
ചണ്ഡീഗഢ് ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ചേരികളില്ലാത്ത ആദ്യ നഗരമെന്ന ബഹുമതിയാണ് ചണ്ഡീഗഢിന് ലഭിച്ചിരിക്കുന്നത്. നഗരത്തിലെ അവസാന ചേരിയായ ഷാഹ്പൂര്‍ കോളനിയും അധികൃതര്‍ ഇടിച്ച് നിരത്തി. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി പ്രാദേശിക ഭരണകൂടം പൊതുസ്ഥലങ്ങള്‍ തിരികെ പിടിക്കാനായി ചേരികള്‍ ഓരോന്നായി ഒഴിപ്പിച്ചുവരികയായിരുന്നു. നിലവില്‍ 520ഏക്കറോളം സ്ഥലമാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരിക്കുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കി, ഇവിടെ താമസിച്ചിരുന്നവരെല്ലാം ഇപ്പോള്‍ എവിടെയാണ്?
ഷാഹ്പൂര്‍ കോളനി കൂടി ഒഴിപ്പിച്ചതോടെ അഞ്ച് ഏക്കര്‍ സ്ഥലം കൂടി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതായി ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്ത് കുമാര്‍ യാദവ് സ്ഥിരീകരിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കൂടുതല്‍ മാറ്റങ്ങള്‍ നഗരത്തിലുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതര്‍. പൊലീസും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് കോളനിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. വലിയ തടസങ്ങളൊന്നുമില്ലാതെയാണ് ചേരി ഒഴിപ്പിച്ചത്. സെപ്തംബര്‍ 29നാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഈ ചേരി കൂടി ഇടിച്ച് നിരത്തിയതോടെ ചണ്ഡീഗഢിലെ ചേരികളുടെ കാര്യത്തില്‍ ഒരു തീരുമാനമായി.
പത്തു - പന്ത്രണ്ട് വര്‍ഷം മുമ്പാണ് ചേരികള്‍ ഒഴിപ്പിക്കാനുള്ള ക്യാമ്പയിന്‍ ആരംഭിച്ചത്. കല്യാണ്‍ കോളനിയാണ് ആദ്യം ഒഴിപ്പിക്കുന്നത്. ഇതോടെ 2014ല്‍ 89 ഏക്കര്‍ അധികൃതര്‍ ഏറ്റെടുത്തു. ഇതേവര്‍ഷം തന്നെ അംബേദ്ക്കര്‍ കോളനിയും ഇടിച്ചുനിരത്തി. പിന്നാലെ 65 ഏക്കര്‍ ഭൂമിയാണ് അധികൃതര്‍ ഏറ്റെടുത്തത്. 2022ല്‍ ചേരി ഒഴിപ്പിച്ചതില്‍ മറ്റൊരു 65 ഏക്കറും തിരിച്ചുപിടിച്ചിരുന്നുവെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാത്രം 2500 കോടിയോളം വിലയുള്ള ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചുപടിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഷാഹ്പൂറിന് പുറമേ ആദര്‍ശ് കോളനി, സെക്ടര്‍ 25 കോളനി, സഞ്ജയ് കോളനി എന്നിവയും അടുത്തടുത്ത വര്‍ഷങ്ങളില്‍ ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുത്തിരുന്നു. ക്യാമ്പയിനിന്റെ ഭാഗമായി എസ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രണ്ട് മാസം മുമ്പ് ചില ഭൂമികള്‍ ഒഴിഞ്ഞിരുന്നു.
അതേ സമയം പുത്തന്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ രണ്ട് തട്ടിലായിരിക്കുകയാണ്. പലരും നഗരത്തിലുണ്ടായിരിക്കുന്നത് വമ്പന്‍ മാറ്റമാണെന്ന് പ്രകീര്‍ത്തിച്ചപ്പോള്‍, ഭൂരിഭാഗവും ആശങ്ക ഉയര്‍ത്തിയത് ഈ ചേരിയില്‍ താമസിച്ചവര്‍ എവിടെയെന്ന് തിരിക്കിക്കൊണ്ടാണ്. ചേരിയില്ലാത്ത നഗരമായതല്ല, ചേരികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തിയെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ ചേരികളില്‍ താമസിച്ചിരുന്നവര്‍ എവിടെയെന്ന് തിരിക്കുന്നുണ്ട്. വികസനത്തില്‍ സന്തോഷം, ചേരിയിലുണ്ടായിരുന്നവര്‍ക്കെല്ലാം ഇപ്പോള്‍ സ്വന്തമായി വീടുകള്‍ ലഭിച്ചുവെന്ന് വിശ്വസിച്ചോട്ടെയെന്നാണ് മറ്റൊരാളുടെ ചോദ്യം.
Content Highlights: Chandigarh announced as India's first Slum free city