
സിനിമാ അഭിനയത്തിൽ നിന്ന് വർഷങ്ങളായി വിട്ടു നിന്നിട്ടും നടി ദിവ്യ ഉണ്ണിയെ പിടാതെ പിന്തുടരുന്ന വിമർശനമായിരുന്നു നടൻ കലാഭവൻ മണിയുടെ നായികയാവാൻ വിസമ്മതിച്ചു എന്നത്. കല്യാണ സൗഗന്ധികത്തിലെ ഗാനരംഗവും, വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ മണിയുടെ നായികാ വേഷവും ദിവ്യ ഉണ്ണി നിരസിച്ചതിന് പിന്നിലെ കാരണങ്ങൾ എന്തെന്നറിയാൻ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കാറുണ്ട്. ഏതൊരു അഭിമുഖത്തിലും നടി ദിവ്യ ഉണ്ണിയോട് ചോദിക്കുന്ന ഒരു ചോദ്യം ഇതായിരിക്കും. ഇപ്പോഴിതാ ഇത്രയും കാലം നടി നേരിട്ട വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഇരു സിനിമകളുടെയും സംവിധായകൻ വിനയൻ.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞയാള്‍ ദിവ്യ ഉണ്ണി അല്ലെന്ന് സംവിധായകൻ വിനയന്‍ പറഞ്ഞു. കല്യാണ സൗഗന്ധികം എന്ന സിനിമയെക്കുറിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതില്‍ ഒരു ആരാധകന്‍റെ സംശയത്തിലാണ് വിനയന്‍ മറുപടി നല്‍കിയിരിക്കുന്നത്. 'കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്നു ഒരു നടി പറഞ്ഞന്ന് വിനയൻസാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?' എന്നായിരുന്നു ആരാധകന്റെ ചോദ്യം.
'അത് ഈ സിനിമ അല്ല..വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്…
ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്ററന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു.അത് ശരിയുമായിരുന്നു.
ദീലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു.. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു..കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു..
വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടൊണ്ട്.ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം,' വിനയൻ പറഞ്ഞു.
Content Highlights: Vinayan says that actress who said she couldn't be Kalabhavan Mani's heroine is not Divya Unni