
പാസ്പോർട്ടില്ലാതെ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കാൻ ആർക്കെങ്കിലും സാധിക്കുമോ. ഇല്ല എന്നാകും നിങ്ങളുടെ മനസിൽ വരുന്ന ഉത്തരം. എന്നാൽ പാസ്‌പോർട്ടില്ലാതെ ലോകത്ത് എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ കഴിയുന്ന ചിലരുണ്ട്, കൃത്യമായി പറഞ്ഞാല്‍ മൂന്നേ മൂന്ന് പേർ.
അത് ഡൊണാൾഡ് ട്രംപോ നരേന്ദ്ര മോദിയോ വ്‌ളാഡിമിർ പുടിനോ ഷി ജിൻപിംഗോ ഒന്നുമല്ല, കുറച്ച് രാജാകുടുംബാംഗങ്ങളാണ്. ബ്രിട്ടണിലെ രാജാവ് ചാൾസ് മൂന്നാമൻ, ജപ്പാനിലെ രാജാവ് നറുഹിതോ, റാണി മസാകോ എന്നിവരാണ് ഈ മൂന്ന് പേർ.
ഇംഗ്ലണ്ടിലും ജപ്പാനിലും ജനാധിപത്യ സർക്കാരുകൾ ഉണ്ടെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തിൽ ഈ രാജാകുടുംബങ്ങൾക്ക് ആലങ്കാരികമായ പദവിയുണ്ട്. ബ്രിട്ടണിൽ പാസ്പോർട്ടുകൾ രാജാവ്/രാജ്ഞിയുടെ പേരിലാണ് അനുവദിക്കുന്നത്. 'His Majesty's Passport' എന്നാണ് പാസ്‌പോർട്ടുകളെ പറയുന്നത് പോലും. അതുകൊണ്ട് രാജാവിന് പ്രത്യേകമായി പാസ്‌പോർട്ടിന്റെ ആവശ്യമില്ലെന്നതാണ് ബ്രിട്ടണിലെ നിയമവും കീഴ്‌വഴക്കവും.
ജപ്പാനിലും സമാനമായ രീതിയിലാണ് ചട്ടങ്ങൾ. ജപ്പാനീസ് ഭരണഘടനയുടെ ആലങ്കാരിക പരമാധികാരം നിക്ഷിപ്തമായിരിക്കുന്നത് രാജാവിലും റാണിയിലുമാണ്. അതുകൊണ്ട് തന്നെ ഈ പദവികളിലിരിക്കുന്നവർക്ക് സർക്കാർ പാസ്‌പോർട്ട് ഇറക്കുന്നില്ല. അവർ നയതന്ത്ര പ്രോട്ടോക്കോളുകൾ പ്രകാരമാണ് യാത്ര ചെയ്യുന്നത്.
ബ്രിട്ടണിലെയും ജപ്പാനിലെയും രാജപദവികളിലുള്ളവർക്ക് 190 രാജ്യങ്ങളിലേക്ക് പാസ്പോർട്ട് ആവശ്യമില്ല. ഈ എല്ലാ രാജ്യങ്ങളുമായി ബ്രിട്ടണും ജപ്പാനും ഏതെങ്കിലും തരത്തിലുള്ള ഉഭയകക്ഷി ബന്ധമുണ്ട്. മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവിടുത്തെ സർക്കാർ സംവിധാനങ്ങൾ നേരിട്ടെത്തിയാണ് ഇവരെ സ്വാഗതം ചെയ്യാറുള്ളത്. ഒരു തരത്തിലുള്ള രേഖകളും രാജാവിനും റാണിക്കും ആവശ്യമായി വരാറില്ല.
യാത്രകൾക്ക് പാസ്‌പോർട്ട് ആവശ്യമില്ല എന്ന് പറയുമ്പോൾ ഇവരുടെ യാത്രയുടെ സ്വഭാവം കൂടി ഓർക്കേണ്ടതാണ്. തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ച് നടത്തുന്ന ഔദ്യോഗിക സന്ദർശനങ്ങളാണ് ഇവർ മറ്റു രാജ്യങ്ങളിലേക്ക് നടത്തുന്നത്.
Content Highlights: 3 people in whole world who does not need passport to travel around