
രാവണനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നടിയും അവതാരകയുമായ സിമി ഗരേവാളിന്‍റെ പോസ്റ്റ് വിവാദമായി. രാവണനെ വികൃതിയെന്നും പാര്‍ലമെന്റിലുള്ള പകുതിയോളം ആളുകളേക്കാള്‍ വിദ്യാഭ്യാസം നേടിയിട്ടുള്ളവനെന്നുമായിരുന്നു സിമി എക്‌സില്‍ കുറിച്ചത്. രാവണനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സിമിയുടെ പോസ്റ്റ്.
' പ്രിയപ്പെട്ട രാവണാ..എല്ലാ വര്‍ഷവും ഈ ദിവസം ഞങ്ങള്‍ തിന്മയ്‌ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നു. പക്ഷെ സാങ്കേതികമായി നിങ്ങളുടെ പെരുമാറ്റത്തെ തിന്മയുടെ പ്രതീകമായി മുദ്രകുത്തുന്നതിന് പകരം അല്പം കുസൃതിയുള്ളയാള്‍ എന്ന് മാറ്റേണ്ടിയിരിക്കുന്നു.' എന്നാണ് സിമി പോസ്റ്റില്‍ പറയുന്നത്. സീതയെ തട്ടിക്കൊണ്ടുപോയപ്പോഴും അവരോട് രാവണന്‍ ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നും സിമി പറയുന്നുണ്ട്.
'സീതയ്ക്ക് ഭക്ഷണവും സംരക്ഷണവും നല്‍കി. സഹായത്തിനായി സ്ത്രീ അംഗരക്ഷകരെയാണ് നിയോഗിച്ചത്. വിവാഹം കഴിക്കണമെന്നുള്ള നിങ്ങളുടെ അഭ്യര്‍ഥന വിനയം നിറഞ്ഞതായിരുന്നു. നിരസിച്ചപ്പോള്‍ നിങ്ങള്‍ ആസിഡ് ഒഴിച്ചില്ല. രാമന്‍ നിങ്ങളെ വധിച്ചപ്പോള്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കാനുള്ള വിവേകവും നിങ്ങള്‍ കാണിച്ചു. നമ്മുടെ പാര്‍ലമെന്റിലെ പകുതിയോളം പേരേക്കാളും വിദ്യാഭ്യാസമുള്ളയാളാണ് നിങ്ങളെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.' സിമി കുറിക്കുന്നു. നിങ്ങളെ കത്തിച്ചുകളയാന്‍ മാത്രമുള്ള വികാരങ്ങളൊന്നും തനിക്കില്ലെന്നും സിമി പറയുന്നുണ്ട്.
പോസ്റ്റ് വൈറലായതോടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. രാവണനെ സിമി റൊമാന്റിസൈസ് ചെയ്യുകയാണെന്നും സിമിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെങ്കില്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് കാണാമെന്നും ഒരാള്‍ പ്രതികരിച്ചു. രാവണന്‍ എന്നും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരുന്നുവെന്ന് കുറിച്ചവരും ഒട്ടേറെ.
Content Highlights: Simi Garewal's Controversial Dussehra Post: Ravana Was 'Slightly Naughty', Not Evil