

മാധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി കാണിച്ച് പാക് സൈനിക വക്താവ്. പാകിസ്താന്റെ ഇന്റർ സർവീസസ് പബ്ലിക്ക് റിലേഷൻസ് ഡയറക്ടർ ജനറലായ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ശക്തമാവുകയാണ്. തടവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറിച്ച് മാധ്യമപ്രവർത്തകയായ അബസാ കോമന് മറുപടി നൽകിയതിന് ശേഷമായിരുന്നു സൈനിക വക്തമാവ് കണ്ണിറുക്കി കാണിച്ചത്.
ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും രാജ്യവിരുദ്ധനാണെന്നുമടക്കം ഇമ്രാൻഖാന് എതിരെ ഉരുന്ന ആരോപണങ്ങളെ കുറിച്ചായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. ഇതിന് പുറമേ, പഴയ കാലത്ത് നിന്നും ഈ ആരോപണങ്ങൾക്ക് മാറ്റം സംഭവിച്ചുണ്ടോയെന്നും ഇതേ കുറിച്ച് ഇനി എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമോ എന്നും മാധ്യമപ്രവർത്തക സൈനിക വക്താവിനോട് ചോദിച്ചിരുന്നു. മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്ക് പിന്നാലെ, അവർ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ക്ക് പുറമേ ഇമ്രാൻ ഖാൻ ഒരു മാനസിക രോഗിയാണെന്ന് പറഞ്ഞതിന് ശേഷമാണ് ഇയാൾ കണ്ണിറുക്കി കാട്ടിയത്.
കാമറയ്ക്ക് മുന്നിലാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും പാകിസ്താനില്‍ ജനാധിപത്യമൊക്കെ എന്നേ അവസാനിച്ചെന്നുമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. പാകിസ്താൻ പ്രധാനമന്ത്രി വെറുമൊരു പപ്പറ്റാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
മുമ്പ് ഇമ്രാൻ ഖാനെതിരെ പല ആരോപണങ്ങളും ഉന്നയിച്ച സൈനിക ഉദ്യോഗസ്ഥനാണ് ചൗധരി. തനിക്ക് അധികാരമില്ലെങ്കിൽ ഇവിടെ ഒന്നും നിലനിൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇമ്രാൻ ഖാനെന്നും ജയിലഴിക്കുള്ളിലായിരുന്നിട്ടും പാക് സൈന്യത്തിനെതിരെ വിഷം വമിക്കുകയാണ് ഇമ്രാനെന്നുമാണ് ചൗധരിയുടെ ആരോപണങ്ങൾ. പാക് സൈന്യത്തിനും ജനങ്ങൾക്കും ഇടയിൽ പ്രതിസന്ധി സൃഷ്ടിക്കാനും ഇമ്രാൻ ശ്രമിച്ചുവെന്നാണ് ചൗധരിയുടെ വാദം.
Content Highlights: Pak army spokeperson winkled at journalist during Presser