

കൊച്ചി: കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനെയും കോഴിക്കോട് എം പി എം കെ രാഘവനെയും രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിനാൽ ഈ റേഷൻവിഹിതം എന്തിന് കേരളത്തിന് നൽകണമെന്ന ധ്വനിയോടെ കൊല്ലം, കോഴിക്കോട് എം പിമാർ ലോക്സഭയിൽ ചോദ്യം ഉന്നയിച്ചു എന്നാണ് ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് എം വി ഗോവിന്ദൻ്റെ വിമർശനം. റേഷൻവിഹിതവും കാർഡുകളും റദ്ദാക്കുമോ എന്ന ചോദ്യവും കൊല്ലം, കോഴിക്കോട് എംപിമാർ ലോക്സഭയിൽ ഉന്നയിച്ചെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്.
'ഈ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പ്രകടനപത്രികയിൽ എൽഡിഎഫ് പ്രധാനമായും മുന്നോട്ടു വച്ച വാഗ്ദാനം കേവലദാരിദ്ര്യവും അവസാനിപ്പിക്കുമെന്നാണ്. നൽകുന്ന വാഗ്ദാനം നടപ്പാക്കുന്ന സർക്കാരായതിനാൽ ഇതും നടപ്പായാൽ ജനങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം വർധിക്കുമെന്ന് യുഡിഎഫ് ഭയക്കുന്നു. അതിനാൽ എന്തുവിലകൊടുത്തും അത് തടയണമെന്നാണ് യുഡിഎഫിന്റെ പക്ഷം. അതുകൊണ്ടാണ് അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെടുന്നവർക്ക് ലഭിച്ചുവരുന്ന റേഷൻവിഹിതം റദ്ദ് ചെയ്യാൻ മോദിസർക്കാരിന് ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ യുഡിഎഫ് എംപിമാർ പാർലമെന്റിൽ ചോദ്യങ്ങളുന്നയിച്ചതെന്നാണ് എം വി ഗോവിന്ദൻ്റെ വിമർശനം.
സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്ന പദ്ധതി തടയുകയാണ് യുഡിഎഫ് ലക്ഷ്യമെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതിദാരിദ്ര്യവും കേവലദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസമെന്താണെന്നുപോലും മനസ്സിലാക്കാതെ സർക്കാരിൻ്റെ പദ്ധതി തടയുക എന്ന ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളത്. മനുഷ്യത്വത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്ന ആരും ചെയ്യാൻ മടിക്കുന്ന കാര്യമാണ് യുഡിഎഫ് എം പിമാർ ചെയ്യുന്നത്. സാമൂഹ്യക്ഷേമ പെൻഷനെ കൈക്കൂലിയായി വിശേഷിപ്പിച്ചത് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള പ്രവർത്തകസമിതി അംഗമായിരുന്നല്ലോ? ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയുമായും മോദിസർക്കാരുമായും കൂട്ടുകൂടാൻ ഇവർക്ക് ഒരു മടിയുമില്ലെ'ന്നും ദേശാഭിമാനിയിലെ ലേഖനത്തിൽ എം പി ഗോവിന്ദൻ വ്യക്തമാക്കുന്നു.
