ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങള്‍ അവഗണിക്കരുത്

പോഷകാഹാരകുറവ് ശരീരത്തില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങള്‍ അവഗണിക്കരുത്
dot image

മനുഷ്യന്റെ ശരീരം ഒരു അത്ഭുതം തന്നെയാണ്. ആരോഗ്യപരമായുണ്ടാകുന്ന ചെറിയ തകരാറുകള്‍ പോലും ശരീരം ലക്ഷണങ്ങളിലൂടെ കാണിച്ചുതരുന്നു. നഖങ്ങളും തലമുടിയും ചര്‍മ്മവും തുടങ്ങി ശരീരത്തിന്റെ പല ഭാഗങ്ങിലൂടെയും സൂക്ഷ്മമായ ലക്ഷണങ്ങള്‍ നല്‍കി ശരീരം നിരന്തരം അതിന്റെ ആവശ്യങ്ങള്‍ നമ്മളോട് ആശയവിനിമയം നടത്തുന്നുണ്ട്. എന്നും കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തിനുണ്ടാകുന്ന ഓരോ മാറ്റവും ശ്രദ്ധിക്കേണ്ടതാണ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി തീവ്രമായ പോഷകാഹാരകുറവ് മൂലം ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് പറയുകയാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്.

നഖങ്ങള്‍ പൊട്ടുന്നു

നഖങ്ങള്‍ ദുര്‍ബലമാവുകയും നേര്‍ത്തതാവുകയും പൊട്ടി പോവുകയും ചെയ്യാറുണ്ടോ? ഈ ലക്ഷണം അത്ര നിസ്സാരമല്ല. ശ്രദ്ധിക്കാതിരിക്കുകയും ചെയ്യരുത്. നഖങ്ങള്‍ പൊട്ടുന്നത് ശരീരത്തില്‍ പ്രോട്ടീനും ഇരുമ്പും കുറവാണെന്ന് കാണിക്കുന്നു. ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോള്‍ നഖ കോശങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുന്നു. നഖങ്ങള്‍ കൂടുതല്‍ ദുര്‍ബലമാകുന്നുവെന്ന് തോന്നുമ്പോള്‍ ഇരുമ്പും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്.

 vitamin deficiency

കണ്‍പോളകളിലെയും കൈകാലുകളിലേയും വലിച്ചില്‍

മിക്ക ആളുകളും അവഗണിക്കുന്ന ഒന്നാണ് കണ്‍പോളകളിലും കൈകാലുകളിലും ഉണ്ടാകുന്ന വലിച്ചില്‍. ക്ഷീണം, ദിവസം മുഴുവനുള്ള അധ്വാനം, ഒന്ന് വിശ്രമിച്ചാല്‍ ഇതൊക്കെ മാറും എന്ന് വിചാരിക്കുന്നവരാണ് അധികവും. കണ്‍പോളകളിലെയും ചര്‍മ്മത്തിലെയും വലിച്ചിലിന് കാരണം മഗ്നീഷ്യത്തിന്റെ കുറവാണ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രക്തത്തിലെ മഗ്നീഷ്യത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഹൈപ്പോഗ്ലെസീമിയ എന്ന അവസ്ഥ മുഖത്തെയും കൈകാലുകളിലെയും വലിച്ചിലും സങ്കോചത്തിനും കാരണമാകുമെന്ന് പറയുന്നു. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡാര്‍ക് ചോക്ലേറ്റ്, മത്തങ്ങ വിത്തുകള്‍, ബദാം, ഇലക്കറികള്‍ എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

 vitamin deficiency

സന്ധികള്‍ ചലിപ്പിക്കുമ്പോഴുള്ള ശബ്ദം

സന്ധികള്‍ ചലിപ്പിക്കുമ്പോള്‍ പൊട്ടുന്നതുപോലുള്ള ശബ്ദം കേള്‍ക്കാറുണ്ടോ? ഇത് പ്രായമായതിന്റെ സൂചനയല്ല. വിറ്റാമിന്‍ ഡി-3 അല്ലെങ്കില്‍ കാല്‍സ്യം കുറവിന്റെ സൂചനയാണ്. അസ്ഥികളുടെ സാന്ദ്രതയും ആരോഗ്യവും നിലനിര്‍ത്താന്‍ കാല്‍സ്യവും വിറ്റാമിന്‍ ഡി-3 യും ആവശ്യമാണ്.ഇവയുടെ അളവ് കുറയുമ്പോള്‍ അസ്ഥികള്‍ ദുര്‍ബലമാകും.

അകാല നര

ഇന്ന് മിക്ക ആളുകളും നേരിടുന്ന വെല്ലുവിളിയാണ് അകാല നര. അകാലനരയ്ക്ക് പിന്നിലെ കാരണം വിറ്റാമിന്‍ ബി12 ന്റെ കുറവായിരിക്കാം. ഈ വിറ്റാമിന്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും രോമകൂപങ്ങള്‍ക്കിടയിലുള്ള ഓക്‌സിജന്റെ ഒഴുക്കിനും പ്രധാനമാണ്. 1986ല്‍ ആര്‍ച്ച് ഡെര്‍മറ്റൊളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അകാലനര വിറ്റാമിന്‍ ബി 12 ന്റെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പോഷകം മെലാനിന്റെ ഉത്പാദനത്തിനും മുടിക്ക് നിറം നല്‍കാനും സഹായിക്കുന്നു.

 vitamin deficiency

ചര്‍മ്മത്തിലെ ചതവ്

ചര്‍മ്മത്തില്‍ കാരണമില്ലാതെ കാണപ്പെടുന്ന ചതവ് വിറ്റാമിന്‍ സി യുടെ കുറവ്‌കൊണ്ട് സംഭവിക്കുന്നതാണ്. ഇതോടൊപ്പം രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ 1 ന്റെ കുറവിനെയും സൂചിപ്പിക്കാം. വിറ്റാമിന്‍ C ധാരാളം അടങ്ങിയ പഴങ്ങള്‍(ഓറഞ്ച്, നാരങ്ങ, സ്‌ട്രോബറി, ബ്രൊക്കോളി,ബ്രസല്‍സ് മുളകള്‍) ആഹാരത്തില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങളുടെ കുറവ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ശരീരത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് സംരക്ഷിക്കേണ്ടതാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights : Don't ignore these 5 signs your body is showing. Malnutrition can cause major health problems in the body.

dot image
To advertise here,contact us
dot image