

നിങ്ങളുടെ വിരൽ ഉപയോഗിച്ച് ഗ്യാസ് സ്റ്റൗ കത്തിക്കാൻ കഴിയുമോ? പറ്റില്ലല്ലേ, തീപ്പെട്ടിയോ ലൈറ്ററോ ഒന്നുമില്ലാതെ സ്റ്റൗ കത്തിച്ചാലോ? മാജിക്കോ മന്ത്രമോ ഒന്നുമല്ല ഇതിന് പിന്നിലൊരു ശാസ്ത്രമുണ്ട്. സമൂഹമാധ്യമങ്ങളിൽ നിലവിൽ ശ്രദ്ധനേടുന്ന ഒരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് കാഴ്ചക്കാർ. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു രീതിയിൽ ഒരു യുവതി സ്റ്റൗ കത്തിക്കുന്നതാണ് ഇതിൽ കാണുന്നത്.
ഒരു സ്റ്റൗ കത്തിക്കാൻ ആവശ്യമായ ഒരു ഉപകരണമോ സംവിധാനമോ ഇല്ലാതെ ആ യുവതി എങ്ങനെയാണ് സ്റ്റൗ കത്തിച്ചതെന്ന് അറിയാം.
ദൃശ്യങ്ങളിൽ ആദ്യം കാണുന്നത് ഒരു വീടിന്‍റെ അടുക്കളയിൽ ഇട്ടിരിക്കുന്ന കസേരയിൽ ഒരു യുവതി ഇരിക്കുന്നതാണ്. ഇവർക്ക് മുന്നിലായി ഒരു ഗ്യാസ് സ്റ്റൗവും കാണാം. യുവതിക്ക് പിന്നിലായി നിൽക്കുന്ന ഒരു യുവാവ്, അവരുടെ തല ഒരു ടവൽ ഉപയോഗിച്ച് മറയ്ക്കുന്നു. പിന്നാലെ ആ ടവൽ ആ യുവതിയുടെ തലയിൽ അയാൾ ശക്തമായ ഉരസുന്നതാണ് കാണുന്നത്. ഇതേ പ്രവർത്തി ഇയാൾ മൂന്ന് നാലു തവണ ആവർത്തിക്കുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിൽ യുവതിയുടെ മുടി ഉയർന്ന് പൊങ്ങി നിൽക്കുന്നതും വീഡിയോയിലുണ്ട്. ഇത് ഘർഷണത്തിലൂടെ ഉണ്ടാകുന്ന സ്റ്റാറ്റിക്ക് ഇലക്ട്രിസിറ്റിയുടെ സാന്നിധ്യമൂലമാണ് സംഭവിക്കുന്നത്.
പിന്നാലെ ഈ യുവാവ്, തൊട്ടടുത്തിരിക്കുന്ന സ്റ്റൗവിലെ ഗ്യാസ് ബർണറിന്റെ നോബ് ഓൺ ചെയ്യുന്നുണ്ട്. അപ്പോള്‍ തന്നെ യുവതി തന്റെ വിരൽ ബർണറിൽ സ്പർശിക്കുന്നതും കാണാം. പിന്നെ കാണുന്നത് കത്തി നിൽക്കുന്ന ബർണറാണ്. തീനാളങ്ങൾ വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും. ലൈറ്ററോ തീപ്പെട്ടിയോ ഒന്നും സമീപമില്ലാതെ സ്റ്റൌ കത്തിച്ചതാണ് ആളുകളെ അമ്പരപ്പിച്ചത്. വീഡിയോയ്ക്ക് താഴെ ദ ഗേൾ ഈസ് ഓൺ ഫയർ, ഇതെങ്ങനെ സംഭവിച്ചു, കാണാൻ ഇന്ററസ്റ്റുള്ള വീഡിയോ എന്നിങ്ങനെ നിരവധി കമന്റുകളും വരുന്നുണ്ട്.
ശ്രദ്ധിക്കുക; ഇത്തരം വീഡിയോകൾ വീടുകളിൽ ഉൾപ്പെടെ എവിടെയും പരീക്ഷിക്കാതിരിക്കുക. ഇത് അപകടകരവും ഗുരുതരമായ പരിക്കേൽക്കാൻ സാധ്യതയുള്ളതുമാണ്.
Content Highlights: A viral video shows a woman lighting a gas stove using her finger