എപ്പോഴും സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. പലരും ആഭരണങ്ങള്‍ വാങ്ങാനും ധരിക്കാനും ഇഷ്ടപ്പെടുന്നവരാണ്. എങ്കിലും പതിവായുള്ള ഉപയോഗംകൊണ്ട് ആഭരണങ്ങളുടെ തിളക്കം നഷ്ടപ്പെടാറുണ്ടോ? ഒരു മങ്ങല്‍ തോന്നാറുണ്ടോ?. പതിവായി ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ എണ്ണ, വിയര്‍പ്പ്, മേക്കപ്പ് പ്രോഡക്ടുകള്‍, അഴുക്ക് ഇവയുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തുന്നതാണ് സ്വര്‍ണത്തിന്റെ തിളക്കം നഷ്ടപ്പെടാന്‍ കാരണം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആഭരണങ്ങളിലെ അഴുക്ക് കളഞ്ഞ് തിളക്കം വീണ്ടെടുക്കാനായി എപ്പോഴും ജ്വലറികളിലേക്ക് പോകാന്‍ സാധിക്കാത്തതുകൊണ്ട് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കാം.
സ്വര്‍ണം വൃത്തിയാക്കാന്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന എളുപ്പ വഴികള്‍
ചൂടുവെള്ളവും സോപ്പും
ഈ ക്ലീനിംഗ് രീതിയ്ക്ക് വേണ്ടത് ചൂടുവെള്ളവും സോപ്പുമാണ്.
1 ആദ്യം ആഭരണങ്ങള്‍ 15-20 മിനിറ്റ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക. അഴുക്ക്, എണ്ണ, മറ്റ് മാലിന്യങ്ങള്‍ ഇവ കുതിര്‍ന്ന് കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
2 കുറച്ച് ചെറു ചൂടുവെള്ളം എടുത്ത് അതില്‍ കുറച്ച് സോപ്പ് കലര്‍ത്തി മൃദുവായ ടൂത്ത് ബ്രഷുകൊണ്ട് സ്‌ക്രബ് ചെയ്യുക. കൊട്ടണ്‍ തുണി ഉപയോഗിച്ചും ഇങ്ങനെ ചെയ്യാവുന്നതാണ്. അമിതമായി ബലം പ്രയോഗിച്ച് അമര്‍ത്തി ഉരയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
3 അടുത്തതായി ആഭരണങ്ങള്‍ തണുത്ത വെള്ളത്തില്‍ കഴുകി എടുത്ത് നന്നായി ഉണക്കിയെടുത്ത് സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. ഈ ക്ലീനിംഗ് രീതി സ്വര്‍ണം, വെളളി, റോസ്‌ഗോള്‍ഡ് തുടങ്ങി എല്ലാത്തരം ലോഹാഭരങ്ങള്‍ക്കും സുരക്ഷിതമാണ്.
ചില ആളുകള്‍ ആഭരണം വൃത്തിയാക്കാന്‍ ബേക്കിംഗ് സോഡയോ ഉപ്പോ പോലെയുളള വസ്തുക്കള്‍ ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കാരണം ഇവയ്ക്ക് കട്ടി കൂടുതലും പരുക്കന്‍ സ്വഭാവമുള്ളവയുമാണ്.
ബേക്കിംഗ് സോഡ, ഉപ്പ്, തിളച്ച വെള്ളം, വിനാഗിരി, നാരങ്ങാനീര് ഇവയൊക്കെ ആഭരണങ്ങള്‍ അയയാനും അവയിലെ കല്ലുകളുടെ തിളക്കം നഷ്ടപ്പെടാനും ഇടയാക്കും.
മുത്തുകള്‍, മരതകം അല്ലെങ്കില്‍ മറ്റ് വിലയേറിയ കല്ലുകള്‍ എന്നിവ ഉപയോഗിച്ച ആഭരണങ്ങള്‍ 5-7 മിനിറ്റില്‍ കൂടുതല്‍ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കരുത്. കൂടാതെ ഇവ ബ്രഷ് ചെയ്യുമ്പോള്‍ വളരെ പതുക്കെ വേണം ചെയ്യാന്‍.
ദിവസേന ധരിക്കുന്ന ആഭരണങ്ങള്‍ 2-3 ആഴ്ച കൂടുമ്പോള്‍, ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്ന ആഭരണങ്ങള്‍ മാസത്തിലൊരിക്കലും വൃത്തിയാക്കണം.