ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിലുണ്ടായത് ആസൂത്രിത ആക്രമണമെന്ന് ഡിഐജി; താമരശ്ശേരിയിൽ നാളെ ജനകീയ ഹർത്താൽ

സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. പിന്നിൽ ചില തൽപരകക്ഷികളാണെന്ന് ഡിഐജി

ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിലുണ്ടായത് ആസൂത്രിത ആക്രമണമെന്ന് ഡിഐജി; താമരശ്ശേരിയിൽ നാളെ ജനകീയ ഹർത്താൽ
dot image

കോഴിക്കോട് : താമരശ്ശേരി കട്ടിപ്പാറയിൽ ഫ്രഷ് കട്ടിന്‍റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ മുതൽ വൈകിട്ടുവരെ സമാധാനപരമായിരുന്നു കാര്യങ്ങൾ. വൈകിട്ടാണ് ആസൂത്രിത ആക്രമണമുണ്ടായത്. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാൻ പോയ ഫയർഫോഴ്‌സ് എൻജിനുകൾപോലും തടഞ്ഞുവെച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ചിലരിൽനിന്നുണ്ടായത്. കർശന നടപടി പൊലീസ് സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. റൂറൽ എസ് പി, താമരശേരി എസ് എച്ച് ഒ എന്നിവരുൾപ്പടെ 16ഓളം പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റുവെന്നും ഡിഐജി പറഞ്ഞു.

അതേസമയം ഫ്രഷ് കട്ടിൽനിന്ന് ഒഴുക്കിവിടുന്ന ഇരുതുള്ളി പുഴയോരത്ത് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. ഇരുതുള്ളി പുഴ കടന്നുപോകുന്ന വാർഡുകളിലും വിവിധ പഞ്ചായത്തുകളിലുമാണ് ഹർത്താൽ. ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കടവ് എന്നിവിടങ്ങളിലും താമരശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ.

ഇന്ന് വൈകിട്ടാണ് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘർഷത്തിലെത്തുന്നത്. പ്ലാന്‍റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കി.

വൈകിട്ട് വരെ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും പൊലീസ് ഗ്രനേഡും കല്ലുകളും ജനങ്ങൾക്ക് നേരെ എറിഞ്ഞുവെന്നും താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ പറഞ്ഞു. കല്ലേറ് കൊണ്ടപ്പോൾ ജനങ്ങൾ തിരിച്ചെറിഞ്ഞുകാണും. വർഷങ്ങളായി ശാന്തമായി സമരം ചെയ്തിരുന്നവരാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ട ഉദ്യോഗസ്ഥർ കരുതിക്കൂട്ടി താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും എ അരവിന്ദൻ പറഞ്ഞു.

വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. സമാധാനപരമായാണ് സമരം നടന്നത്. എന്നാൽ ജനകീയ സമരത്തെ ചോരയിൽ മുക്കുന്ന തരത്തിലാണ് പൊലീസ് അതിനെ കൊണ്ടുപോയത്. ആവശ്യമില്ലാത്ത ഷോ പൊലീസ് കാണിച്ചുവെന്നാണ് ജനവികാരം. കൊലപ്പുള്ളിയെ തിരയുന്ന രീതിയിൽ വീടുകയറി പൊലീസ് തിരച്ചിൽ നടത്തുന്നു. നിരപരാധികളെ പോലും അറസ്റ്റ് ചെയ്യുന്നു. പൊലീസ് കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കുകയാണ്. പൊലീസ് ശാന്തമായി നിന്നാൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.

Content Highlights: DIG Yathish Chandra says the attack of the waste treatment plant at thamarassery was a planned attack

dot image
To advertise here,contact us
dot image