

ഡല്‍ഹിയില്‍ ട്രെയിന്‍ യാത്രക്കിടയില്‍ സീറ്റിനായി പിടിവലി കൂടിയവരില്‍ ഒരാളുടെ ചവിട്ടേറ്റ് ഗർഭിണി ബോധരഹിതയായി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡൽഹിയിൽ ഒരു ട്രെയിൻ യാത്രയ്ക്കിടയിലുണ്ടായ സീറ്റ് തർക്കത്തിന്റെ ദൃശ്യങ്ങള്‍ എക്‌സിലാണ് പ്രത്യക്ഷപ്പെട്ടത്. സീറ്റിനു വേണ്ടിയുള്ള തർക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടയിൽ അകപ്പെട്ട് ബോധരഹിതയായ ഗർഭിണിയായൊരു സ്ത്രീയെയും സമീപം കാണാം. രണ്ട് പുരുഷന്മാരാണ് ട്രെയിന് കോച്ചിനുള്ളിൽ ആദ്യം മൽപിടിത്തം നടത്തിയത്. മറ്റ് യാത്രക്കാർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്. ലോവർ ബർത്തില്‍ ഗർഭിണി ബോധരഹിതയായി തളർന്നു കിടക്കുന്നത് കാണാം. മറ്റൊരു സഹയാത്രിക ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സീറ്റിന് വേണ്ടിയുള്ള തർക്കത്തിനിടയിൽ ഗർഭിണിയായ സ്ത്രീയെ ഒരു യാത്രികൻ ചവിട്ടുകയായിരുന്നു. ഇത് സംഘർഷാവസ്ഥ കൂടുതൽ വഷളാക്കി. വീഡിയോ വൈറലായതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. ഗർഭിണികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന ആവശ്യമാണെന്ന് ഇത്തരക്കാരെ എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്ന് ചിലർ ചോദിക്കുന്നുണ്ട്. വൈറലായ വീഡിയോ രണ്ടരലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഗർഭിണികൾക്ക് കൂടുതൽ പരിഗണ നൽകണമെന്നും ഇത്തരം രീതികൾക്കെതിരെ നടപടി ശക്തമാക്കണമെന്നും സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയരുന്നുണ്ട്.
'ഇത് വളരെ നാണക്കേട് ഉണ്ടാക്കുന്നതാണ്. ഏത് സാഹചര്യത്തിലായാലും സീറ്റിന് വേണ്ടി ഗർഭിണിയായ സ്ത്രീയോട് ഇത്തരത്തിൽ പെരുമാറുന്നത് ന്യായീകരിക്കാൻ കഴിയില്ല. മറ്റുള്ളവരോട് ദയയും മനുഷ്യത്വവും ആദരവും കാണിക്കാൻ കഴിയണം. ഇത്തരം സംഭവങ്ങളിൽ കർശനമായ നടപടി സ്വീകരിക്കണം. എന്നാൽ മാത്രമേ മനുഷ്യത്വവും ഉത്തരവാദിത്തവും എന്താണെന്ന് പലരും മനസിലാക്കുകയുള്ളു.' എന്നാണ് സംഭവത്തിൽ വേറൊരാള്‍ പ്രതികരിച്ചത്.
Content Highlight: Man kicked Pregnant lady on Train at Delhi