
ഇസ്രയേലിന്റെ ആക്രമണത്തിൽ ഓരോ ദിവസവും ഗാസയിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെയും വീടില്ലാതാകുന്നവരുടെയും എണ്ണം ചിന്തിക്കാൻ കഴിയുന്നതിലും അധികമാണ്. ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തുവിട്ട കണക്കനുസരിച്ച് കുറഞ്ഞത് 20000 കുട്ടികളെങ്കിലും ഇസ്രയേൽ ആക്രമണം ആരംഭിച്ച ശേഷം ഗാസയിൽ മരിച്ചുവെന്നാണ്. ഒരു വയസിന് താഴെയുള്ള ആയിരത്തിലധികം കുട്ടികൾ മരിച്ചുവെന്നും 40000ത്തിലധികം കുട്ടികൾക്ക് പരിക്കേറ്റുവെന്നും കണക്കുകൾ പറയുന്നു. ഗാസയിലെ കുട്ടികളുടെ അവസ്ഥ ഈ നിലയിൽ അതിദനയീയമാണെന്ന് ലോകം ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഗാസയിലെ കുഞ്ഞുങ്ങൾക്ക് വീട് വെച്ചുനൽകാമോ എന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെ കൗമാരക്കാർ തുടക്കം കുറിച്ച ഒരു ടിക് ടോക് പ്രാങ്ക് വീഡിയോയ്ക്കെതിരെ വ്യാപക വിമർശനം ഉയരുകയാണ്.
വീഡിയോകളിൽ ഇസ്രയേലി കൗമാരക്കാർ, തങ്ങളുടെ മാതാപിതാക്കളെ വിളിക്കുകയും ഗാസയിലെ കുഞ്ഞുങ്ങൾക്ക് വീട് വെച്ചുനൽകാൻ സംഭാവന തരാമോ എന്ന് ചോദിക്കുകയുമാണ്. ഇതിന് വളരെ മോശമായാണ് അവരുടെ മാതാപിതാക്കൾ പ്രതികരിക്കുന്നത്. താൻ ഗാസയിലെ കുട്ടികൾക്കായി ഒരു ഡൊണേഷൻ കമ്പനി ആരംഭിച്ചിരിക്കുകയാണെന്നും സംഭാവന നൽകാമോ എന്നുമാണ് ഒരു പെൺകുട്ടി തന്റെ അച്ഛനോട് ചോദിക്കുന്നത്. അപ്പോൾ അച്ഛൻ അത്ഭുതത്തോടെ ഏത് കുട്ടികൾ എന്ന് ചോദിക്കുന്നുണ്ട്. ഗാസയിലെ കുഞ്ഞുങ്ങൾക്കായി വീട് നിർമിച്ചുനൽകാനാണ് എന്ന് പെൺകുട്ടി പറയുമ്പോൾ ദേഷ്യത്തോടെ ഗാസയിലെ കുഞ്ഞുങ്ങൾക്കോ എന്ന് അച്ഛൻ ചോദിക്കുന്നുണ്ട്.
ഗാസയിലെ കുഞ്ഞുങ്ങൾക്കാണ് വീടുകൾ എന്നും, അനാഥരായ അവർ ഹമാസിന്റെ ആളുകൾ അല്ലല്ലോ എന്നും പെൺകുട്ടി പറയുന്നുണ്ട്. ഇതിനോട് അസഭ്യം പറഞ്ഞുകൊണ്ടാണ് അച്ഛൻ പ്രതികരിക്കുന്നത്.
മറ്റൊരു പെൺകുട്ടി ഒരു ചാരിറ്റി അസോസിയേഷന്റെ ഭാഗം എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് തന്റെ മാതാപിതാക്കളെ വിളിക്കുന്നത്. ഗാസയിലെ കുഞ്ഞുങ്ങൾക്കായി സംഭാവന നൽകാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കുമ്പോൾ ആർക്ക് എന്ന് ആശ്ചര്യത്തോടെയാണ് അപ്പുറത്തുള്ള അച്ഛൻ പ്രതികരിക്കുന്നത്. ഗാസയിലെ കുഞ്ഞുങ്ങൾ ഭക്ഷണവും പാർപ്പിടവും ഇല്ലാതെ ബുദ്ധിമുട്ടുകയാണെന് പെൺകുട്ടി പറയുമ്പോൾ എത്രയും പെട്ടെന്ന് അവരെ സഹായിക്കാൻ പൊയ്‌ക്കോ എന്നും നിങ്ങൾ നിർബന്ധമായും സൈക്കാട്രിസ്റ്റിനെ കാണണം എന്നും പറയുകയാണ് അച്ഛൻ.
പ്രാങ്കിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നിരവധി പേരാണ് ഇസ്രയേലി കൗമാരക്കാരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് രംഗത്തുവന്നത്. വീഡിയോ ആകെ തളർത്തുന്നുവെന്നും ഗാസയിലെ കുഞ്ഞുങ്ങളെ ഇങ്ങനെ അപമാനിക്കരുതെന്നുമാണ് ഭൂരിഭാഗം അഭിപ്രായം. ഇസ്രയേലിനെ ഒറ്റപ്പെടുത്തണം എന്ന വികാരവും മറ്റും കമന്റ് ബോക്സുകളിൽ ശക്തമാണ്. എന്തായാലും പ്രാങ്ക് വീഡിയോ അത്ര നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് കാണാനാകുന്നത്.
Content Highlights: Tik Tok video of israeli kids pranking on gaza children sparks criticism