
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് ആളുകളെയാണ് ഓരോ വർഷവും മറവിരോഗം ബാധിക്കുന്നത്. കണക്കുകൾ പ്രകാരം 57 മില്യൺ ആളുകളാണ് 2021ൽ ഡിമൻഷ്യയോട് പൊരുതി ജീവിച്ചിരുന്നത്. പിന്നീടുള്ള ഓരോ വർഷവും 10 മില്യൺ പുതിയ രോഗികളും ഉണ്ടാകുന്നുണ്ട്.
വസ്‌കുലാർ ഡിമൻഷ്യ, അൽഷിമേഴ്‌സ് പല തരത്തിലുള്ള മറവി രോഗങ്ങൾ (ഡിമൻഷ്യ) ഉണ്ട്. അടുത്തിടെ ബെംഗളൂരുവിലെ പ്രശസ്തനായ ഒരു ന്യൂറോ സർജൻ ഡിമൻഷ്യയുടെ തുടക്കം കാലിൽ നിന്നാകാം എന്ന് പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അത് ആ ഡോക്ടർ വെറുതെ പറഞ്ഞതല്ല, കാലിലെ പേശികളും തലച്ചോറും തമ്മിൽ അത്രയും വലിയ ബന്ധമാണ് ഉള്ളത്. ബെംഗളൂരുവിലെ സാഗർ ആശുപത്രിയിലെ ചീഫ് ന്യൂറോ സർജനായ ഡോ. അരുൺ എൽ നായിക്കാണ് കാലുകളും ഡിമൻഷ്യയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമായി സംസാരിച്ചത്.
ശരീരം വേണ്ടത്ര ചലിക്കാതെ ഇരുന്നാൽ അത് കാലുകളിലെ പേശികളെ ബാധിക്കും. പ്രായം കൂടുന്നതിന് അനുസരിച്ച് മസിൽ മാസ് നഷ്ടപ്പെടുന്ന സാർകോപീനിയ എന്ന കണ്ടീഷനിലേക്ക് ഇത് ശരീരത്തെ നയിക്കും. ഈ കണ്ടീഷൻ ഓർമശക്തി, ചിന്താശേഷി തുടങ്ങിയ കോഗിനിറ്റീവ് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ഡോ. അരുൺ പറയുന്നു.
'മസിൽസ് ആക്ടീവായിരിക്കുമ്പോൾ റിലീസ് ചെയ്യുന്ന കെമിക്കൽസ് തലച്ചോറിന്റെ ആരോഗ്യത്തിന് നിർണായകമാണ്. ബിഡിഎൻഎഫ് (ബ്രെയ്ൻ-ഡിറൈവ്ഡ് ന്യൂറോത്രോഫിക് ഫാക്ടേഴ്‌സ്) ആണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. തലച്ചോറിൽ ഓർമയുമായി ബന്ധപ്പെട്ട ഹിപ്പോകാംപസ് എന്ന ഭാഗത്തെ ന്യൂറോൺസിന്റെ നിലനിൽപ്പിന് ബിഡിഎൻഎഫ് ആവശ്യമാണ്. അതുകൊണ്ട് നന്നായി നടക്കുക, കാലുകളുടെ ശക്തി സൂക്ഷിക്കുക. തലച്ചോറ് നിങ്ങളോട് നന്ദി പറയും,' ഡോ. അരുൺ എൽ നായിക് പറയുന്നു.
മറവിരോഗം ബാധിക്കുന്നവരുടെ അവസ്ഥ കൂടുതൽ മോശമാകാതിരിക്കാൻ ബ്രെയിൻ സ്റ്റിമുലേറ്റിങ് ആക്ടീവിറ്റികളായിരുന്നു നേരത്തെ മെഡിക്കൽ രംഗത്ത് പരീക്ഷിച്ചിരുന്നത്. വായന, പദപ്രശ്‌നം പൂരിപ്പിക്കുക, സോഷ്യൽ എൻഗേജ്‌മെന്റ് തുടങ്ങിയവ. എന്നാൽ അടുത്തിടെ നടത്തിയ ഗവേഷണങ്ങളിൽ ഫിസിക്കൽ ആക്ടിവിറ്റികളാണ് തലച്ചോറിന്റെ പ്രവർത്തനത്തെ കൂടുതൽ സ്വാധീനിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നടക്കുക എന്നത് വളരെ സാധാരണമായ ഒരു കാര്യമായി തോന്നാമെങ്കിലും ശരീരത്തെ സംബന്ധിച്ചിടത്തോളം ഇത് ഏറെ സങ്കീർണമായ പ്രക്രിയയാണ്. തലച്ചോറിലെയും നാഡീഘടനയിലെയും ഏകദേശം മുഴുവൻ ഭാഗങ്ങളും ചേർന്നാണ് നമ്മൾ ഓരോ ചുവടും വെക്കുന്നത്. ജേണൽ ഓഫ് ഏജിംഗ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വാർധക്യത്തിൽ വ്യായാമോ മറ്റ് ഫിസിക്കൽ ആക്ടിവിറ്റുകളോ ചെയ്യുന്നവരിൽ ഡിമൻഷ്യയുടെ സാധ്യത കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 1.6 ലക്ഷം പേരെ ഈ ഗവേഷണത്തിൽ പഠനവിധേയമാക്കിയിരുന്നു. കൃത്യമായി വ്യായാമം ചെയ്യുന്നവരിൽ ഡിമൻഷ്യ സാധ്യത 28 ശതമാനവും അൽഷിമേഴ്‌സിനുള്ള സാധ്യത 45 ശതമാനവും കുറയുന്നു എന്നാണ് കണ്ടെത്തിയത്.
നമ്മൾ ഓരോ ചുവട് വെക്കുമ്പോഴും ബിഡിഎൻഎഫ്, ഐജിഎഫ്-1, വിഇജിഎഫ് തുടങ്ങിയവ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇവ ന്യൂറോൺസിന്റെ വളർച്ചയെയും അവയുടെ പ്രതിരോധശേഷിയെയും വർധിപ്പിക്കും. ശരീരം വേണ്ടത്ര ചലിക്കാതെ ഇരുന്നാൽ മസിലുകൾ ഈ പ്രോട്ടീനുകൾ ഉൽപാദിക്കാതെ ആവും. ഇത് തലച്ചോറിലെ കോശങ്ങളുടെ വളർച്ച കുറയ്ക്കുകയും അവയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
അതുകൊണ്ട് മടിപിടിച്ചിരിക്കാതെ ആവശ്യത്തിന് വ്യായാമം ചെയ്യൂ എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആവശ്യത്തിന് നടക്കാതെ എപ്പോഴും ചടഞ്ഞിരുന്നാൽ പൊണ്ണത്തടിയോ കുടവയറോ മാത്രമല്ല മറവിരോഗവും വരുമെന്ന് സാരം.
Content Highlights: Dementia can start from your leg, surgeon's statement goes viral