

ലോകകപ്പിന് രണ്ട് മാസം കൂടെയെ ബാക്കിയുള്ളൂ. ഇന്ത്യൻ ടി20 ടീമിൽ സഞ്ജു സാംസന്റെ സ്ലോട്ട് ഏതാണ്? ആ അനിശ്ചിതത്വം ഇനിയും ഒഴിഞ്ഞിട്ടില്ല. ടോപ് ഓർഡറിൽ നന്നായി ബാറ്റ് വീശിക്കൊണ്ടിരിക്കുന്ന സഞ്ജുവിനെ ഗില്ലിന്റെ വരവോടെ ഓപ്പണിങ് സ്ലോട്ടിൽ നിന്ന് മാറ്റുന്നു. അതിന് ശേഷം തന്റെ സ്ഥാനമേതാണ് എന്ന് സഞ്ജുവിന് കൃത്യമായി അറിയില്ല.
ജിതേഷ് ശർമയുടെ വരവോടെ ഫിനിഷറുടെ റോളിൽ ടീം അയാളെ പരിഗണിക്കാന്‍ തീരുമാനിക്കുന്നു. ഇതോടെ സഞ്ജുവിന്റെ സ്ഥാനം ബെഞ്ചിലാവും എന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സഞ്ജുവിനെ കുറിച്ച് ജിതേഷ് നടത്തിയൊരു പ്രതികരണം ഇപ്പോൾ വൈറലാണ്. സഞ്ജു തനിക്ക് മൂത്ത സഹോദരനെ പോലെയാണ് എന്നാണ് ജിതേഷിന്റെ പ്രതികരണം.
'ഞങ്ങൾക്കിടയിൽ ആരോഗ്യ പരമായ മത്സരമാണുള്ളത്. സഞ്ജു എനിക്ക് സഹോദരനെ പോലെയാണ്. ആരോഗ്യപരമായ മത്സരം നിങ്ങളിലെ പ്രതിഭയെ പുറത്ത് കൊണ്ട് വരും. ടീമിന് ഇത് ഗുണകരമാണ്. സഞ്ജു ഇന്ത്യ കണ്ട മികച്ച കളിക്കാരിൽ ഒരാളാണ്. ഞങ്ങൾ രണ്ട് പേരും രാജ്യത്തിനായാണ് കളിക്കുന്നത്. ബാറ്റിങ്ങിലും കീപ്പിങ്ങിലുമൊക്കെ അദ്ദേഹം എന്നെ പലപ്പോഴും സഹായിക്കാറുണ്ട്.'- ജിതേഷ് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 യിൽ സഞ്ജുവിന് പകരം ജിതേഷാണ് ടീമിൽ ഇടംപിടിച്ചത്. അഞ്ച് പന്തിൽ 10 റൺസായിരുന്നു ജിതേഷിന്റെ സമ്പാദ്യം. വിക്കറ്റിന് പിറകിൽ മികച്ച പ്രകടനമാണ് ജിതേഷ് കട്ടക്കിൽ പുറത്തെടുത്തത്. നാല് ക്യാച്ചുകൾ ഇന്നലെ ജിതേഷ് സ്വന്തം പേരിലാക്കി.
Content Highlight: Jitesh Sharma says Sanju is like his brother