സൗദി അറേബ്യയില്‍ ഭിക്ഷാടനം; 56,000 പാകിസ്താനികളെ നാടുകടത്തി! മക്കയിലും മദീനയിലും രക്ഷയില്ല

ഉംറ വിസ ഉപയോഗിച്ച് എത്തുന്ന പാകിസ്താനികൾ മക്കയിലും മദീനയിലും ഭിക്ഷാടനം നടത്തുന്ന സ്ഥിതിയുണ്ട്

സൗദി അറേബ്യയില്‍ ഭിക്ഷാടനം; 56,000 പാകിസ്താനികളെ നാടുകടത്തി! മക്കയിലും മദീനയിലും രക്ഷയില്ല
dot image

സൗദി അറേബ്യയില്‍ ഭിക്ഷാടനം നടത്തിവന്ന 56000 പാകിസ്താനികളെ നാടുകടത്തി. പാക് പൗരന്മാരുമായി ബന്ധപ്പെട്ട ക്രിമിനൽ പ്രവർത്തനങ്ങളും സംഘടിത ഭിക്ഷാടനവും അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയുടെ നടപടി. പാക് അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താന് അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിലുള്ള നാണക്കേട് ഉണ്ടാക്കുന്ന വിഷയം നേരത്തേയും പാക് പാർലമെന്‍റില്‍ ചർച്ചാ വിഷയമായിരുന്നു. അതേസമയം പാക് പൗരന്മാർക്ക് യുഎഇയും വിസ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനിൽ നിന്നും രാജ്യത്തെത്തുന്നവർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നാണ് യുഎഇയും വ്യക്തമാക്കിയിരിക്കുന്നത്.

പാകിസ്താൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഡാറ്റ തന്നെ ഈ പ്രശ്‌നത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. 2025ൽ എഫ്‌ഐഎ ഉദ്യോഗസ്ഥർ 66154 യാത്രക്കാരെയാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ഇവർ ഭിക്ഷാടന റാക്കറ്റിന്റെ ഭാഗമായിരുന്നു. അനധികൃത കുടിയേറ്റം നടത്താൻ ലക്ഷ്യമിട്ട് രാജ്യവിടാനൊരുങ്ങിയവരെയാണ് പിടികൂടിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇത്തരം ഭിക്ഷാടന റാക്കറ്റുകൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിനുണ്ടാക്കുന്ന കളങ്കം ഗൗരവമായാണ് കാണുന്നതെന്നും ഇത് പലയിടങ്ങളിൽ വ്യാപിക്കുന്നുണ്ടെന്നും FIA ഡയറക്ടർ ജനറൽ റിഫാത്ത് മുക്താർ പറഞ്ഞു. ഗൾഫ് മേഖലകൾ കൂടാതെ ഈ സംഘം ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും സമാനപ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ കമ്പോഡിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ടൂറിസ്റ്റ് വിസ ദുരുപയോഗം ചെയ്താണ് ഇവർ എത്തിപ്പെടുന്നത്. സൗദിയിൽ നിന്നും 56000 പേരെ നാടുകടത്തിയപ്പോൾ ദുബായിൽ നിന്നും ആറായിരം പേരെയും അസർബൈജാനിൽ നിന്നും 2500 പാകിസ്താൻ ഭിക്ഷാടകരെയും നാടുകടത്തിയിട്ടുണ്ട്.

2024ൽ, ഉംറ വിസ ഉപയോഗിച്ച് എത്തുന്ന പാകിസ്താനികൾ മക്കയിലും മദീനയിലും ഭിക്ഷാടനം നടത്തുന്ന സ്ഥിതിയുണ്ടെന്നും ഇത് പ്രതിരോധിക്കണമെന്നും പാകിസ്താന് സൗദി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം പ്രവർത്തികൾ പാകിസ്താനികളായ ഉംറ, ഹജ്ജ് തീർത്ഥാടകരെ ബാധിക്കുമെന്നും സൗദി പാകിസ്താനെ അറിയിച്ചിരുന്നു.

Content Highlights: Saudi Arabia deports 56,000 pakistani's over begging

dot image
To advertise here,contact us
dot image