പി എം ശ്രീ പദ്ധതിയിൽ കേന്ദ്രസർക്കാരിനും സംസ്ഥാനത്തിനുമിടയിൽ പാലമായി എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയുടെ പേരിൽ വിമർശനം നേരിടേണ്ടി വന്ന ജോൺ ബ്രിട്ടാസിനെ ലേഖനത്തിൽ എം വി ഗോവിന്ദൻ ന്യായീകരിച്ചിട്ടുണ്ട്. 'കേരളത്തിൻ്റെ താൽപ്പര്യത്തിന് നില കൊള്ളുന്ന ഇടതുപക്ഷ എംപിമാരെ ബിജെപിയുമായുള്ള പാലമായി ഇവർ ചിത്രീകരിക്കുന്നു. മാധ്യമങ്ങൾ അത് ഏറ്റുപാടുന്നു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെതിരെ മോശം ഭാഷയിലുള്ള അധിക്ഷേപങ്ങളാണ് യുഡിഎഫ് നേതാക്കൾ ചൊരിഞ്ഞത്. യുഡിഎഫ് പത്രം ഈ വാർത്ത ലീഡാക്കിയപ്പോൾ ബ്രിട്ടാസ് പറഞ്ഞ ഒരു വരിപോലും ആ ദിവസം പ്രസിദ്ധീകരി ക്കാതിരിക്കാൻ അതീവശ്രദ്ധ കാട്ടുകയും ചെയ്തു. പിഎം ശ്രീയിൽ ഒപ്പിടാത്തതിൻ്റെ പേരിൽ സമഗ്രശിക്ഷാ അഭിയാൻ ഫണ്ടിനത്തിൽ കേരളത്തിന് ലഭിക്കാനുള്ള 1160.52 കോടി രൂപ ഉൾപ്പെടെ നേടാനാണ് ബ്രിട്ടാസ് ശ്രമിച്ചത്. കേരളത്തിന്റെ താൽപ്പര്യത്തിന് ആരെങ്കിലും സംസാരിച്ചാൽ അവരെ ബിജെപിയുമായി ബന്ധമുള്ളവരെന്ന് ചാപ്പ കുത്താനാണ് ശ്രമം. അവിടെയും ലക്ഷ്യം വ്യക്തമാണ്, കേരളത്തിന് അർഹമായതുപോലും തടയുക' എന്നാണ് എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മോദി സ്തുതി ഗീതം പാടുന്ന ശശി തരൂരിനെ മാധ്യമങ്ങളോ യുഡിഎഫ് നേതാക്കളോ പാലമായി വിശേഷിപ്പിച്ചത് കണ്ടിട്ടില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മോദിസ്തുതി ഗീതം പാടിക്കൊണ്ടിരിക്കുന്നത് കോൺഗ്രസ് എംപി ശശി തരൂരാണ്. അദ്ദേഹത്തെ യുഡിഎഫ് നേതാക്കളോ മാധ്യമങ്ങളോ പാലമായോ ബ്രിഡ്ജ് ആയോ വിശേഷിപ്പിക്കുന്നത് കണ്ടില്ല. റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യ സന്ദർശിച്ച വേളയിൽ പ്രതിപക്ഷനേതാവിനെയോ കോൺഗ്രസ് അധ്യക്ഷനെയോ ക്ഷണിക്കാത്ത പരിപാടിയിൽ തരുരിന് ക്ഷണം ലഭിക്കുകയും അദ്ദേഹം പങ്കെടുക്കു കയും ചെയ്തപ്പോഴും യുഡിഎഫിന് ഒരു പ്രശ്നവുമില്ല. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾക്കും അതിൽ പ്രശ്നമില്ലെന്നാണ് എം വി ഗോവിന്ദൻ വിമർശിച്ചിരിക്കുന്നത്.
തരൂരിനെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ സമ്മർദം ചെലുത്തുന്നത് കെ സി വേണുഗോപാലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി ചൂണ്ടിക്കാണിച്ച് രൂക്ഷവിമർശനവും എം വി ഗോവിന്ദൻ ഉയർത്തിയിട്ടുണ്ട്. രാജസ്ഥാനിൽ കോൺഗ്രസിനുണ്ടായിരുന്ന രാജ്യസഭാംഗത്വം ബിജെപിക്ക് വെള്ളിത്തളികയിൽ സംഭാവന ചെയ്തയാളാണ് വേണുഗോപാൽ. ഇതേ വേണുഗോപാലാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാൻ കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാന സർക്കാരുകളെയും നിർബന്ധിച്ചത്. എന്തൊരു ഇരട്ടത്താപ്പാണിത്. ഇതിൻ്റെയൊക്കെ ഉദ്ദേശ്യം ഒന്നേയുള്ളു. ഒരുതരത്തിലും എൽഡിഎഫിന്റെ കീഴിൽ കേരളത്തെ വളരാൻ അനുവദിക്കില്ല. യു ഡിഎഫിൻ്റെ ഈ കേരളവിരുദ്ധതയ്ക്കെതിരായ ജനവിധിയാകും തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുകയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കുന്നുണ്ട്.
Content highlights: Ration Allocation Question in Lok Sabha MV Govindan criticizes NK Premachandran and MK Raghavan