

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാറാണ്. ലോകത്തിനാകെ വെളിച്ചം പകരുന്ന നന്മയുടെയും സമാധാനത്തിന്റെയും സന്ദേശത്തിന്റെയും പ്രഭ കെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ നമ്മെ അസ്വസ്ഥരാക്കുന്നതാണെന്നും ഇതിനെല്ലാം പിന്നിൽ സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഇത്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതിന് പിന്നിൽ സംഘപരിവാറാണ്. യുപി സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. ഇതിൽനിന്നെല്ലാം കേരളം വിട്ടുനിൽക്കുമെന്നാണ് നമ്മുടെ ബോധ്യം. എന്നാൽ ആ ബോധ്യത്തെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. സംസ്ഥാനത്തെ തപാൽ ഓഫീസുകളിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷപരിപാടിയിൽ ഗണഗീതം പാടണമെന്ന് ബിഎംസഎ യൂണിയന്റെ ആവശ്യം ഉയർന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകൾ പരിപാടിതന്നെ വേണ്ടെന്ന് വെച്ചു. പാലക്കാട് പുതുശ്ശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘതത്തിന് നേരെ സംഘപരിവാർ ആക്രമണമുണ്ടായി. ഈ അക്രമി സംഘത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കൾ രംഗത്ത് വന്നത്. കരോൾ സംഘത്തെ അപമാനിക്കുന്ന രീതിയിൽ അവർ പൊതുവായി മദ്യപിക്കാറുണ്ടെന്നും മാന്യതയില്ലാതെയാണ് കരോൾ നടന്നതെന്നുമുള്ള ചില ന്യായീകരണങ്ങളാണ് ചില മുതിർന്ന നേതാക്കളായവർ തന്നെ നിരത്തിയത്. ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിനെതിരെ ചില ആർഎസ്എസ് സംഘടനകളിൽനിന്ന് ഭീഷണി ഉയർന്നതായും ഇതിന്റെ പേരിൽ ആഘോഷങ്ങഘൾ റദ്ദാക്കിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടു. മതപരമായ വിവേചനം കാണിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടിയെടുക്കും. കേരളത്തിൽ ഇത്തരം ശക്തികൾ തലപൊക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ക്രിസ്മസിന് കേക്കും കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തിയവരാണ് ഇപ്പോൾ കരോൾ സംഘങ്ങളെ ആക്രമിക്കാൻ തയ്യാറാകുന്നതെന്നും' മുഖ്യമന്ത്രി പറഞ്ഞു.
'പാലക്കാട് വാളയാറിലുണ്ടായത് ഹീനമായ കൊലപാതകമാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. പ്രതികളിൽ ചിലർ ക്രിമിനൽ പശ്ചാത്തലവും വർഗീയ മനഃസ്ഥിതിയും ഉള്ളവരാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽസംഘപരിവാർ നടത്തി വിജയിപ്പിച്ച ആൾക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചു നടാൻ ശ്രമിക്കുകയാണ് അവർ. കേരളം അതിന് പറ്റിയ മണ്ണ് അല്ലെന്ന് തെളിയിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്. ബംഗ്ലാദേശി കുടിയേറ്റക്കാരനെന്ന് കൊല്ലപ്പെട്ട കുടിയേറ്റക്കാരനെ ചാപ്പകുത്തി. കൊല്ലാൻ ഇത്തരം ചാപ്പകുത്തലുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കണ്ടുവന്നിട്ടുള്ളത്. കുടുംബത്തെ സംരക്ഷിക്കാനാണ് രാംനാരായൺ കേരളത്തിലെത്തിയത്. ആ കുടുംബത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 30 ലക്ഷം രൂപ നൽകും. അമ്മയ്ക്കും ഭാര്യയ്ക്കും അഞ്ച് ലക്ഷം വീതവും രണ്ട് മക്കൾക്കുമായി 10 ലക്ഷം വീതം 20 ലക്ഷം രൂപയുമാണ് നൽകുക'യെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ നന്മയെ നശീകരണമനസുള്ളവർ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രസർക്കാരിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. 'കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ തുരങ്കം വെക്കുകയാണ്. വായ്പാപരിധി വെട്ടിക്കുറച്ചു.കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകിയിട്ടും നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് സർക്കാരിനെ വരിഞ്ഞുമുറുക്കുകയാണ്. കേരളത്തിന്റെ നേട്ടങ്ങളെ സഹായം നിഷേധിക്കാനുള്ള മാർഗമാക്കി കേന്ദ്രം മാറ്റുകയാണ്. കേരളത്തെ തകർക്കുക എന്നത് ആണ് കേന്ദ്ര സർകാർ ലക്ഷ്യ'മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'ദേശീയപാത വികസനത്തിൽ 25 ശതമാനം വിഹിതം കേരളം വഹിച്ചു. 5580 കോടി കൈമാറി. ഇതും വായ്പ ആയി കണ്ട് വെട്ടിക്കുറച്ചു.
