റിയ ജൂൺ എട്ടിന് പോയി,12 വരെ സുശാന്തിനൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്നത് സഹോദരി;വീണ്ടും ചർച്ചയായി സിബിഐ റിപ്പോർട്ട്

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ കുടുംബം വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുമ്പോൾ ചർച്ചയാകുന്നത് സിബിഐയുടെ അന്തിമ റിപ്പോർട്ടിലെ സുപ്രധാന കണ്ടെത്തലുകൾ

റിയ ജൂൺ എട്ടിന് പോയി,12 വരെ സുശാന്തിനൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്നത് സഹോദരി;വീണ്ടും ചർച്ചയായി സിബിഐ റിപ്പോർട്ട്
dot image

സമീപകാലത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച മരണമായിരുന്നു നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റേത്. 2020 ജൂൺ 14ന് ബാന്ദ്രയിലെ സ്വന്തം ഫ്‌ളാറ്റിൽ വെച്ചായിരുന്നു സുശാന്ത് സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടന്റേത് ആത്മഹത്യയാണെന്ന് മെഡിക്കൽ പരിശോധനയിലൂടെ വ്യക്തമായെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പല തരം ആരോപണങ്ങളുയർന്നു.

സുശാന്തിന്റെ കാമുകിയും നടിയുമായി റിയ ചക്രബർത്തിക്കെതിരെ നടന്റെ കുടുംബം പല സംശയങ്ങളും ഉയർത്തി. കൊലപാതകമാണെന്ന് വരെ കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ചിരുന്നു. പിന്നീട് പൊലീസ് അന്വേഷണങ്ങൾക്കൊപ്പം റിയക്കെതിരെ വ്യാപകമായ സോഷ്യൽ മീഡിയ ആക്രമണവും നടന്നു. എന്നാൽ പിന്നീട് ഏറെ നാൾ നീണ്ട അന്വേഷണത്തിനൊടുവിൽ റിയക്ക് സിബിഐ ക്ലീൻചിറ്റ് നൽകുകയായിരുന്നു. സാമ്പത്തികമായി ചതിച്ചു, ലാപ്‌ടോപ്പും മറ്റ് ഉപകരണങ്ങളും കവർന്നെടുത്തു, അപകടകരമായ മരുന്നുകൾ നൽകി, ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങളൊന്നും തന്നെ നിലനിൽക്കുന്നതല്ലെന്നായിരുന്നു 2025 മാർച്ചിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ അറിയിച്ചത്.

Sushant Singh Rajput

റിയ ചക്രവർത്തിക്കും കുടുംബത്തിനുമെതിരെ സുശാന്ത് സിംഗിന്റെ കുടുംബം നൽകിയ കേസിലും, തിരിച്ച് സുശാന്തിന്റെ കുടുംബം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാണിച്ച് റിയയുടെ കുടുംബം നൽകിയ മറ്റൊരു കേസിലുമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്. രണ്ട് അന്വേഷണങ്ങളും അവസാനിപ്പിച്ചുകൊണ്ട് സിബിഐ സമർപ്പിച്ച റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് സുശാന്തിന്റെ കുടുംബം ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. റിയക്കെതിരെയുള്ള ആരോപണങ്ങൾ ഇവർ ആവർത്തിക്കുന്നുമുണ്ട്.

ഈ പശ്ചാത്തലത്തിൽ സിബിഐയുടെ അന്തിമ റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.

2020 ജൂൺ എട്ടിന് തന്നെ റിയ ചക്രവർത്തി സുശാന്തിന്റെ ഫ്‌ളാറ്റിൽ നിന്നും പോയിരുന്നു എന്നതാണ് ഇതിലെ ഒരു പ്രധാന കണ്ടെത്തൽ. റിയയും സഹോദരൻ ഷോയിക്കും ഒരുമിച്ചാണ് ഫ്‌ളാറ്റിൽ നിന്നും പോയത്. പിന്നീട് സുശാന്ത് മരിച്ച ജൂൺ 14 വരെയുള്ള ദിവസങ്ങളിലൊന്നും ഇവർ ഇവിടേക്ക് തിരിച്ചുവരികയോ താമസിക്കുകയോ ചെയ്തിട്ടില്ല. ഈ ഏഴ് ദിവസങ്ങൾക്കിടയിൽ, ജൂൺ 10ന് ഷോയിക്കുമായി വാട്‌സ്ആപ്പിൽ ഒരിക്കൽ സംസാരിച്ചതല്ലാതെ റിയയോടോ മറ്റ് കുടുംബാംഗങ്ങളോടോ സുശാന്ത് സംസാരിച്ചിട്ടുമില്ല. സുശാന്തിന്റെ കുടുംബം ആരോപണം ഉന്നയിച്ച മറ്റൊരാളായ നടന്റെ മാനേജർ ശ്രുതി മോദിയും ഫ്‌ളാറ്റിലേക്ക് ഈ ദിവസങ്ങളിൽ വന്നിട്ടില്ല. ഇവർ കാൽ ഒടിഞ്ഞ് ഇരിക്കുയായിരുന്നു. സുശാന്തിന്റെ സഹോദരി മീധു സിംഗ് ജൂൺ എട്ട് മുതൽ 12 വരെ നടനൊപ്പം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്ന മറ്റൊരു കാര്യം.

