

പാചകവാതകത്തിന്റെ വിലയും ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ കൊണ്ടും പാചക സമയം കുറയ്ക്കുന്നതിനുമായി ഇന്‍ഡക്ഷന്‍ അടുപ്പിലേക്ക് മാറുന്നവരുണ്ട്. എന്നാല്‍ ഇന്‍ഡക്ഷന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ വൈദ്യുതി ബില്‍ കൂടുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഗ്യാസ് അടുപ്പിനേക്കാള്‍ ഇന്‍ഡക്ഷന്‍ ചെലവേറിയതാണോ? വൈദ്യുതി ലാഭിച്ച് പാചകം ചെയ്യാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?.
ഇന്‍ഡക്ഷന്‍ അടുപ്പ് വൈദ്യുതി ഉപയോഗിക്കുന്നത് പ്രധാനമായും അതിന്റെ ശേഷിയെയും ഉപയോഗിക്കുന്ന സമയത്തെയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി 1,200 മുതല്‍ 2,000 വാട്ട് വരെ ശേഷിയുള്ള മോഡലുകള്‍ വിപണിയിലുണ്ട്. കൂടുതല്‍ ശേഷിയുള്ളവയും ലഭ്യമാണ്. ഉദാഹരണത്തിന് 2,000 വാട്ട് അടുപ്പ് ഒരു മണിക്കൂര്‍ തുടര്‍ച്ചയായി പരമാവധി ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും. യൂണിറ്റിന് എട്ട് രൂപ നിരക്കാണെങ്കില്‍ ചെലവ് 16 രൂപയാകും. എന്നാല്‍ പാചകത്തിനിടെ ചൂട് കുറയ്ക്കുകയും ഇടയ്ക്കിടെ അടുപ്പ് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ യഥാര്‍ഥ ഉപഭോഗം ഇതില്‍നിന്ന് വ്യത്യസ്തമായിരിക്കും.

ഇന്‍ഡക്ഷന്‍ അടുപ്പിന്റെ പ്രധാന പ്രത്യേകത ചൂട് നേരിട്ട് പാത്രത്തിലേക്ക് നല്‍കുന്നു എന്നതാണ്. അതിനാല്‍ പരമ്പരാഗത ഗ്യാസ് അടുപ്പിനെ അപേക്ഷിച്ച് ഊര്‍ജം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കും. പല സാഹചര്യങ്ങളിലും പാചകസമയവും കുറയ്ക്കാനാകും. എന്നാല്‍ ഇന്‍ഡക്ഷനാണോ ഗ്യാസാണോ സാമ്പത്തികമായി മെച്ചമെന്ന് ഒറ്റവാക്കില്‍ പറയാനാകില്ല. ഒരു സിലിണ്ടറിന്റെ വില, അത് എത്ര ദിവസം ഉപയോഗിക്കാനാകുന്നു, വൈദ്യുതിയുടെ യൂണിറ്റ് നിരക്ക്, ദിവസേന പാചകം ചെയ്യുന്ന സമയം തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിക്കണം.
ബില്‍ കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ചൂട് ആവശ്യത്തിന് ക്രമീകരിക്കാം
വെള്ളം തിളച്ചുകഴിഞ്ഞാല്‍ ചൂട് കുറച്ചുവയ്ക്കുന്നത് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ സഹായിക്കും.
ശരിയായ പാത്രം തിരഞ്ഞെടുക്കാം
ഇന്‍ഡക്ഷനില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ പരന്ന അടിഭാഗമുള്ള പാത്രങ്ങള്‍ തിരഞ്ഞെടുക്കുക. പാത്രം സ്റ്റൗവിന് അനുയോജ്യമാണെന്ന് ഉറപ്പാക്കണം.
അടപ്പുപയോഗിച്ച് പാചകം ചെയ്യാം
ഭക്ഷണം പാകം ചെയ്യുമ്പോള്‍ പാത്രം മൂടിവെക്കുന്നത് ചൂട് നിലനിര്‍ത്താനും പാചകസമയം കുറയ്ക്കാനും സഹായിക്കും.
ആവശ്യത്തിന് മാത്രം ഉപയോഗിക്കാം
ചെറിയ അളവിലുള്ള ഭക്ഷണം പാകം ചെയ്യുമ്പോള്‍ അതിനനുസരിച്ച് ചൂടും സമയവും ക്രമീകരിക്കുക. പാചകം കഴിഞ്ഞാല്‍ അടുപ്പ് ഓഫ് ചെയ്യുകയും വേണം.
പ്രതിമാസ ചെലവ് താരതമ്യം ചെയ്യാം
ഇന്‍ഡക്ഷന്‍ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവുമുള്ള വൈദ്യുതി ബില്ലും ഗ്യാസ് ചെലവും പരിശോധിച്ചാല്‍ ഏത് രീതിയാണ് വീട്ടില്‍ കൂടുതല്‍ ലാഭകരമെന്ന് മനസ്സിലാക്കാം.

വേഗത്തില്‍ പാചകം ചെയ്യാനും ഊര്‍ജം കാര്യക്ഷമമായി ഉപയോഗിക്കാനും ഇന്‍ഡക്ഷന്‍ സഹായിക്കും. എന്നാല്‍ വൈദ്യുതി ബില്‍ എത്രത്തോളം കൂടുമെന്നത് ഓരോ വീട്ടിലെയും ഉപയോഗരീതിയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ വാട്ടേജ് മാത്രം കണ്ട് ആശങ്കപ്പെടാതെ വൈദ്യുതി നിരക്കും പാചകസമയവും കണക്കിലെടുത്ത് തീരുമാനിക്കുന്നതാണ് നല്ലത്.
Content Highlights :Keeping a few things in mind while using an induction cooker can help reduce your electricity bill