാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഓഫർ നൽകി രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഗ്യാസ് ലഭ്യത കുറഞ്ഞത് മൂലം പല ഹോട്ടലുകളും ഭക്ഷണം പാചകം ചെയ്യാൻ കഴിയാതെ അടച്ചിടുമ്പോഴാണ് ഇവരുടെ വെറൈറ്റി ട്രൈ. 'പാചകം ചെയ്യാൻ ഞങ്ങളെ സഹായിക്കു, നിങ്ങളുടെ വയറു ഞങ്ങൾ നിറയ്ക്കാം' എന്നൊരു സൈൻ ബോർഡും ഹോട്ടൽ സ്ഥാപിച്ചിട്ടുണ്ട്. ഹോട്ടലിന്‍റേത് ബുദ്ധിപരമായ തന്ത്രമാണെന്നാണ് ഭൂരിഭാഗം പേരും പ്രശംസിക്കുന്നുണ്ട്.
അതേസമയം തങ്ങൾക്ക് ഇത് ലാഭത്തിന് വേണ്ടിയുള്ള ഒരു പരീക്ഷണമല്ലെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. നിലവിലെ ഗ്യാസ് ദൗർലഭ്യം കുറയ്ക്കാൻ വേണ്ടി മാത്രമാണ് ഈ ഓഫറെന്നാണ് അവരുടെ വിശദീകരണം. സ്‌പെയർ അല്ലെങ്കിൽ ഉപയോഗിക്കാത്ത സിലിണ്ടറുകൾ നൽകാൻ കസ്റ്റമേഴ്‌സിനെ പ്രോത്സാഹിപ്പിച്ചാൽ, അതുവഴി ഹോട്ടൽ അടച്ചുപൂട്ടുന്ന അവസ്ഥ ഒഴിവാക്കുകയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ അതിജീവിക്കാൻ കഴിയുമെന്നും ഹോട്ടൽ ജീവനക്കാരടക്കം പറയുന്നു.
Content Highlights: A hotel in Hosur is offering free biriyani to customers who bring in spare or unused LPG cylinders