Sushant Singh Rajput and Rhea Chakaraborty

റിയ സുശാന്തിന്റെ ഫ്‌ളാറ്റിൽ നിന്നും ലാപ്‌ടോപ്പം വാച്ചും മോഷ്ടിച്ചു എന്നായിരുന്നു മറ്റൊരു ആരോപണം. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് സിബിഐ കണ്ടെത്തി. ആപ്പിൾ ലാപ്‌ടോപ്പം വാച്ചും സുശാന്ത് റിയക്ക് നേരത്തെ സമ്മാനമായി നൽകിയതായിരുന്നു. റിയ ഉപയോഗിച്ചുകൊണ്ടിരുന്ന ഇവയാണ് ജൂൺ എട്ടിന് ഫ്‌ളാറ്റിൽ നിന്നും പോകുമ്പോൾ ഇവർ ഒപ്പം കൊണ്ടുപോയത്. സുശാന്തിന്റെ അറിവോ സമ്മതമോ കൂടാതെ ആരും ഒന്നും എടുത്തിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

റിയ സുശാന്തിനെ സാമ്പത്തികമായി വഞ്ചിച്ചു എന്നായിരുന്ന കുടുംബത്തിന്റെ ആരോപണം. എന്നാൽ സുശാന്തിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്തിരുന്നത് നടന്റെ ചാർട്ടഡ് അക്കൗണ്ടന്റും വക്കീലുമാണെന്ന് സിബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. 2019 ഏപ്രിൽ മുതൽ റിയയും സുശാന്തും ലിവ് ഇൻ റിലേഷനിലായിരുന്നു. റിയ തന്റെ കുടുംബത്തിന്റെ ഭാഗമാണ് എന്നാണ് സുശാന്ത് സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. 2019 ഒക്ടോബറിൽ റിയക്കൊപ്പം യൂറോപ്പ് ട്രിപ്പ് പോയതും സുശാന്തിന്റെ നിർദേശ പ്രകാരമായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. ഈ യാത്ര റിയ സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തതിന്റെ തെളിവാണെന്നായിരുന്നു നടന്റെ കുടുംബത്തിന്റെ വാദം.

Sushant Singh Rajput and Rhea Chakaraborty

റിയയോ ആരോപണവിധേയരായ മറ്റുള്ളവരെ സുശാന്തിനെ ഭീഷണിപ്പെടുത്തിയതായി കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പറയുന്നത് പോലെ അനുസരിച്ചില്ലെങ്കിൽ റിയ തന്റെ രോഗത്തെയും ചികിത്സാവിവരങ്ങളെയും കുറിച്ച് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി സുശാന്ത് തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു കുടുംബത്തിന്റെ വാദം. എന്നാൽ ഇതിനെ സാധൂകരിക്കുന്ന യാതൊരുവിധ തെളിവുകളും കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോർട്ടിലുള്ളത്.

സുശാന്ത് സിംഗ് രജ്പുതിനെ ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായ വിധത്തിൽ ആരോപണവിധേയരായ ആരുടെയും ഭാഗത്ത് നിന്ന് ഭീഷണിയോ പ്രേരണയോ മറ്റെന്തെങ്കിലും പ്രവർത്തിയോ ഉണ്ടായിട്ടില്ല എന്നാണ് സിബിഐ റിപ്പോർട്ടിന്റെ രത്‌നചുരുക്കം. സുശാന്തിന്റെ കുടുംബം കേസുമായി മുന്നോട്ടുപോയാലും പുതിയ നടപടികളുണ്ടാകാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

Content Highlights: Major points about Rhea Chakraborty in Sushant Singh's death case CBI report

dot image
To advertise here,contact us
dot image