ആകാശത്തേക്ക് നോക്കാൻ പറ്റുന്നില്ല,വിമാനത്തിന്റെ ശബ്ദം ഭയപ്പെടുത്തുന്നു; വിമാനദുരന്തത്തിൽ മകനെ നഷ്ടപ്പെട്ട അമ്മ

മകനെ തീയില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ പാടുകള്‍ ആ അമ്മയുടെ കൈകളിലിപ്പോഴുമുണ്ട്

ആകാശത്തേക്ക് നോക്കാൻ പറ്റുന്നില്ല,വിമാനത്തിന്റെ ശബ്ദം ഭയപ്പെടുത്തുന്നു; വിമാനദുരന്തത്തിൽ മകനെ നഷ്ടപ്പെട്ട അമ്മ
dot image

എയര്‍ഇന്ത്യ വിമാനം ഗുജറാത്തിലെ അഹമ്മദാബാദില്‍ തകര്‍ന്ന് വീണിട്ട് ആറ് മാസം. അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. തോരാത്ത കണ്ണുനീരുമായി തങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടത്തില്‍ നിന്നും ഇന്ന് മുക്തമായിട്ടില്ല ഒരു കുടുംബവും. വിമാനം തകര്‍ന്നു വീണ സ്ഥലത്തിന് സമീപം നിന്നിരുന്ന പന്ത്രണ്ട് വയസുകാരന്‍ ആകാശ് പാട്‌നിയുടെ മരണം ഇന്നും നോവാണ്. ആകാശിന്റെ മാതാപിതാക്കളും നാലു സഹോദരങ്ങളും വീടിനുള്ളിലൊരു ഷെല്‍ഫില്‍ ഭദ്രമായി വച്ചിരിക്കുന്ന അവന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് എന്നും പ്രാര്‍ത്ഥിക്കാറുണ്ട്. വിമാനാപകടം നടക്കുമ്പോള്‍ ഒരു ചായക്കടയ്ക്ക് സമീപം ഇരിക്കുകയായിരുന്നു ആകാശ്.

വിമാനത്തിന്റെ ഒരു ഭാഗം അവന്റെ മേല്‍ പതിക്കുകയാണ് ഉണ്ടായത്. പുകയും തീയും കാരണം ആര്‍ക്കും അപകടസ്ഥലത്തേക്ക് ആദ്യം കടക്കാനായില്ലെന്ന് പിതാവ് സുരേഷ് പാട്‌നി പറയുന്നു. മകന്‍ കത്തി ചാമ്പലായി, ആശുപത്രിയില്‍ പോലും കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നാണ് ആ പിതാവ് വേദനയോടെ പറയുന്നത്. എല്ലാം നടന്നത് തന്റെ കണ്‍മുന്നിലാണെന്ന് അകാശിന്റെ മാതാവ് സിതാ പാട്‌നി പറയുന്നു. മകനെ തീയില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ പാടുകള്‍ ആ അമ്മയുടെ കൈകളിലിപ്പോഴുമുണ്ട്. രക്ഷിക്കാന്‍ ആവുന്നത്ര ശ്രമിച്ചു പക്ഷേ കഴിഞ്ഞില്ലെന്ന് ആ അമ്മ പറയുന്നു. ഇളയ മകനെ നഷ്ടപ്പെട്ട നിരാശയില്‍ നിന്ന് ഇപ്പോഴും കരകയറാന്‍ കഴിയാത്ത അവസ്ഥയാണ് സുരേഷ് പാട്‌നിക്കിന്. ഏറ്റവും ഇളയ മകനെ അത്രയും ലാളിച്ച് വളര്‍ത്തിയതാണെന്ന് അദ്ദേഹം പറയുന്നു. തനിക്കിത് സഹിക്കാന്‍ കഴിയുന്നില്ലെന്നും വിമാനത്തിന്റെ ശബ്ദം പോലും കേള്‍ക്കുന്നത് പേടിപ്പെടുത്തുന്നെന്നും ആകാശത്തേക്ക് പോലും നോക്കാന്‍ കഴിയില്ലെന്നും ആകാശിന്റെ അമ്മ പറയുന്നു.

