
നിങ്ങള്‍ ചാര്‍ളി സിനിമ കണ്ടിട്ടില്ലേ…അതില്‍ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രം താന്‍ മരിച്ചാല്‍ ആരൊക്കെ വരുമെന്ന് അറിയാന്‍ മരിച്ചെന്ന വാര്‍ത്ത പത്രത്തില്‍ നല്‍കുന്ന ഒരു ഭാഗമുണ്ട്. അതിന് സമാനമായി ബിഹാറില്‍ ഒരു വയോധികന്‍ വ്യാജ ശവസംസ്‌കാരം നടത്തി ഗ്രാമവാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്.
ബിഹാറിലെ ഗയ ജില്ലയിലെ കൊഞ്ചി ഗ്രാമത്തിലാണ് സംഭവം. മോഹന്‍ലാല്‍ എന്ന് മുന്‍ വ്യോമസേനാ സൈനികനായ 74 കാരനാണ് ഈ വിചിത്ര സംഭവത്തിന് പിന്നില്‍. ഗ്രാമത്തിന് വേണ്ടി ധാരാളം നല്ല പ്രവൃത്തികള്‍ ചെയ്തയാളാണ് മോഹന്‍ലാല്‍. ഈ അടുത്താണ് മഴക്കാലത്ത് ശവസംസ്‌കാരം നടത്താന്‍ പറ്റിയ ഒരിടമില്ലാത്തത് കണക്കിലെടുത്ത് മോഹന്‍ലാല്‍ ഒരു ശ്മശാനം ഗ്രാമവാസികള്‍ക്ക് പണിത് നല്‍കിയത്.14 വര്‍ഷം മുന്‍പ് മോഹന്‍ലാലിന്റെ ഭാര്യ മരിച്ചു. മൂന്ന് മക്കളാണ് മോഹന്‍ലാലിനുള്ളത്. എന്നാല്‍ താന്‍ മരിച്ചാല്‍ ഗ്രാമവാസികളും കുടുംബവും ഉള്‍പ്പടെ ആരൊക്ക തന്നെ കാണാന്‍ വരുമെന്നും ആരുടെയൊക്കെ സ്‌നേഹം കിട്ടുമെന്നും ജീവിച്ചിരിക്കുമ്പോള്‍ തന്നെ അറിയാന്‍ മോഹന്‍ലാലിന് ഒരു മോഹം. ഈ മോഹത്തിന് പിന്നാലെയാണ് മോഹന്‍ലാല്‍ തന്റെ വ്യാജ ശവസംസ്‌കാരം നടത്താന്‍ പദ്ധതിയിടുന്നത്.
ഇതിനായി ശവപ്പെട്ടിയില്‍ മൃതദേഹത്തെ പോലെ ഒരുങ്ങി കുറച്ച് ആളുകളോട് തന്നെ ശ്മശാനത്തില്‍ കൊണ്ട് വെക്കാന്‍ പറഞ്ഞു. പിന്നാലെ മോഹന്‍ലാല്‍ മരിച്ചെന്ന വാര്‍ത്ത ഗ്രാമത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. നൂറ് കണക്കിന് പേരാണ് ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ദുഃഖത്തോടെ നിന്ന നാട്ടുകാര്‍ക്ക് മുന്നില്‍ ട്വിസ്റ്റുമായി മോഹന്‍ലാല്‍ ശവമഞ്ചത്തില്‍ നിന്ന് ചാടി എണീറ്റു. ഇത് കണ്ട് ഞെട്ടിനിന്ന ഗ്രാമവാസികളോട് മോഹന്‍ലാല്‍ സംഭവം വിവരിച്ചു.
'മരണശേഷം ആളുകള്‍ ശവമഞ്ചം ചുമക്കും, പക്ഷേ അത് നേരിട്ട് കാണാനും ആളുകള്‍ എനിക്ക് എത്രമാത്രം ബഹുമാനവും വാത്സല്യവും നല്‍കുന്നുവെന്ന് അറിയാനും ഞാന്‍ ആഗ്രഹിച്ചു' അദ്ദേഹം പറഞ്ഞു. പിന്നാലെ പ്രതീകാത്മകമായി കോലം കത്തിക്കുകയും ചെയ്തു. എത്തിചേര്‍ന്ന ഗ്രാമവാസികള്‍ക്ക് വിരുന്നും നല്‍കി. ഈ വ്യാജ ശവസംസ്‌കാരം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
Content Highlights- Elderly man holds fakefuneral, finally gets a twist at the crematorium