തട്ടിപ്പുകാരും അപ്ഗ്രേഡ് ആകുന്നു ! ഇ-സിം അപ്‌ഗ്രേഡിന് 'തലകുലുക്കി', ഡോക്ടർക്ക് പോയത് പത്തര ലക്ഷം

മുംബൈയിലെ ഒരു പ്രശസ്തനായ ഡോക്ടർക്കാണ് ഇ സിം അപ്‌ഗ്രേഡിന്റെ പേരിൽ പണം നഷ്ടപ്പെട്ടത്

തട്ടിപ്പുകാരും അപ്ഗ്രേഡ് ആകുന്നു ! ഇ-സിം അപ്‌ഗ്രേഡിന് 'തലകുലുക്കി', ഡോക്ടർക്ക് പോയത് പത്തര ലക്ഷം
dot image

രാജ്യത്ത് നിരവധി ഡിജിറ്റൽ തട്ടിപ്പുകളാണ് നടന്നുവരുന്നത്. ഫോണിലൂടെയും മറ്റും ആളുകളെ ഓരോ കാര്യങ്ങൾ പറഞ്ഞ് കബളിപ്പിച്ച ശേഷം വലിയ തുകയാണ് തട്ടിപ്പുകാർ തട്ടിയെടുക്കുന്നത്. റിസർവ് ബാങ്ക്, എൻഐഎ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പേരിൽ ഇത്തരത്തിൽ തട്ടിപ്പ് നടന്നുവരുന്നുണ്ട്. എന്നാൽ അടുത്തിടെ ഇ-സിം അപ്‌ഗ്രേഡിന്റെ പേരിൽ ഇത്തരത്തിലൊരു ഡിജിറ്റൽ തട്ടിപ്പ് നടന്നു. ഒന്നും രണ്ടുമല്ല, 10.5 ലക്ഷം രൂപയാണ് തട്ടിയെടുക്കപ്പെട്ടത്.

മുംബൈയിലെ പ്രശസ്തനായ ഡോക്ടർക്കാണ് ഇ-സിം അപ്‌ഗ്രേഡിന്റെ പേരിൽ 10.5 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സെപ്റ്റംബർ രണ്ടാംവാരമാണ് സംഭവം ഉണ്ടായത്. നിലവിൽ ഡോക്ടർ ഉപയോഗിക്കുന്ന സർവീസ് പ്രൊവൈഡറുടെ കമ്പനിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ആൾ ഇ-സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇ-സിമ്മിന്റെ നിരവധി ഗുണങ്ങളും ഇയാൾ പറഞ്ഞുകൊടുത്തു. ഇതോടെ ഡോക്ടർ സർവീസ് പ്രൊവൈഡറുടെ ആപ്പിൾ കയറിയ ശേഷം ഇ-സിമ്മിന് അപേക്ഷിക്കുകയായിരുന്നു.

തുടർന്ന് ഡോക്ടർക്ക് ഒരു ഒടിപി ലഭിച്ചു. ഇത് തട്ടിപ്പുകാരനുമായി പങ്കുവെക്കുകയും ചെയ്തു. പിന്നീട് തട്ടിപ്പുകാരൻ 24 മണിക്കൂറിനുള്ളിൽ ഇ-സിം ആക്ടിവേറ്റ് ആകുമെന്ന് പറഞ്ഞ് ഫോൺ വെക്കുകയായിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷമാണ് ഡോക്ടർക്ക് ചതി മനസിലായത്. തന്റെ ഇമെയിൽ പാസ്സ്‌വേർഡ് മാറിയിരുന്നതായും തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പത്തര ലക്ഷം രൂപ തട്ടിയെടുത്തതായും ഡോക്ടർക്ക് മനസിലായി.

ഉടൻതന്നെ ഡോക്ടർ മുംബൈ പൊലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് പൂനെയിൽ നിന്ന് ഒരു യുവാവിനെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കണ്ടെത്തുകയും ചെയ്തു.

പല വഴികളിലൂടെയും ഡിജിറ്റൽ തട്ടിപ്പ് നടക്കാറുണ്ടെങ്കിലും ഇത്തരത്തിൽ ഇ-സിം തട്ടിപ്പ് പുതിയതാണ്. ഇ-സിം എന്നത് പുതിയ സംവിധാനമായതിനാലും അവയിലേക്ക് മാറുന്നത് സ്വാഭാവികമാണ് എന്നതിനാലും ആളുകൾ എളുപ്പം വിശ്വസിച്ചേക്കാം. സർവീസ് പ്രൊവൈഡറുടെ ഓഫീസിൽ നിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ നമ്മളെ വലയിലാകുക. ഡോക്ടർക്കുണ്ടായത് പോലെ, ഒടിപി ആവശ്യപ്പെടുകയാണ് ഇവർ ആദ്യം ചെയ്യുക. ഒടിപി ലഭിച്ചാൽ ഒറിജിനൽ സിം ഡീആക്ടിവേറ്റ് ചെയ്ത ശേഷം തങ്ങളുടെ ഫോണിൽ ഇവർ ഒരു ഡ്യൂപ്ലിക്കേറ്റ് ഇ സിം ആക്ടിവേറ്റ് ചെയ്യും. ഇതോടെ നമ്മുടെ മൊത്തം വിവരങ്ങളും ഇവർക്ക് ലഭിക്കും. ഇങ്ങനെയാണ് തട്ടിപ്പ് നടക്കുക.

തട്ടിപ്പ് തിരിച്ചറിയാൻ ഒരു മാർഗമുണ്ട്. തട്ടിപ്പുകാരൻ പെട്ടെന്ന് കാര്യങ്ങൾ നീക്കാനുള്ള തിടുക്കം കാണിക്കുകയും, കൃത്യമായ വെരിഫിക്കേഷനും മറ്റും ഇല്ലാതെ കാര്യങ്ങൾ നീക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് ഒരു സൂചനയാണ്. അനൗദ്യോഗികമായ വഴികളിലൂടെയും നമ്പറുകളിലൂടെയും ഒടിപി, പിൻ എന്നിവ ആവശ്യപ്പെട്ടാൽ ഉടൻതന്നെ നമ്മൾ സംശയിക്കണം. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സൈറ്റുകൾ ഉള്ള കാലമാണ്. എന്നാൽ അവയിലെല്ലാം എന്തെങ്കിലും തരത്തിൽ ഒരു കൃത്രിമത്വം ഒളിഞ്ഞുകിടക്കുന്നുണ്ടാകും. ഡിസൈനിലോ, ഫോണ്ടിലോ തുടങ്ങി എന്തെങ്കിലും മാറ്റം ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ തട്ടിപ്പാണെന്ന് മനസിലാക്കാനാകണം.

Content Highlights: doctor lost 11 lakhs on fake e sim upgrade, how to prevent

dot image
To advertise here,contact us
dot image