

രാവിലെ വൈകി എഴുന്നേറ്റാൽ ഏറ്റവും കൂടുതൽ വഴക്ക് കേൾക്കേണ്ടി വരിക അമ്മമാരിൽ നിന്നാകും. പെൺകുട്ടികളുടെ കാര്യത്തിൽ പ്രത്യേകിച്ചും. എന്താ ഇത്ര നേരത്തെ എഴുന്നേറ്റത്, കുറച്ചുകൂടി ഉറങ്ങാരുന്നില്ലേ? ആ രാജകുമാരി എഴുന്നേറ്റോ? തുടങ്ങി നിരവധി കമന്റുകൾ വരിവരിയായി വരും. അതും അല്ലെങ്കിലോ റൂമിലെ ഫാൻ ഓഫാക്കി, ജനൽ തുറന്നും കർട്ടൻ മാറ്റിയും റൂമിൽ വെളിച്ചം വരാൻ ഇടയാക്കി, അടുക്കളിൽ നിന്നും നിരന്തരം എഴുന്നേൽക്കാൻ വിളിച്ചു പറഞ്ഞ്..ഇങ്ങനെ പല അടവുകളും അമ്മമാർ പയറ്റും. ഏറ്റവും അസഹനീയം തലവഴിയെ നല്ല തണുത്ത വെള്ളമൊഴിക്കുന്നതായിരിക്കും. പക്ഷേ ഇവിടെ ഒരമ്മ അതിലും കുറച്ച് കടന്ന് ചിന്തിച്ചാണ് മക്കൾക്ക് പണികൊടുത്തത്.
മദർ ഓഫ് ദ ഇയർ എന്നാണ് സോഷ്യൽ മീഡിയ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വന്തം മക്കളെ ഉറക്കത്തിൽ നിന്നുണർത്താൻ ബാൻഡ് സംഘത്തെയാണ് അമ്മ നിയോഗിച്ചത്. ഡോലും ട്രംഫറ്റും പിടിച്ച രണ്ട് പേരെ വൈറലായ വീഡിയോയിൽ കാണാം. ഇവർ ഒരു വീട്ടിലേക്ക് നടന്നുവരികയാണ്. നേരെ അവർ ആ വീട്ടിലേക്ക് കയറുന്നതാണ് വീഡിയോയിലുള്ളത്. ഇവർ വിവാഹത്തിനോ അല്ലെങ്കിൽ മറ്റേതെങ്കിലും പരിപാടിക്കോ വന്നതല്ല. നേരം വെളുത്ത് നേരം കുറേയായിട്ടും ഉറക്കമെഴീക്കാത്ത പിള്ളേരെ എഴുന്നേൽപ്പിക്കലാണ് ഇവരുടെ ലക്ഷ്യം. രണ്ടുപേരും മുറിക്കുള്ളിലെത്തിയതും സംഗീതം മുഴക്കാൻ തുടങ്ങി. ശബ്ദം കേട്ട് കണ്ണ് തുറന്ന കുട്ടികൾ പൊതപ്പിനുള്ളിൽ മൂടിപുതച്ച് ഉറങ്ങാൻ വീണ്ടും ശ്രമിച്ചെങ്കിലും പക്ഷേ രക്ഷയുണ്ടായില്ല. അവസാനം രണ്ട് പെൺകുട്ടികളിലൊരാൾ എഴുന്നേറ്റ് എന്താണീ സംഭവിക്കുന്നതെന്ന് ചോദിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
അമ്മ അപകടകാരിയാണ്, അപ്പോൾ ഇവരുടെ ഗ്രാൻഡ് പേരന്റ്‌സ് എങ്ങനെയാണെന്ന് ഊഹിച്ച് നോക്കിക്കേ, മോഡേൺ പ്രശ്‌നങ്ങൾക്ക് മോഡേൺ പരിഹാരമാണ് വേണ്ടത്, ഡൽഹിയിലെ തണുപ്പിൽ തണുത്ത വെള്ളമാണ് ഞങ്ങളുടെ ദേഹത്തേക്ക് ഒഴിച്ചിരുന്നത്, എന്റെ അമ്മയാണെങ്കിൽ ഫാൻ ഓഫാക്കിയിട്ട് പോയേനെ എന്നിങ്ങനെ വീഡിയോയ്ക്ക് താഴെ കമന്റുകളുടെ നിരയാണ്.
Content Highlights: Mother hire band team to wake up children