ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇന്ത്യയില്‍; 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശന വിസ്തൃതിയുള്ള മ്യൂസിയം ഒരുക്കുന്നതിനായി 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇന്ത്യയില്‍; 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി
dot image

ഇന്ത്യയുടെ ചരിത്രവും കലയും സാംസ്‌കാരിക പൈതൃകവും അടുത്തറിയാന്‍ അവസരമൊരുക്കുന്ന യുഗേ യുഗീന്‍ ഭാരത് മ്യൂസിയം യാഥാര്‍ഥ്യമാകുന്നു. ഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് കെട്ടിടങ്ങളിലാണ് മ്യൂസിയം സ്ഥാപിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെ അവയുടെ പൈതൃകഭംഗി നിലനിര്‍ത്തി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന സാംസ്‌കാരിക കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.

ഇന്ത്യയുടെ ചരിത്രം ഒരിടത്ത് അറിയാം

ഇന്ത്യയിലെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീളുന്ന നാഗരിക ചരിത്രം വിവിധ പ്രദര്‍ശനങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയിലാണ് ഈ മ്യൂസിയം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കല, വാസ്തുവിദ്യ, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ഭാഷകള്‍, ലിപികള്‍, വിശ്വാസങ്ങള്‍, ആത്മീയ പാരമ്പര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കായി പ്രത്യേക ഗാലറികള്‍ ഒരുക്കും.

'Yuge Yugeen Bharat Museum

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളില്‍ നിന്നും പുരാവസ്തു കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന ചരിത്രപരമായ വസ്തുക്കളും കലാശേഖരങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുണ്ട്. സന്ദര്‍ശകര്‍ക്ക് വിവരങ്ങള്‍ വായിച്ചറിയുന്നതിന് പുറമേ, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചരിത്രത്തെ കൂടുതല്‍ അടുത്തറിയാനും അവസരമുണ്ടാകും.

പ്രദര്‍ശനത്തിനായി ഒരു ലക്ഷം ചതുരശ്ര മീറ്റര്‍

മ്യൂസിയത്തിന്റെ ആകെ നിര്‍മാണ വിസ്തൃതി ഏകദേശം 1.78 ലക്ഷം ചതുരശ്ര മീറ്ററാണ്. ഇതില്‍ പ്രദര്‍ശനത്തിനായി മാത്രം ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ നീക്കിവയ്ക്കാനാണ് പദ്ധതി. ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി ഇത് മാറുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നത്.

'Yuge Yugeen Bharat Museum

ചരിത്രവസ്തുക്കളുടെ സംരക്ഷണത്തിനും പുരാവസ്തു ശേഖരങ്ങള്‍ സൂക്ഷിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ക്കൊപ്പം സന്ദര്‍ശകര്‍ക്കുള്ള മറ്റ് പല സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമാണ്. പ്രതിവര്‍ഷം ഒരു കോടിയിലധികം സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കുന്നത്.

ആദ്യ ഗാലറി 2027ല്‍ തുറന്നേക്കും

2026-27 മുതല്‍ 2030-31 വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആഭരണങ്ങളും അലങ്കാരങ്ങളും പ്രമേയമാക്കിയ ആദ്യ ഗാലറി 2027ന്റെ അവസാനത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് നിലവിലെ പദ്ധതി.

Content Highlights :The Cabinet Committee on Economic Affairs has approved a project worth ₹3,230 crore to establish a museum with the largest exhibition area in the world

dot image
To advertise here,contact us
dot image