'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല: എന്റെ സിനിമ നരിവേട്ട വിജയകരം; അസോസിയേഷന്‍ കണക്ക് തള്ളി അനുരാജ് മനോഹർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കണക്ക് തള്ളി സംവിധായകന്‍ അനുരാജ് മനോഹർ

'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല: എന്റെ സിനിമ നരിവേട്ട വിജയകരം; അസോസിയേഷന്‍ കണക്ക് തള്ളി അനുരാജ് മനോഹർ
dot image

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ രൂക്ഷവിമർശനവുമായി സംവിധായകന്‍ അനുരാജ് മനോഹർ. ടൊവിനോ തോമസിനെ നായകനാക്കി താന്‍ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രം ലാഭകരമല്ലെന്ന അസോസിയേഷന്‍റെ നിലപാടാണ് സംവിധായകനെ പ്രകോപിപ്പിച്ചത്. 2025 ല്‍ പുറത്തിറങ്ങിയ 183 ചിത്രങ്ങളില്‍ തിയേറ്ററുകളില്‍ നേട്ടം കൊയ്തത് 15 ചിത്രങ്ങള്‍ മാത്രമാണെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

എന്നാല്‍, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്റെ കടയ്ക്കൽ കത്തി വെക്കുകയാണെന്നും അനുരാജ് മനോഹർ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാൻ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അനുരാജ് മനോഹറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ..

ഞാൻ സംവിധാനം ചെയ്ത് ഈ വർഷം മെയ് മാസത്തിൽ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസർമാരെയെല്ലാം സമീപിച്ച,അവർ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ പ്രൊഡ്യൂസർമാരെ തേടിയുള്ള അലച്ചിൽ സ്വാഭാവികമാണെന്നുള്ള ബോധ്യത്തിൽ ആ സിനിമയോടുള്ള ഇഷ്ടത്തിൽ നടന്ന തേടലിൽ ആണ് ഇന്ത്യൻ സിനിമ കമ്പനി സിനിമ ചെയ്യാൻ തയ്യാറാവുന്നത്.അവരുടെ ആദ്യ നിർമ്മാണ സംരംഭം ആണ് നരിവേട്ട.

സിനിമ ഇറങ്ങി മാസങ്ങൾക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസർ അസോസിയേഷന്റെ വർഷാവസാന വിധിയിൽ ഈ വർഷം പതിഞ്ച് സിനിമകൾ മാത്രമാണ് ലാഭകരമായി തീർന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സിനിമ ഒരു വ്യവസായം കൂടെയാണ്, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ്. പുതിയ പ്രൊഡ്യൂസർ മാർ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളിൽ ഭരിച്ച് നിർത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കിൽ ഉണ്ടാകാൻ പോകുന്നത് വലിയ കോർപറേറ്റ് കമ്പനികൾക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാർത്ഥ്യമാണ് ഏതാണ്ട് വൈക്കോൽ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ “തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”.

ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാൻ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ ഞങ്ങൾ തയ്യാറുമാണ്. ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതെ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവർ പ്ലാൻ ചെയ്യുകയും ചെയ്യുന്നത് സിനിമയിൽ വിരളമായി സംഭിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദർഭത്തില് ഞങ്ങൾ അടുത്ത സിനിമയുടെ ആലോചനയിൽ നിൽക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.

Nb:-ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല, നടന്നു തയഞ്ഞ ചെരുപ്പുകളും,വിയർത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ ചവിട്ടി മെതിക്കരുത്.

Content Highlights: Director Anuraj Manohar Says Tovino Thomas Film Narivetta Is a Success

dot image
To advertise here,contact us
dot image