
ഗാസ സമാധാന ഉച്ചകോടിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള നിരവധി ലോകനേതാക്കള്‍ ഈജിപ്തില്‍ എത്തിയിരുന്നു. വേദിയില്‍ വച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിനെ പ്രശംസിച്ചിരുന്നു. ട്രംപ് നൊബേലിന് അര്‍ഹനാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഷെഹ്ബാസ് ഷെരീഫിന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ മുഖത്ത് വിടരുന്ന ഭാവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഉച്ചകോടിയെ അഭിസംബോധന ചെയ്ത ട്രംപ് ഷെരീഫിനെ സംസാരിക്കാന്‍ ക്ഷണിക്കുകയായിരുന്നു.' കഴിഞ്ഞ ദിവസം നിങ്ങള്‍ എന്നോട് പറഞ്ഞത് ഈ വേദിയില്‍ പറയൂ' എന്ന് ഷെരീഫിനോട് ട്രംപ് പറയുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. വേദിയിലേക്ക് കയറിയ ഷെരീഫ് 'ട്രംപ് സമാധാനത്തിന്റെ മനുഷ്യന്‍ ആണെന്ന്' പറഞ്ഞാണ് പ്രസംഗം ആരംഭിക്കുന്നത്. 'സമകാലിക ചരിത്രത്തിലെ ഏറ്റവും മഹത്തായ ദിവസങ്ങളിലൊന്നാണിത്, കാരണം പ്രസിഡന്റ് ട്രംപിന്റെ അക്ഷീണ പരിശ്രമത്തിലൂടെയാണ് സമാധാനം കൈവരിക്കാന്‍ കഴിഞ്ഞത്' എന്നായിരുന്നു ഷെരീഫിന്റെ വാക്കുകള്‍.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ഗാസയില്‍ വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിലും ട്രംപിന്റെ ഇടപെടല്‍ പരിഗണിച്ച് പാകിസ്ഥാന്‍ അദ്ദേഹത്തെ സമാധാന നൊബേല്‍ സമ്മാനത്തിന് ഇനിയും നാമനിര്‍ദ്ദേശം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപ് ഒരുപാടുപേരുടെ ജീവന്‍ രക്ഷിച്ചുവെന്നും ഷെരീഫ് പറഞ്ഞു. ഷെരീഫിന്റെ പ്രസംഗത്തിനു ശേഷം ' ഈ വാക്കുകള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല, നിങ്ങള്‍ നന്നായി അവതരിപ്പിച്ചു' എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഷെഹ്ബാസ് സംസാരിക്കുന്നത് കേട്ട് ജോര്‍ജിയ മെലോണിയവായ് പൊത്തിപിടിച്ചു ആശ്ചര്യത്തോടെ നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഒട്ടേറെ ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.' എന്താണ് ഞാനീ കാണുന്നത്, എന്നെ എങ്ങിനെയെങ്കിലും പുറത്തുപോകാന്‍ അനുവദിക്കൂ' എന്നായിരിക്കാം മെലോണിയ മനസില്‍ പറഞ്ഞത് എന്നായിരുന്നു ഒരാളുടെ കമന്‍റ്. മെലോണിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ചിരിക്കാതിരിക്കാന്‍ ശ്രമിക്കുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Content Highlights: Meloni’s reaction as Pakistan’s Shehbaz Sharif appreciate trump