സമാനമാണ് കിരിത്‌സിന്‍ ചാവ്ദയുടെയും അനുഭവം. സഹോദരനെയും സഹോദര ഭാര്യയെയുമാണ് കുടുംബത്തിന് നഷ്ടമായത്. താന്‍ താമസിക്കുന്നതിന് അടുത്തായിരുന്നു അപകടമുണ്ടായതെന്ന് ചാവ്ദ പറയുന്നു. കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് മൃതശരീരങ്ങള്‍ മാത്രമാണ് ലഭിച്ചത്. അവരെ കണ്ടെത്താന്‍ ഒരാഴ്ചയോളം സമയമെടുത്തുവെന്ന് അദ്ദേഹം പറയുന്നു. എങ്ങനെയാണ് ഈ അപകടം സംഭവിച്ചതെന്ന് അറിയണമെന്നാണ് അദ്ദേഹം പറയുന്നത്. സഹോദരനെയും കുടുംബത്തെയും നഷ്ടപ്പെട്ട ദു:ഖം തന്നെയാണ് ബഡാസാബ് സെയ്ദിനും പങ്കുവയ്ക്കാനുള്ളത്. ദില്ലിയില്‍ നിന്നും ലണ്ടനിലേക്ക് പോകാമെന്ന പദ്ധതിമാറ്റിയാണ് സഹോദരനും കുടുംബവും അപകടത്തില്‍പ്പെട്ട വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചതെന്ന് സെയ്ദ് പറയുന്നു. നഷ്ടപരിഹാരമൊന്നുമല്ല തനിക്ക് വേണ്ടതെന്നും ആരാണ് ഇതിന് ഉത്തരവാദിയെന്ന് അറിയണമെന്നും അദ്ദേഹം പറയുന്നു.

260 പേരുടെ മരണത്തിനിടയാക്കി എയര്‍ ഇന്ത്യ ബോയിങ് 787 -8 ഡ്രീംലൈനര്‍ ദുരന്തം നടന്നിട്ട് ആറുമാസം പിന്നിടുമ്പോഴും ഇപ്പോഴും പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും അപകടത്തിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നത് പ്രകാരം അപകടം നടന്ന് ഒരു മാസം പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഒരു പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഗുജറാത്തിലെ അഹമ്മാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് എയര്‍ഇന്ത്യ വിമാനം തകര്‍ന്ന് വീണത്. ചില സാങ്കേതികമായ വിവരം മാത്രമായിരുന്നു ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത്. ഇപ്പോഴും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

230 യാത്രികരുമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ഇക്കഴിഞ്ഞ ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.38നാണ് എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. പന്ത്രണ്ട് ക്രൂഅംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളമായിരുന്നു ലക്ഷ്യം. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വിമാനം മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കെട്ടിടത്തിന് മുകളില്‍ തകര്‍ന്ന് വീണു. റണ്‍വേയില്‍ നിന്നും കുറച്ച് മാത്രം അകലെയാണ് വിമാനം തകർന്ന് വീണത്. വീഡിയോ ദൃശ്യങ്ങളില്‍ ടേക്ക് ഓഫിന് ശേഷം മുകളിലേക്ക് കുതിക്കാന്‍ വിമാനത്തിന് കഴിഞ്ഞില്ലെന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും വിമാനം തകര്‍ന്ന് വീണയിടത്തുണ്ടായിരുന്ന 19 പേരും മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരു യാത്രികന്‍ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ 200 ഇന്ത്യക്കാരും 52 ബ്രിട്ടീഷുരാരും ഏഴ് പോര്‍ച്ചുഗല്‍ പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്.

Content Highlights: Six months on, families mourn on their loved ones death on Air India Crash

dot image
To advertise here,contact us
dot image