അഹമ്മദാബാദിൽ നിന്നും ഹൈദരാബാദിലേക്ക് കുഞ്ഞുങ്ങളെ കടത്തും; നവജാത ശിശു വിൽപന റാക്കറ്റ് വിറ്റത് 15 കുഞ്ഞുങ്ങളെ!

സമ്പന്നരായ ദമ്പതികളെയാണ് നവജാത ശിശു വിൽപന റാക്കറ്റ് ലക്ഷ്യമിട്ടത്

അഹമ്മദാബാദിൽ നിന്നും ഹൈദരാബാദിലേക്ക് കുഞ്ഞുങ്ങളെ കടത്തും; നവജാത ശിശു വിൽപന റാക്കറ്റ് വിറ്റത് 15 കുഞ്ഞുങ്ങളെ!
dot image

അന്തര്‍സംസ്ഥാന തലത്തില്‍ നവജാത ശിശുക്കളെ വില്‍ക്കുന്ന റാക്കറ്റിനെ തകര്‍ത്ത് തെലങ്കാനയിലെ സൈബറാബാദ് സെപ്ഷ്യല്‍ ഓപ്പറേഷന്‍സ് ടീം. ലക്ഷകണക്കിന് രൂപയ്ക്കാണ് ഈ സംഘം കുഞ്ഞുങ്ങളുടെ വില്‍പന നടത്തിയിരുന്നത്. ജനിച്ച് മണിക്കൂറുകളോ രണ്ടോ മൂന്നോ ദിവസമായ കുഞ്ഞുങ്ങളെ വരെ ഈ സംഘം വിറ്റിരുന്നു. ഏകദേശം പതിനഞ്ച് ലക്ഷം രൂപയാണ് ഒരു കുഞ്ഞിന് ഇവര്‍ ഈടാക്കിയിരുന്നത്. സമ്പന്നരായ ദമ്പതികളെയാണ് ഇവര്‍ ലക്ഷ്യമിട്ടത്. മക്കളില്ലാത്ത ഈ ദമ്പതിമാര്‍ക്ക് നല്‍കാന്‍ വ്യാജ രേഖകളും ഈ സംഘം നിര്‍മിച്ചിരുന്നു.

രാജ്യത്തുടനീളമായി നിരവധി പേര്‍ക്കാണ് ഈ സംഘം കുഞ്ഞുങ്ങളെ വിറ്റത്. പതിനഞ്ച് കുഞ്ഞുങ്ങളെ വിറ്റുവെന്നാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദില്‍ നിന്നും ഹൈദരാബാദിലേക്ക് കുഞ്ഞുങ്ങളെ കടത്തിയ ശേഷമാണ് വില്‍പന നടത്തുന്നത്. ഇവരെ പിടികൂടുന്നതിന് മുമ്പ് ഹൈദരാബാദ് പ്രദേശങ്ങളില്‍ മാത്രം പതിനഞ്ചോളം കുഞ്ഞുങ്ങളെ വിജയകരമായി വില്‍പന നടത്താന്‍ ഈ റാക്കറ്റിന് കഴിഞ്ഞുവെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എട്ടോളം വ്യത്യസ്തമായ ആശുപത്രികളില്‍ ഇവര്‍ ഒരു മധ്യസ്ഥനെ സജ്ജമാക്കിയിട്ടുണ്ട്. ഈ ഏജന്റുമാര്‍ ദുര്‍ബലരായ മാതാപിതാക്കളെയാണ് ആദ്യം സമീപിക്കുക, ഇതിനൊപ്പം കുഞ്ഞുങ്ങളെ 'വേണ്ടാത്തവരില്‍' നിന്നും ഇവര്‍ നവജാത ശിശുക്കളെ വാങ്ങി സമ്പന്നരായ ദമ്പതികള്‍ക്ക് വില്‍ക്കും.

പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ കുഞ്ഞുങ്ങളെ കടത്തുന്നവരില്‍ നിന്നും രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ വകുപ്പിന് കൈമാറിയിട്ടുണ്ട്. സംഘത്തിന്റെ തലവന്മാര്‍, അന്തര്‍സംസ്ഥാന തലത്തില്‍ കൈമാറ്റം നടത്തുന്നവര്‍, പ്രാദേശിക ആശുപത്രികളിലെ ജീവനക്കാര്‍ എന്നിവരെല്ലാം അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. നിലവില്‍ ആശുപത്രി റെക്കോര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുകയാണ് അന്വേഷണ സംഘം. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മെഡിക്കല്‍ പ്രൊഫഷണലുകളിലേക്കും അന്വേഷണം നീളുന്നുണ്ട്. ഗുജറാത്ത് പൊലീസുമായി ചേര്‍ന്ന് രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഒപ്പം ഇവര്‍ വില്‍പന നടത്തിയ കുഞ്ഞുങ്ങളെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു.

Content Highlights: infant selling racket sold 15 babies each sold for 15 lakh rupees

dot image
To advertise here,contact us
dot image