കേരള ലോട്ടറി കൊണ്ട് ജീവിക്കുന്നത് പാവങ്ങളാണ്. അതിന് 40 ശതമാനം നികുതി കേന്ദ്രം ചുമത്തി. ലോട്ടറിയെ പോലും ദ്രോഹിച്ചു. കേന്ദ്രം ഇങ്ങനെ ചെയ്യുമ്പോൾ വികസനം നടപ്പാക്കാൻ ആകുന്നില്ല. കേന്ദ്രത്തിന്റെ അനീതിക്ക് എതിരെ ഒരുമിച്ച് ശബ്ദം ഉയരണം. പ്രതിപക്ഷം കേരളത്തിന് അർഹമായ വിഹിതം കിട്ടാൻ ഒന്നും ചെയ്യുന്നില്ല. പ്രതിപക്ഷ നേതാവും എംപി മാരും ജനങ്ങളോട് അനീതി കാണിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിനായി നാടിന്റെ വികസനത്തെ ബലി കൊടുക്കുകയാണവർ. ഇവർ മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. വികസനം മുടക്കാൻ ചെയ്യാവുന്നത് എല്ലാം പ്രതിപക്ഷം ചെയ്യുകയാണ്. കേന്ദ്രം അന്യായമായി വെട്ടിക്കുറച്ച വായ്പ പരിധി തിരിച്ച് തരണം. ചോദിക്കുന്നത് ദാനം അല്ല. അർഹമായ കടമെടുപ്പ് അവകാശം തിരികെ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്‌ഐആർ കരട് പട്ടികയിൽ നിന്ന് 24ലക്ഷം പേർ ഒഴിവാക്കപ്പെട്ടിരിക്കയാണ്. 19.32 ലക്ഷം പേർ വോട്ടവകാശം ഉറപ്പിക്കാൻ വീണ്ടും ഹിയറിങ്ങ് പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടിവരും. മുമ്പ് വോട്ട് ചെയ്തവരാണ് ഒഴിവാക്കപ്പെട്ടവർ. ചില ബൂത്തുകളിൽ നിരവധി പേരെ ഒഴിവാക്കി. അർഹതയുള്ള ഒരു വോട്ടർ പോലും പുറത്താകാൻ പാടില്ല. അത് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവരെ സഹായിക്കാൻ വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കും. പൊതുജനങ്ങൾക്ക് ആവശ്യമായ സഹായം നൽകാൻ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി ജില്ലാ കലക്ടർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥയുണ്ടാകരുത്. അതിനായി സർക്കാർ രേഖ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമപിൻബലത്തോടുകൂടിയുള്ള ആധികാരിക രേഖയായിരിക്കും ഇത്. വ്യക്തിയുടെ ജനനും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയായിരിക്കും ഇത്. പൗരത്വ ആശങ്കകൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Pinarayi Vijayan strongly criticizes attacks on Christmas celebrations