
ഇന്ത്യയുടെ സംസ്‌കാരവും പ്രകൃതി ഭംഗിയും ഭക്ഷണവും ആസ്വദിക്കുന്നതിനായി ഒട്ടേറെ വിനോദസഞ്ചാരികളാണ് ഓരോ വര്‍ഷവും ഇന്ത്യയിലെത്തുന്നത്. പലരും ഇന്ത്യ സന്ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ചില വിനോദസഞ്ചാരികള്‍ ഇന്ത്യയുടെ മോശം വശങ്ങള്‍ മാത്രം പുറംലോകത്തെത്തിക്കാനുള്ള വ്യഗ്രത കാണിക്കാറുമുണ്ട്. വൃത്തിയില്ലായ്മ, അന്തരീക്ഷ മലിനീകരണം, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല തുടങ്ങിയ കാര്യങ്ങളായിരിക്കും അവരില്‍ പലരും ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കാറുള്ളതും. ഒരു ഓസ്‌ട്രേലിയന്‍ വ്‌ളോഗറുടെ വീഡിയോയാണ് ഇപ്പോള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധാരാവിയിലാണ് സന്ദര്‍ശനത്തിനായി പീറ്റ് സൊഗൂലസ് താമസിച്ചത്. ഇയാള്‍ ചേരിയിലെ ഇടവഴികളിലൂടെ നടന്നുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സുഹൃത്തായ ആയുഷിയെയും പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട് ചേരിയിലെ ഒരു വീട്ടില്‍ കയറിയ ഇരുവരും വീട്ടുകാരോട് കുശലപ്രശ്‌നങ്ങള്‍ നടത്തുന്നതും കാണാം. വ്‌ളോഗിന്റെ പൂര്‍ണരൂപം ഇയാള്‍ യുട്യൂബിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ കാണികള്‍ക്ക് ചേരിയിലെ ഒരു ദിവസം കാണിച്ചുതരാമെന്ന് അയാള്‍ വാഗ്ദാനം ചെയ്യുന്നു. 'ഇന്ത്യയിലെ ഏറ്റവും മോശമായ ചേരിയില്‍ ഒരു ദിവസം അതിജീവിക്കാന്‍ ശ്രമിച്ചു.' എന്ന കുറിപ്പോടെയാണ് വീഡിയോ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
പീറ്റിന്റെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി ഇന്ത്യക്കാരെത്തി. ഇന്ത്യയുടെ മോശം വശം മാത്രം കാണിച്ചത് ശരിയായില്ലെന്നും അടുത്ത തവണ വരുമ്പോള്‍ ഒരു ആഡംബര ഹോട്ടലില്‍ താമസിക്കണമെന്നും ചിലര്‍ പ്രതികരിച്ചു. ലഡാക്കും താജ്മഹലും പോലെ മനോഹരമായ സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചിലരാകട്ടെ ഇയാളെ പാക്‌സിതാന്‍ ഏജന്റ് എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യ ദരിദ്രമാണെന്ന് സ്ഥാപിക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്നും അവര്‍ വിമര്‍ശിച്ചു. ഏത് രാജ്യത്തിനും രണ്ടുതരം വശങ്ങളുണ്ടാകുമെന്നും അതില്‍ മോശം മാത്രം പ്രൊജക്ട്‌ചെയ്ത് കാണിക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാവില്ലെന്നും ചില ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ വിമര്‍ശിക്കുന്നുണ്ട്.
Content Highlights: Australian Vlogger's Dharavi Stint Sparks Outrage: 'Pakistan's Agent' Comments Fuel Controvers