മദ്യപാനം നിര്‍ത്തിയാല്‍ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത്; അറിയാം

മദ്യപാനം നിര്‍ത്തിയാലോ എന്ന ആലോചനയുണ്ടോ, എന്നാല്‍ തീര്‍ച്ചയായും ഇക്കാര്യം അറിഞ്ഞിരിക്കണം

മദ്യപാനം നിര്‍ത്തിയാല്‍ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത്; അറിയാം
dot image

കല്യാണരാമന്‍ സിനിമയിലെ ഇന്നസെന്റ് പറയുന്നതുപോലെ ' വേസ്റ്റ് ഗ്ലാസാ..വേസ്റ്റ് വരുന്ന മദ്യം ഒഴിക്കാന്‍' . മിക്ക മദ്യപാനികളും ഇതുപോലൊരു വേസ്റ്റ് ഗ്ലാസും കൊണ്ട് നടക്കുന്നതുപോലെയാണ്. കുടിച്ചു കുടിച്ച് കരള് വാടും എന്ന അവസ്ഥയിലെത്തും ഒരു ഘട്ടം കഴിയുമ്പോള്‍. മദ്യത്തിന്റെ ഉപയോഗം കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകും. അസുഖം വരുന്നതിന് മുന്‍പ് മദ്യപാനം നിര്‍ത്തണം എന്ന ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം. മദ്യപാനം നിര്‍ത്തിയാല്‍ ശരീരത്തിന് എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കും എന്നറിഞ്ഞിരുന്നോളൂ. മദ്യപാനം നിര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലോ മാസങ്ങള്‍ക്കുളളിലോ ശരീരത്തില്‍ പോസിറ്റീവായ ധാരാളം മാറ്റങ്ങള്‍ ഉണ്ടാവും. അത് എന്തൊക്കെയാണെന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം കുറയും ഹൃദയാരോഗ്യം മെച്ചപ്പെടും

മദ്യം കഴിക്കുമ്പോള്‍ ഹൃദയിടിപ്പ് വര്‍ധിക്കുന്നു എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. അല്‍പ്പം മദ്യം അകത്തുചെന്നാല്‍ പോലും അത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും പക്ഷാഘാതവും ഹൃദയാഘാതവുംവരെ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ മദ്യപാനം കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ രക്തസമ്മര്‍ദ്ദത്തില്‍ പ്രകടമായ കുറവുണ്ടാകുന്നു.

നല്ല ഉറക്കം ലഭിക്കുന്നു

മദ്യപാനം ഉറക്കത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മദ്യപാനം നിര്‍ത്തി രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് നല്ല രീതിയില്‍ ഉറക്കം ലഭിക്കും. നന്നായി ഉറങ്ങുന്നത് മാനസികാവസ്ഥ മെച്ചപ്പെടാനും ശാരീരിക ആരോഗ്യം നന്നാവാനും ക്ഷീണം കുറയാനുമൊക്കെ സഹായകമാകും.

കരളിന്റെ ആരോഗ്യം മെച്ചപ്പെടുന്നു

കരളിന് പുനരുജ്ജീവന ശേഷിയുണ്ടെന്ന് നാം കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മദ്യം നിര്‍ത്തി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കരളിലെ കൊഴുപ്പിന്റെ അളവും നീര്‍വീക്കവും കുറയുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഫാറ്റിലിവറും കൊഴുപ്പും കുറയുന്നതുകൊണ്ടുതന്നെ കാലക്രമേണ ഫൈബ്രോസിനും ലിവര്‍ സിറോസിസിനുമുള്ള സാധ്യത കുറയുന്നു.

കാന്‍സര്‍ വരാനുള്ള സാധ്യത കുറയുന്നു

മദ്യപാനവും കാന്‍സറും തമ്മില്‍ വലിയ ബന്ധമുണ്ട്. മദ്യപിക്കുന്നവരില്‍ ശ്വാസനാളം, അന്നനാളം, കരള്‍ എന്നിവിടങ്ങളില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യതയുണ്ട്. മദ്യപാനം ഉപേക്ഷിക്കുന്നത് ഭാവിയില്‍ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും

മദ്യത്തിന്റെ അധിക കാലറിയും വിശപ്പും ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. അമിതമായി മദ്യപിക്കുന്നവര്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചാലും സാധ്യമാകാറില്ല. എന്നാല്‍ മദ്യത്തിന്റെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ മെച്ചപ്പെടുത്തും.

മാനസികാരോഗ്യം മെച്ചപ്പെടുന്നു

മദ്യം മനുഷ്യന്റെ മാനസികാവസ്ഥയെ വഷളാക്കുകയും ഉത്കണ്ഠയും ഡിപ്രഷനും ഒക്കെ ഉണ്ടാക്കാന്‍ കാരണമാകുകയും ചെയ്യും. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നത് മാനസികാവസ്ഥയെ നല്ല രീതിയിലാക്കുകയും സമാധാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

Content Highlights :Know what changes happen to your body when you stop drinking alcohol

dot image
To advertise here,contact us
dot image