

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ജീവിതശൈലിക്കും സാമ്പത്തിക കരുത്തിന്റെയും പ്രതീതിയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. എന്നാൽ ഈ വലിയ നേട്ടങ്ങൾക്കിടയിലും യുഎഇ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ശുദ്ധജലക്ഷാമം. അറേബ്യൻ ഉപദ്വീപിലെ വരണ്ട മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്ത് സ്ഥിരമായി ഒഴുകുന്ന നദികളോ പ്രകൃതിദത്ത തടാകങ്ങളോ ഇല്ല. എങ്കിലും യുഎഇയിൽ ജലം ലഭിക്കുന്ന ചില സ്രോതസ്സുകൾ ഇവയാണ്.
ഹജര്‍ പര്‍വത നിരയിൽ നിന്നുള്ള മഴവെള്ളത്തെയാണ് യുഎഇ പ്രധാനമായും ആശ്രയിക്കുന്നത്. ഇത് അരുവികളിലും മലയിടുക്കുകളിലും ജലമെത്തിക്കുന്നു. ഒരുകാലത്ത് യുഎഇയിലെ പ്രകൃതിദത്ത സ്രോതസ്സുകൾ എല്ലാ ജല ആവശ്യങ്ങളും നിറവേറ്റിയിരുന്നു. എങ്കിലും ഇന്ന് സമുദ്രജല ശുദ്ധീകരണത്തിലൂടെയാണ് ഭൂരിഭാഗം ജലലഭ്യതയും ഉറപ്പാക്കുന്നത്. എന്നാൽ വർധിച്ചുവരുന്ന നഗരവൽക്കരണം, ജനസംഖ്യാ വർദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, ഭൂഗർഭജലത്തിന്റെ അമിതമായ ചൂഷണം എന്നിവ യുഎഇയിൽ ജലലഭ്യതയ്ക്ക് തിരിച്ചടിയാണ്.
സമുദ്ര ജലത്തിന്റെ ശുദ്ധീകരണം
2015-ലെ സ്റ്റേറ്റ് ഓഫ് എനർജി റിപ്പോർട്ട് പ്രകാരം, യുഎഇയുടെ ജലാവശ്യത്തിന്റെ 42 ശതമാനവും സമുദ്രജല ശുദ്ധീകരണത്തിലൂടെയാണ് ലഭ്യമാകുന്നത്. ഇതിനായി 70-ഓളം പ്രധാന പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ മൊത്തം ശുദ്ധീകരിച്ച സമുദ്രജല ഉത്പാദനത്തിന്റെ 14 ശതമാനം സംഭാവന ചെയ്യുന്നതും യുഎഇയാണ്. സമുദ്രജല ഉത്പാദന രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകരിലൊന്ന് യുഎഇയാണെന്നതും മറ്റൊരു വസ്തുതയാണ്.
ഭൂഗർഭജലം
യുഎഇയിൽ പരിമിതമാണ് ഭൂഗർഭ ജലം. എന്നാൽ ഇവ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. എന്നാൽ അമിതമായ ജലചൂഷണം ഭൂഗർഭജലത്തിന്റെ അളവ് കുറയ്ക്കുകയാണ്.
സംസ്കരിച്ച മലിനജലം
മലിനജലത്തിന്റെ പുനരുപയോഗത്തിൽ യുഎഇ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ശുദ്ധജലത്തിന്റെ സംരക്ഷണത്തിനായി സംസ്കരിച്ച വെള്ളം ജലസേചനം, വ്യാവസായിക തുടങ്ങിയ ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിടുന്നു. സംസ്കരിക്കപ്പെടുന്ന മലിനജലത്തിന്റെ 95 ശതമാനവും സുരക്ഷിതമായി പുനരുപയോഗിക്കുക എന്നത് യുഎഇയുടെ ലക്ഷ്യമാണ്.
ജലസംഭരണവും ഇറക്കുമതിയും
അടിയന്തര സാഹചര്യങ്ങളിൽ പോലും ജലലഭ്യത ഉറപ്പാക്കുന്നതിനായി വൻകിട ജലസംഭരണികളിലും എമർജൻസി സ്റ്റോറേജ് ടാങ്കുകളിലും യുഎഇ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ജലവിതരണത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അയൽരാജ്യങ്ങളിൽ നിന്ന് വെള്ളം ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യതകളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരുന്നു.
Content Highlights: UAE Lacks Rivers and Freshwater Lakes, but Still Supplies Water to Millions - These Are the Ways